മഞ്ജരേക്കര്‍ക്ക് ബാറ്റ് ചുഴറ്റി മറുപടിയുമായി ആ 'തട്ടിക്കൂട്ട് താരം'; കൂട്ടിന് രോഹിതിന്റെ മസിലും
ICC WORLD CUP 2019
മഞ്ജരേക്കര്‍ക്ക് ബാറ്റ് ചുഴറ്റി മറുപടിയുമായി ആ 'തട്ടിക്കൂട്ട് താരം'; കൂട്ടിന് രോഹിതിന്റെ മസിലും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th July 2019, 7:26 pm

ഓള്‍ഡ് ട്രാഫോഡ്: തന്നെ ‘തട്ടിക്കൂട്ട് താരം’ എന്നുവിളിച്ച് പരിഹസിച്ച മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ക്ക് ‘ജഡ്ഡു’വിന്റെ മറുപടി. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയ അര്‍ധസെഞ്ചുറി നേടിയശേഷമായിരുന്നു തന്റെ പതിവ് ആക്ഷനിലൂടെ രവീന്ദ്ര ജഡേജയുടെ തക്ക മറുപടി.

അര്‍ധസെഞ്ചുറി നേടിയാല്‍ ബാറ്റ് ചുഴറ്റി തനിക്ക് എതിര്‍വശത്തേക്കു ചൂണ്ടുക എന്നതാണ് ജഡേജയുടെ രീതി. ഇത്തവണ അത് കമന്ററി ബോക്‌സിലേക്കായിരുന്നു എന്നതാണു പ്രത്യേകത. ബോക്‌സില്‍ മഞ്ജരേക്കര്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. അതിനിടെ ജഡേജയുടെ ഈ പ്രവൃത്തിയെ സഹതാരം രോഹിത് ശര്‍മ പവലിയനില്‍ ഇരുന്ന് അഭിനന്ദിക്കുകയും ചെയ്തു. തന്റെ മസിലില്‍ തൊട്ടുകൊണ്ട് ജഡേജയുടെ പ്രകടനത്തെ അഭിനന്ദിക്കുകയായിരുന്നു രോഹിത്.

59 പന്തില്‍ 77 റണ്‍സെടുത്ത ജഡേജയാണ് 92 റണ്‍സിന് ആറുവിക്കറ്റ് പോയ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോയത്.

നേരത്തേ മഞ്ജരേക്കര്‍ ജഡേജയെ ‘തട്ടിക്കൂട്ട് താരം’ എന്നു വിളിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററില്‍ മഞ്ജരേക്കറും ഇംഗ്ലീഷ് മുന്‍ ക്രിക്കറ്റര്‍ മൈക്കല്‍ വോനും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് മഞ്ജരേക്കര്‍ തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്ന് വോന്‍ ആരോപിച്ചു.

സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവന്‍ മഞ്ജരേക്കര്‍ പ്രവചിച്ചിരുന്നു. ടീമില്‍ ജഡേജയെയും മഞ്ജരേക്കര്‍ ഉള്‍പ്പെടുത്തി. തുടര്‍ന്നായിരുന്നു പരിഹാസ്യരൂപേണ ചോദ്യവുമായി വോന്‍ രംഗത്തെത്തിയത്. നേരത്തെ, ജഡേജ ഒരു ‘തട്ടിക്കൂട്ട് കളിക്കാരനാ’ണെന്ന് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. ഏകദിന ടീമില്‍ കളിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നായിരുന്നു മഞ്ജരേക്കറുടെ വാദം.

ഇതിന് മറുപടിയുമായി ജഡേജയെത്തുകയും ചെയ്തു. നിങ്ങളേക്കാള്‍ ഇരട്ടി മത്സരം ഞാന്‍ കളിച്ചിട്ടുണ്ടെന്നും മറുപടി നല്‍കി. നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളെ അംഗീകരിക്കാന്‍ പഠിക്കൂവെന്നും ജഡേജ മറുപടിയില്‍ പറഞ്ഞിരുന്നു. മഞ്ജരേക്കര്‍ ഇത്തരത്തില്‍ പരിഹസിച്ച ഒരു താരത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയത് പരിഹാസത്തോടെ വോണ്‍ ചൂണ്ടികാണിക്കുകയായിരുന്നു.

‘നിങ്ങള്‍, ആ തട്ടിക്കൂട്ട് താരത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നു.’- വോണ്‍ മറുപടി ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മഞ്ജരേക്കര്‍ പിടിവിട്ടില്ല. അദ്ദേഹത്തിന്റെ മറുപടിയെത്തി. ‘പ്രവചനമാണ്, എന്റെ പ്രിയപ്പെട്ട വോണ്‍… ഇത് എന്റെ ടീമല്ല’ ഇതായിരുന്നു മുംബൈക്കാരന്റെ മറുപടി. എന്നാല്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്നായി വോണും. ”എന്നാല്‍ നിങ്ങളുടെ ടീം എന്തെന്ന് പറയൂ പ്രിയപ്പെട്ട സഞ്ജയ്. താങ്കള്‍ ഏതെങ്കിലും തട്ടിക്കൂട്ട് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുമോ..?” ഇതായിരുന്നു വോണിന്റെ ചോദ്യം. എന്നാല്‍ മറുപടിയൊന്നും മഞ്ജരേക്കറുടെ ഭാഗത്ത് നിന്നുണ്ടായില്ല.