ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്
Kerala
ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്
ന്യൂസ് ഡെസ്‌ക്
Monday, 29th July 2019, 11:05 am

കൊച്ചി: മുന്‍ ഡി.ജി.പി  ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ജേക്കബ്ബ് തോമസ് നല്‍കിയ കേസില്‍ വിശദമായ വാദം കേള്‍ക്കലിന് ശേഷമായിരുന്നു ഉത്തരവ്.

ജേക്കബ്ബ് തോമസിനെ അടിയന്തരമായി തിരിച്ചെടുത്ത് സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനാണ്കൊ ച്ചിയിലെ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. വാദങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവെന്ന് അഭിഭാഷകന്‍ പറഞ്ഞു.

ഇത്രയും നാള്‍ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ ന്യായീകരണമൊന്നും ഇല്ലെന്നും സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞെന്ന് അഭിഭാഷന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

2012 ല്‍ ഉണ്ടായ ഒരു വിഷയത്തിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. അത് തെറ്റായ നടപടിയാണ്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ തിരിച്ചെടുക്കണം. പൊലീസില്‍ ഉന്നത സ്ഥാനത്ത് നിയമിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തുല്യമായ റാങ്ക് കണ്ടുപിടിച്ച് അദ്ദേഹത്തെ എത്രയും പെട്ടെന്ന് നിയമിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞത്. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട കേസില്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.

അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്ത ഉദ്യോഗസ്ഥനെ ഇത്തരത്തില്‍ മാറ്റിനിര്‍ത്താന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ സുപ്രധാന പോസ്റ്റില്‍ വെച്ചിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.