ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കും
D' Election 2019
ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കും
ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 2:21 pm

ചാലക്കുടി: മുന്‍ ഡി.ജി.പി ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. ചാലക്കുടിയില്‍ ട്വിന്റി 20 മുന്നണിയുടെ സ്ഥാനാര്‍ത്ഥി ആയിട്ടായിരിക്കും ജേക്കബ് തോമസ് മത്സരിക്കുക.

ഐ.പി.എസില്‍ നിന്നും ഉടന്‍ രാജിവെച്ചാകും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജേക്കബ് തോമസ് എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ജനകീയ കൂട്ടായ്മ “ട്വന്റി 20” ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കിറ്റെക്‌സ് ഗാര്‍മെന്റ്സ് എം.ഡി.യും ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു എം. ജേക്കബ് സ്ഥാനാര്‍ഥിയാവാനാണ് സാധ്യതയെന്നായിരുന്നു പുറത്തു വന്ന വാര്‍ത്ത.

Read Also : നീരവ് മോദി ലണ്ടനിലുണ്ടെന്ന് മോദി സര്‍ക്കാറിനെ അറിയിച്ചപ്പോള്‍ മൈന്റ് ചെയ്തില്ല: എങ്ങനെ കുടുക്കിയെന്ന് വിശദീകരിച്ച് മാധ്യമപ്രവര്‍ത്തകന്‍

ഞായറാഴ്ച കിഴക്കമ്പലത്തു ചേര്‍ന്ന ട്വന്റി 20 പ്രവര്‍ത്തക കണ്‍വെന്‍ഷനിലായിരുന്നു മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. അതിന് പിന്നാലെയാണ് ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത വരുന്നത്.

ട്വന്റി 20-യോട് ഇരു മുന്നണികളും പുലര്‍ത്തുന്ന നയത്തില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും വോട്ടു രേഖപ്പെടുത്തേണ്ടതില്ല എന്ന തീരുമാനമാണ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചതെന്നും വിശദ ചര്‍ച്ചയ്‌ക്കൊടുവിലാണ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി വോട്ടുകള്‍ സ്വരൂപിക്കാന്‍ തീരുമാനിച്ചതെന്നും ട്വന്റി ട്വന്റി ഭാരവാഹികള്‍ അറിയിച്ചിരുന്നു.

പഞ്ചായത്തിലെ 80 ശതമാനം വോട്ടുകളും നേടാനാകുമെന്ന് ട്വന്റി 20 കരുതുന്നു. ഇതോടൊപ്പം സമീപ നിയമസഭാ മണ്ഡലങ്ങളിലെ നല്ലൊരു വിഭാഗം നിഷ്പക്ഷ വോട്ടുകളും ലഭിക്കുമെന്ന് ട്വന്റി 20 കരുതുന്നുണ്ട്.

ചാലക്കുടിയില്‍ ഇന്നസെന്റ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ബെന്നി ബെഹനാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമാണ്.