മമ്മൂട്ടിയും മോഹന്‍ലാലും യഥാര്‍ത്ഥ ജീവിതത്തില്‍ അടിയാണോയെന്നാണ് അവര്‍ക്കറിയേണ്ടത്: ജഗദീഷ്
Entertainment news
മമ്മൂട്ടിയും മോഹന്‍ലാലും യഥാര്‍ത്ഥ ജീവിതത്തില്‍ അടിയാണോയെന്നാണ് അവര്‍ക്കറിയേണ്ടത്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th November 2023, 9:55 pm

നിതീഷ് സഹദേവ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് ഫാലിമി.

ഒത്തിണക്കമില്ലാതെ സദാസമയവും കലഹിക്കുന്ന അഞ്ചംഗ കുടുംബം കാശിയിലേക്ക് പോകുന്ന കഥയാണ് ചിത്രം പറയുന്നത്. ഇതില്‍ ജഗദീഷ് ബേസില്‍ ജോസഫിന്റെ അച്ഛനായാണ് അഭിനയിക്കുന്നത്.

ഇപ്പോള്‍ താന്‍ ഒരോ യാത്രയിലും കണ്ടിട്ടുള്ള ആളുകളെ പറ്റി പറയുകയാണ് ജഗദീഷ്. ഫാലിമി സിനിമയുടെ ഭാഗമായി സില്ലി മോങ്ങ്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ പണ്ട് തൊട്ടേ എല്ലാവരെയും ശ്രദ്ധിക്കാറുണ്ട്. ട്രെയിനില്‍ പോകുവാണെങ്കില്‍ അടുത്ത് ഇരിക്കുന്ന ആള്‍ ഏത് രീതിയിലാണ് പെരുമാറുന്നതെന്നും അയാള്‍ നമ്മളോട് എങ്ങനെ സംസാരിക്കുന്നെന്നും ശ്രദ്ധിക്കും.

ചിലര്‍ക്ക് നമ്മളോട് വലിയ ഇഷ്ടമായിരിക്കും. ചിലപ്പോള്‍ അവരുടെ പെരുമാറ്റം കാരണം നമുക്ക് അവരോട് ഇഷ്ടം തോന്നും. എങ്ങോട്ട് പോകുന്നു, ഏത് സിനിമയാണ് ഇനി എന്ന് മാത്രമേ അവര്‍ ചോദിക്കുകയുള്ളു.

ഇത്തരത്തില്‍ എല്ലാവരെയും ശ്രദ്ധിക്കാറുണ്ട്. എല്ലായിടത്ത് നിന്നും ശ്രദ്ധിക്കാറുണ്ട്. ഫ്‌ളൈറ്റില്‍ പോകുവാണെങ്കില്‍ പോലും അങ്ങനെയാണ്. ചിലരോട് വലിയ ബഹുമാനം തോന്നും.

ചിലപ്പോള്‍ അവര്‍ ആരാണെന്ന് പോലും അറിയില്ലായിരിക്കും. പലപ്പോഴും പെരുമാറ്റത്തില്‍ നിന്നാണ് ബഹുമാനം തോന്നുന്നത്. ട്രെയിനില്‍ ആണെങ്കില്‍ ചിലരുടെ സംസാരത്തില്‍ നിന്ന് അവരോട് ബഹുമാനം തോന്നും.

സിനിമ കാണാറുണ്ടെന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞ് അവര്‍ എന്തെങ്കിലും വായിക്കാനോ മറ്റോ ഇരിക്കും. അവരെ കൊണ്ട് നമുക്ക് ഒരു ശല്യവും ഉണ്ടാകില്ല.

അതേസമയം വേറെ ചിലര്‍ ഇടക്കിടെ എന്തെങ്കിലുമൊക്കെ ചോദിച്ച് ശല്യപെടുത്തും. ‘ഈ മറ്റേ കാര്യം ശരിയാണോ, അതെന്താണ് സംഭവം. മമ്മൂട്ടിയും മോഹന്‍ലാലും റിയല്‍ ലൈഫിലും അടിയാണോ,’ ഇങ്ങനെയുള്ള ഓരോ കാര്യങ്ങളും ചോദിച്ചു കൊണ്ടേയിരിക്കും.

അവരോട് നമുക്ക് ബഹുമാനം തോന്നുമോ. ഒരിക്കലും തോന്നില്ല. നമ്മള്‍ അപ്പോള്‍ ഒരു കഥാപാത്രത്തെ കിട്ടിയെന്ന് ചിലപ്പോള്‍ ആലോചിക്കും. അയാള്‍ ഫ്‌ളൈറ്റില്‍ എയര്‍ഹോസ്റ്റസിനോട് പെരുമാറുന്ന രീതിയൊക്കെ നമ്മള്‍ ശ്രദ്ധിച്ചാല്‍ ഭയങ്കര രസമാകും,’ ജഗദീഷ് പറയുന്നു.


Content Highlight: Jagadeesh Talks About The People He Has Met On Every Trip