Administrator
Administrator
റുമാന്‍ തോപ്പിലെ കാഴ്ചകള്‍
Administrator
Tuesday 6th September 2011 10:57am

റശീദ് പുന്നശ്ശേരി

മുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ ഇരുമ്പുപോലെ ഉറപ്പുള്ള പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലയെ ജബല്‍ അഖല്‍ (പച്ചമല) എന്ന് വിളിക്കുന്നതിന്റെ അര്‍ഥ ശൂന്യതയായിരുന്നു മലമ്പാതകള്‍ ആയാസപ്പെട്ടു കയറുന്ന ഫോര്‍ വീലറിലിരിക്കുമ്പോള്‍ മനസു നിറയെ. മസ്‌കത്തില്‍ നിന്നും 100 കിലോ മീറ്റര്‍ സലാല റോഡില്‍ സഞ്ചരിക്കുമ്പോള്‍ ‘നിസ്‌വ’യെന്ന ചെറു പട്ടണത്തിലെത്താം. നിസ്‌വയിലെത്തുന്നതിനു തൊട്ടു മുമ്പായുള്ള ഇന്റര്‍ചേഞ്ചിനടുത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് പോകുന്ന വഴിയാണ് ‘ജബല്‍ അഖല്‍’ എന്ന ഒമാനിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തുന്നത്. മലയടിവാരത്തിലെ ചെക്ക് പോയിന്റ് നിന്ന് 35 കിലോമീറ്റര്‍ മല കയറി വേണം ഇവിടെയെത്താന്‍. അവധിയാഘോഷങ്ങള്‍ ‘തീ പിടിച്ച’ മരുഭൂമിയില്‍ എങ്ങനെയാവണമെന്ന് സന്ദേഹിക്കുന്നവര്‍ക്ക് പ്രകൃതിയുടെ തണുപ്പും ദൈവത്തിന്റെ കരവിരുതില്‍ വിരിഞ്ഞ മനോഹര കാഴ്ചയുമാണ് ‘പച്ചമല’ നിഗൂഢമായി ഒളിച്ചു വെച്ചിരിക്കുന്നത്.

ചെക്ക് പോയിന്റില്‍ നിന്ന് മല കയറാന്‍ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ഇവിടെ ഫോര്‍വീല്‍ ഡ്രൈവുകള്‍ വാടകക്ക് ലഭിക്കും. കുത്തനെയുള്ള കയറ്റവും വളവുകളുമാണ് ജബല്‍ അഖല്‍റിലേക്കുള്ള മലമ്പാതയെ വന്യമാക്കുന്നത്. നിരവധി മലകള്‍ക്കിടയിലൂടെ തീര്‍ത്ത പാതകളുടെ ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ചുരം റോഡിലെ വ്യൂ പോയിന്റുകളില്‍ നിന്ന് താഴെയുള്ള ഗ്രാമങ്ങളുടെ ഭംഗി നുകരാം. മലകയറും തോറും 40 ഡിഗ്രിയില്‍ നിന്ന് താപനില താഴ്ന്നു വരുന്നതു കാണാം. ഒരു മണിക്കൂറോളം നീണ്ട യാത്ര എത്തിച്ചത് നിരവധി മലകള്‍ക്കു നടുവിലെ ഒരു ചെറു ഗ്രാമത്തിലേക്കാണ്. ഒരു പെട്രോള്‍ പമ്പും നാലോ അഞ്ചോ കടകളും സര്‍ക്കാര്‍ കാര്യാലയങ്ങളും പോലീസ് സ്‌റ്റേഷനും മറ്റുമുള്ള ചെറിയൊരു അങ്ങാടി പിന്നിട്ടപ്പോള്‍ നാലു വശത്തേക്കും റോഡുകള്‍ ഇറക്കമിറങ്ങുകയായി.

സമയം ഉച്ചക്ക് 12.00. താപനില 25 ഡിഗ്രി സെല്‍ഷ്യസ്. ഒമാന്‍ റോയല്‍ പോലീസ് സേനയുടെയും ഒമാന്‍ ടി വിയുടെയും മറ്റും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിന്നിട്ട് കുന്നിറങ്ങി ചെന്നത് ‘അല്‍ ഖീസ്’ എന്ന ഗ്രാമത്തിലേക്കാണ്. നാഗരികതയുടെ കടന്നുകയറ്റങ്ങള്‍ കോണ്‍ക്രീറ്റ് ഭവനങ്ങളില്‍ മാത്രമൊതുങ്ങുന്ന വശ്യസുന്ദരമായ ഗ്രാമം. വീടുകളില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന മരക്കൊമ്പുകളില്‍ കായ്ച്ചുനില്‍ക്കുന്ന ചുവന്ന പഴവര്‍ഗങ്ങള്‍ കണ്ടപ്പോള്‍ നാവില്‍ കൊതിക്കുന്ന തിരയിളക്കം തുടങ്ങി. ഗ്രാമ കവാടത്തില്‍ വാഹനമൊതുക്കി ക്യാമറയും തൂക്കി ഞങ്ങള്‍ നടന്നു തുടങ്ങി. സന്ദര്‍ശകര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. ഒമാനിലെ സാധാരണ കര്‍ഷകര്‍ താമസിക്കുന്ന ചെറിയ ചെറിയ നിരവധി ഗ്രാമങ്ങളാണ് ജബല്‍ അഖ്ദറിലുള്ളത്. അല്‍ ഗൈല്‍, അല്‍ അഖാര്‍, ശറീജ തുടങ്ങിയ ഇടങ്ങളിലെല്ലാം മലഞ്ചെരുവിലെ കൃഷിയിടങ്ങള്‍ സജീവമാണ്.

തുറന്നു കിടക്കുന്ന വഴിയിലൂടെ മുന്നോട്ടു നീങ്ങവേ ഇരുവശങ്ങളിലും കമ്പിവേലികള്‍ തുളച്ച് പുറത്ത് ചാടാന്‍ വെമ്പി നില്‍ക്കുന്ന റുമ്മാന്‍ (അനാര്‍) പഴങ്ങളാണ് എതിരേറ്റത്. മരുഭൂമിയിലെ ഏറ്റവും നയനാനന്ദകരമായ കാഴ്ച എക്കാലവും മരുപ്പച്ചകള്‍ തന്നെ ആയിരുന്നുവല്ലോ? തുടുത്തു പഴുത്തു നില്‍ക്കുന്ന റുമ്മാന്‍ പഴങ്ങള്‍ നിറഞ്ഞ വലിയൊരു തോട്ടത്തിലേക്കുള്ള പാതയായിരുന്നു അത്. തുറന്നു കിടക്കുന്ന കുഞ്ഞു വാതിലിലൂടെ അകത്തു പ്രവേശിച്ചതും മരുഭൂമിയിലാണീ ലോകമെന്നും വിശ്വസിക്കുക പ്രയാസകരമായിരുന്നു. അറബ് ചരിത്രത്താളുകളിലെവിടെയോ വായിച്ച റുമ്മാന്‍ തോപ്പും ‘അബു സയ്യാദു’മെല്ലാം ഓര്‍മയില്‍ തെളിഞ്ഞു. തട്ടുകളായി തിരിച്ച കൃഷിയിടത്തില്‍ റുമ്മാനിനു പുറമെ, അക്കിപ്പഴം, മുന്തിരി, പ്രത്യേകതരം പഴം എന്നിവയെല്ലാം കാണാം. ആക്രാന്തം മൂത്തപ്പോള്‍ വഴിയില്‍ കണ്ട ഒമാനിയോട് തിരക്കി. ‘ഈ തോട്ടം ആരുതേടാണെന്ന്?’ ഉടമസ്ഥന്‍ സ്ഥലത്തില്ലെന്നറിഞ്ഞത് നിരാശക്കിടയാക്കിയെങ്കിലും വീണു കിടക്കുന്ന പഴങ്ങള്‍ പെറുക്കി ഭക്ഷിക്കാന്‍ തുടങ്ങി. പക്ഷെ, അതിനു വേണ്ടത്ര രുചി പോരായിരുന്നു.

ചെറിയൊരു കൈത്തോട്ടില്‍ നിന്നും ശക്തമായി നീരൊഴുക്കു കണ്ടു. പിന്നെ അതിന്റെ ഉറവിടം തേടി തോട്ടത്തിലൂടെ മുകളിലേക്കു നടന്നു. എങ്ങും റുമ്മാന്‍ പഴങ്ങള്‍ ഞങ്ങളെ നോക്കി ചിരിച്ചു. ഒരിടത്ത് രണ്ട് ഒമാനി യുവതികള്‍ തോട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ അലക്കുന്നത് എന്റെ സ്വന്തം നാടിനെ ഓര്‍മിപ്പിച്ചു. അവര്‍ കാണിച്ചു തന്ന വഴിയിലൂടെ വീണ്ടും കുന്നു കയറി എത്തിയത് ഒരു ജലശേഖരണിക്കരികത്താണ്. ബംഗാളിയായ മുഹമ്മദ് ഞങ്ങള്‍ക്ക് ഈ പ്രദേശത്തെ കുറിച്ചു പറഞ്ഞു തന്നു. മലക്കപ്പുറമുള്ള ‘ഫലജ്’ (നീര്‍ചോല) യില്‍ നിന്നാണ് വെള്ളം പമ്പു ചെയ്യുന്ന്ത്. സെപ്തംബര്‍, ഒക്‌ടോബര്‍ മാസത്തിലാണത്രെ റുമ്മാന്‍ പാകമാകുന്നത്. ഇത്തവണ വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ ഫലങ്ങള്‍ പൊട്ടിപ്പിളര്‍ന്നു കേടായി വീഴുന്നുണ്ട്. വെറുതെയല്ല നേരത്തെ കഴിച്ചതിനൊരു ചവര്‍പ്പ് രുചി. മുഹമ്മദ് ഏകദേശം പാകമായ റുമ്മാന്‍ പഴങ്ങള്‍ ഞങ്ങള്‍ക്ക് തന്നു. വര്‍ഷങ്ങളായി ഇവിടത്തെ തോട്ടക്കാരനാണിദ്ദേഹം. നട്ടുച്ചയോ വെയിലോ ഒന്നും ഏശാതെ കുന്നിറങ്ങി വരുമ്പോള്‍ മുന്നില്‍ മനോഹരമായൊരു പള്ളി കണ്ടു. പഴയകാല പ്രൗഢി വിളിച്ചറിയിക്കുന്ന കല്ലുകളില്‍ തീര്‍ത്ത പള്ളി. പ്രാര്‍ഥന കഴിഞ്ഞ് അവിടെ വിശ്രമിക്കാനിരുന്നപ്പോള്‍ സുഖ ശീതളമായ നിദ്ര മാടിവിളിക്കാന്‍ തുടങ്ങിയതോടെ ഇറങ്ങി നടന്നു. വിശപ്പു മാറാന്‍ വല്ലതും കിട്ടുമോ എന്നന്വേഷിച്ചാണ് ഒരു കടയിലേക്കു ചെന്നത്. ചന്ദ്രനില്‍ ചെന്നാലും മലയാളി കാണുമെന്നത് അന്വര്‍ഥമാക്കിക്കൊണ്ട് ‘മാതൃഭൂമി’യുടെ കലണ്ടര്‍ ഹോട്ടലിന്റെ ചുവരില്‍ തൂങ്ങിക്കിടക്കുന്നു. ആറു മാസത്തോളമായി ഇവിടെ ജോലി ചെയ്യുന്നെങ്കിലും കൊല്ലം സ്വദേശിയായ പ്രവാസിക്ക് ഇവിടത്തെ കാഴ്ചകളെ കുറിച്ചൊന്നും അറിയില്ല. തൊട്ടടുത്ത കടയായ ഒമാനിയായ ഇബ്രാഹീം ഞങ്ങളുടെ കൂടെ വന്നു.

ജബല്‍ അഖല്‍ ഹോട്ടലിനടുത്തെ കുന്നിലേക്കാണ് ഇബ്രാഹീം ഞങ്ങളെ കൊണ്ടു പോയത്. ഒരു കിണറു വക്കില്‍ നിന്ന് താഴേക്ക് നോക്കുന്ന പ്രതീതിയായിരുന്നു ആ കാഴ്ച സമ്മാനിച്ചത്. ഒരു കാലടിക്കപ്പുറം അഗാഥമായ ഗര്‍ത്തത്തിലെ താഴ്‌വരകള്‍. പച്ച പുത്തച്ച തട്ടുകളായി കിടക്കുന്നു. കൃഷിയിടങ്ങള്‍ ആകാശത്തിനു താഴെ ഭൂമിക്കു മുകളില്‍ നിന്ന് മറ്റൊരു ഭൂമിയെ നോക്കിക്കാണുന്ന അനുഭവം എത്ര ദൃശ്യസുന്ദരം. എങ്ങിനെയാണ് ആ കാഴ്ച വിവരിക്കേണ്ടതെന്നറിയില്ല. ജീവിതത്തില്‍ കണ്ട പ്രകൃതിയുടെ ഏറ്റവും വശ്യമായ രൂപങ്ങളില്‍ ഒന്നെന്ന് ഒറ്റവാക്കില്‍ പറയാം. ജബല്‍ അഖല്‍ എന്ന പദര്‍ത്തിനര്‍ഥം ഇതാ കണ്‍ മുമ്പില്‍. നിരവധി ഗ്രാമങ്ങളാണ് താഴ്‌വരയിലുള്ളത്. അവയില്‍ ഏറ്റവും താഴെയുള്ള ഒന്നിലേക്ക് ചൂണ്ടി ഇബ്രാഹീം പറഞ്ഞു: അവിടെയാണെന്റെ ഗ്രാമം. അവിശ്വസനീയതയോടെ ഞങ്ങള്‍ ആ മുഖത്തേക്ക് നോക്കി. ഇബ്രാഹീമിന്റെ പൂര്‍വ പിതാക്കളില്‍ എത്ര പേര്‍ പുറം ലോകം കണ്ടിട്ടുണ്ടായിരിക്കുമെന്നായിരുന്നു മനസിലുയര്‍ന്ന ചിന്ത. റോഡും വാഹനങ്ങളുമൊക്കെ മല കീഴടക്കും മുമ്പ് ഇവിടെ ജീവിച്ചിരുന്നവര്‍ ദുര്‍ഘഢമായ പാതകള്‍ താണ്ടി പ്രകൃതിയോട് മല്ലിട്ടും ഇവിടെ ആരംഭിച്ച് ഇവിടെ തന്നെ ഒടുങ്ങിയ എത്ര തലമുറകള്‍ കാണും? ഇബ്രാഹീം കാണിച്ച വഴിയിലൂടെ കുന്നിറങ്ങി ദുര്‍ഘഢമായ ഒറ്റയടിപ്പാതയിലൂടെ രണ്ടു കുന്നുകള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഒരു കൃഷിയിടത്തിലെത്തി. അവിടെ മനോഹരമായൊരു നീര്‍ച്ചോല കണ്ടു. ഇത്തരം ‘ഫലജു’കളില്‍ നിന്നാണ് കൃഷിക്കുവേണ്ട വെള്ളം ശേഖരിക്കുന്നത്. കൈതോട്ടുകളിലൂടെ അത് ഒഴുകിക്കൊണ്ടിരിക്കുന്നു.

റോസ് വാട്ടര്‍ നിര്‍മാണത്തിനും ഏറെ പ്രസിദ്ധമാണ് ജബല്‍ അഹ്ദറിലെ ഗ്രാമങ്ങള്‍. 1957-59 കാലഘട്ടത്തില്‍ ബ്രിട്ടീഷ്, സഊദി സേനകള്‍ക്കെതിരെ ഒരു യുദ്ധവും മേഖലയില്‍ അരങ്ങേറിയിട്ടുണ്ട്. വാദിഗുല്‍ വാദി മിസ്തല്‍ തുടങ്ങിയ താഴ്‌വരകളാണ് ഇവിടത്തെ മറ്റ് മുഖ്യ ആകര്‍ഷണങ്ങള്‍.

ഇബ്രാഹീമിനോടും റുമ്മാന്‍ തോപ്പിനോടും സലാം ചൊല്ലി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരുഭൂമിയിലെ മരങ്ങള്‍ കാണാനായി ഹിദാദ് മല നിരകളിലേക്കായി യാത്ര. അല്‍ ഹജര്‍ മലനിരകളിലെ ആദിവാസി ഗോത്രങ്ങളിലെ കുട്ടികളും സ്ത്രീകളും വഴി നീളെ റുമ്മാന്‍ പഴങ്ങളും മുന്തിരിയും തേനും മറ്റും വില്‍പ്പനക്കു വെച്ച് കാത്തിരിപ്പുണ്ടായിരുന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ ഏക്കറുകളോളം വിസ്തൃതിയുള്ള ഫല വൃക്ഷത്തോട്ടവും പിന്നിട്ട് മലനിരകളുടെ ഭംഗിയാസ്വദിച്ച് ഹിദാദിലെ പാര്‍ക്കിലെത്തി. നൂറ്റാണ്ടുകളുടെ പ്രായമുള്ള മുത്തശ്ശിമരങ്ങളുടെ തണല്‍ പറ്റി നടന്നു. സന്ദര്‍ശകര്‍ക്കായി ഇവിടെ ചെറിയൊരു പാര്‍ക്കും മരങ്ങളെ അടുത്തു കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒരു പകല്‍ നീണ്ട ഓട്ട പ്രദക്ഷിണം തീര്‍ന്നപ്പോഴും ജബല്‍ അഖല്‍റിലെ യഥാര്‍ഥ കാഴ്ചകള്‍ ബാക്കിയിരിപ്പുണ്ടായിരുന്നു. മലനിരകളിലെ മനുഷ്യരുടെ ജീവിതത്തെ അടുത്തറിയാനും പ്രകൃതിയുടെ വിസ്മയകരമായ താളവ്യതിയാനങ്ങള്‍ അനുഭവിക്കാനും മലമ്പാതകള്‍ ഇനിയും നീണ്ടു കിടപ്പുണ്ടായിരുന്നു. നാഗരികതയുടെ ചൂടില്‍ സ്വയം ഇല്ലാതാകുന്ന പ്രവാസികള്‍ക്ക് ജബല്‍ അഖ്ദറിലേക്കൊരു യാത്ര, മനസ് തണുപ്പിക്കുന്ന അനുഭവം തന്നെയാകും.

Advertisement