മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടന്‍, മായിന്‍കുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുന്ന നടന്‍ കൂടെയാണ് ജഗദീഷ്.
പണ്ടുകാലത്തെ സിനിമാ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജഗദീഷ്. ശ്രീനിവാസന്‍, ലോഹിതദാസ് തുടങ്ങിയ എഴുത്തുകാര്‍ ഓരോ സിനിമക്കും സ്‌ക്രിപ്റ്റ് എഴുതുന്നത് പോലെ മറ്റാര്‍ക്കും സാധിക്കില്ലെന്ന് ജഗദീഷ് പറഞ്ഞു. ഒരു സിനിമയില്‍ 97 സീനുണ്ടെങ്കില്‍ 97മത്തെ സീന്‍ ആദ്യദിവസം തന്നെ അയാള്‍ക്ക് എഴുതാന്‍ സാധിക്കുമെന്നും ലോകസിനിമയിലെ അത്ഭുതമാണ് ശ്രീനിവാസനെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ഷൂട്ട് തുടങ്ങിയതിന് ശേഷം സ്‌ക്രിപ്റ്റ് എഴുതിത്തീര്‍ക്കുന്നതാണ് ലോഹിതദാസിന്റെയും രീതിയെന്ന് ജഗദീഷ് പറഞ്ഞു. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്ത് അതിന്റെ ക്ലൈമാക്‌സ് എങ്ങനെയാണെന്ന് സംവിധായകനായ സിബി മലയിലിന് പോലും അറിയില്ലായിരുന്നെന്നും അതിന് മുമ്പുള്ള സീനുകള്‍ ഓര്‍ഡറില്ലാതെയാണ് എഴുതിയതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ആദ്യത്തെ ദിവസം ഏഴാമത്തെ സീനാണ് എടുക്കുന്നതെങ്കില്‍ അടുത്തത് 20ാമത്തെ സീനായിരിക്കുമെന്നും എല്ലാം തമ്മില്‍ അദ്ദേഹം കണക്ട് ചെയ്യുന്ന രീതി വളരെ മനോഹരമാണെന്നും ജഗദീഷ് പറഞ്ഞു. സിനിമയെപ്പറ്റി അത്രമാത്രം അറിവ് ശ്രീനിവാസനും ലോഹിതദാസിനും ഉണ്ടായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. രേഖാചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.
‘ശ്രീനിയും ലോഹിതദാസും ഓരോ സിനിമക്കും സ്‌ക്രിപ്റ്റ് എഴുതുന്നതുപോലെ മറ്റാര്‍ക്കും എഴുതാന്‍ സാധിക്കില്ല. ഒരു സിനിമയില്‍ 97 സീന്‍ ഉണ്ടെങ്കില്‍ 97മത്തെ സീന്‍ ആദ്യത്തെ ദിവസം തന്നെ ശ്രീനി എഴുതും. അത്രക്ക് ബ്രില്യന്റാണ് അയാള്‍. ലോകസിനിമയിലെ തന്നെ അത്ഭുതമാണ് ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത്.
അതുപോലെ തന്നെയാണ് ലോഹിതദാസും. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയുടെ ഷൂട്ട് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഓരോ സീനും ഓര്‍ഡറില്ലാതെയായിരുന്നു ഷൂട്ട് ചെയ്തത്. ഇന്ന് എഴാമത്തെ സീനാണ് എടുക്കുന്നതെങ്കില്‍ അടുത്തത് 20ാമത്തെ സീനായിരിക്കും. ആ സിനിമയുടെ ക്ലൈമാക്‌സ് എന്താണെന്ന് സിബി മലയിലിന് പോലും അറിയില്ലായിരുന്നു. ഓരോ സീനും തമ്മില്‍ ലോഹി കണക്ട് ചെയ്യുന്ന രീതി മനോഹരമാണ്. സിനിമയെപ്പറ്റി അത്രമാത്രം അറിവ് ലോഹിതദാസിനും ശ്രീനിക്കും ഉണ്ട്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish about the script writing process of Sreenivasan and Lohithadas