ജാഗ്വറിന്റെ സ്പെഷ്യല്‍ എഡിഷന്‍ എക്സ്ജെ50 വിപണിയില്‍; വില 1.11 കോടി
Jaguar
ജാഗ്വറിന്റെ സ്പെഷ്യല്‍ എഡിഷന്‍ എക്സ്ജെ50 വിപണിയില്‍; വില 1.11 കോടി
ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 11:11 pm

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വറിന്റെ എക്സ്ജെ ശ്രേണിയില്‍ നിന്ന് ഒരു സ്പെഷ്യല്‍ എഡിഷന്‍ വാഹനം കൂടി വിപണിയില്‍. എക്സ്ജെ50 എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 1.11 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ആഗോള തലത്തില്‍ എക്സ്ജെ ശ്രേണിയിലുള്ള വാഹനം അഞ്ച് പതിറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായാണ് എക്സ്ജെ 50 സ്പെഷ്യല്‍ എഡിഷനെ പുറത്തിറക്കിയിരിക്കുന്നത്. നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെ എത്തുന്ന എക്സ്ജെ50ന്റെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.


റെഗുലര്‍ മോഡലില്‍ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് സ്പെഷ്യല്‍ എഡിഷന്‍ മോഡല്‍ നിരത്തിലെത്തുന്നത്. 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് എക്സ്ജെ50ന് കരുത്ത് പകരുന്നത്. 306 എച്ച്.പി പവറാണ് എക്സ്ജെ50 ഉത്പാദിപ്പിക്കുന്നത്.

പുതിയ ഡിസൈനിലുള്ള ബമ്പറുകളും 19 ഇഞ്ച് അലോയ് വീല്‍, ക്രോം റേഡിയേറ്റര്‍ ഗ്രില്ല്, സൈഡിലും പിന്നിലും നല്‍കിയിട്ടുള്ള സ്പെഷ്യല്‍ എഡിഷന്‍ ബാഡ്ജ് എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമ. ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.


കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുന്ന പുതിയ സീറ്റുകളും സെന്റര്‍ ആംറെസ്റ്റില്‍ നല്‍കിയിട്ടുള്ള എക്സ്ജെ50 ബാഡ്ജ്, ആനോഡൈസ്ഡ് മെറ്റല്‍ ആവരണമുള്ള ഗിയര്‍ പെഡല്‍, ഇലുമിനേറ്റഡ് ട്രെഡ്പ്ലേറ്റ് എന്നിവയാണ് ഇന്റീരിയറില്‍ ഒരുക്കിയിട്ടുള്ളത്.

മെഴ്സിഡസ് എസ്-ക്ലാസ്, ബി.എം.ഡബ്ല്യു-7 സീരിയസ് എന്നിവയാണ് ഈ വാഹനത്തിന്റെ എതിരാളികള്‍.