എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണി വിടും:ജെ.എസ്.എസ്
എഡിറ്റര്‍
Sunday 17th March 2013 1:18pm

ആലപ്പുഴ: പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ജെ.എസ്.എസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

കെ.ആര്‍ ഗൗരിയമ്മയ്‌ക്കെതിരെ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും ക്ഷമിക്കാവുന്നതല്ലെന്നും ഇത്തരത്തിലുള്ള ഒരാളെ മന്ത്രിസഭയുടെ ചീഫ് വിപ്പ് സ്ഥാനത്ത് തുടരാനനുവദിക്കരുതെന്നും ജെ.എസ്.എസ് സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Ads By Google

ജനറല്‍ സെക്രട്ടറി ഗൗരിയമ്മയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.

ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്കും യു.ഡി.എഫ് കണ്‍വീനര്‍ക്കും പരാതി നല്‍കുമെന്നും, അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ വരുന്ന യു.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും ആലപ്പുഴയില്‍ ചേര്‍ന്ന യോഗം അറിയിച്ചു.

സി.പി.ഐ നേതാവ് ടി.വി തോമസിന് വഴി നീളെ മക്കളുള്ളത് തനിക്കറിയാമെന്നും, തോമസിന്റെ പോലെ താന്‍ പെണ്ണുപിടിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ് ആക്ഷേപിച്ചിരുന്നു.

അദ്ദേഹത്തിന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ് ഇങ്ങിനെ അധിക്ഷേപിച്ചിരുന്നത്.

കൂടാതെ ഗൗരിയമ്മയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തൊണ്ണൂറ്റിയഞ്ച് വയസ് കഴിഞ്ഞിട്ടുള്ള’@$**#’ ആണ് തനിക്കെതിരെ പറയുന്നതെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.

ഇവരെ കിഴവിയെന്ന് മാത്രമേ താന്‍ വിളിക്കുകയുള്ളുവെന്നും പി.സി ജോര്‍ജ്ജ് അധിക്ഷേപിച്ചിരുന്നു.

പി.സി ജോര്‍ജ്ജിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തില്‍  യു.ഡി.എഫ് പരസ്യമായ പ്രസ്താവനകള്‍ നടത്തരുതെന്ന് കെ.എം മാണിയും,രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.

Advertisement