ജമ്മു കശ്മീര്‍: ദേശീയ പാതയില്‍ സാധാരണക്കാര്‍ക്കുണ്ടായിരുന്ന സഞ്ചാര വിലക്കില്‍ ഇളവ്
Indian Cinema
ജമ്മു കശ്മീര്‍: ദേശീയ പാതയില്‍ സാധാരണക്കാര്‍ക്കുണ്ടായിരുന്ന സഞ്ചാര വിലക്കില്‍ ഇളവ്
ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 8:55 am

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്ക് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വിലക്കില്‍ ഇളവ്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകുന്നതിനു വേണ്ടിയാണ് പൗരന്മാരുടെ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ നിയന്ത്രണം ഞായറായ്ച മാത്രമായി ചുരുക്കുമെന്ന് ഭരണകൂടം അറിയിക്കുകയായിരുന്നു.

പുലര്‍ച്ചെ നാലു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലുമായിരുന്നു യാത്രാവിലക്ക്. ബാരാമുല്ലയില്‍ നിന്ന് ഉദ്ധംപൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമാകും. മെയ് 3 വരെ യാത്രാവിലക്ക് തുടരും. അതേസമയം ബുധനാഴ്ചത്തെ യാത്രാ വിലക്ക് തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഏപ്രില്‍ 11നും ഏപ്രില്‍ 18നുമായി സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പ് വിജയകരമായി നടന്നു എന്ന് വിലയിരുത്തിയതിനു പിന്നാലെ, സുരക്ഷാ സേനയുടെ ആവശ്യം ഇനി കുറവാണെന്നും, അതിനാലാണ് വിലക്ക് ഭാഗികമായി എടുത്തു കളുയന്നതെന്നുമായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം.

വിലക്കിന്റെ ഭാഗമായി ഇന്ത്യന്‍ ആര്‍മി, പൊലീസ്, സെന്‍ട്രല്‍ റിസേര്‍വ് പൊലീസ് ഫോഴ്സ് തുടങ്ങിയ സേനാ ഉദ്യോഗസ്ഥരെ ഹൈവേയുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളിലും വിന്യസിച്ചിരുന്നു. അടിയന്തരഘട്ടങ്ങളില്‍ മജിസ്‌ട്രേറ്റിന്റെ അനുവാദത്തോടു കൂടി ശക്തമായ പരിശോധനയ്ക്കു ശേഷം മാത്രം പ്രസ്തുത വാഹനം കടത്തിവിടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പ്രമാണിച്ച് ദേശീയ പാതയില്‍ പൗരന്മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ള തീരുമാനം ഇതാദ്യമാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാനുള്ള നീക്കമായാണ് സഞ്ചാര വിലക്ക് വിലയിരുത്തപ്പെടുന്നത്.

പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാര്‍ക്കുള്ള സഞ്ചാര വിലക്ക് ഭേദിക്കാന്‍ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ദേശീയ പാതയിലെ സഞ്ചാര നിയന്ത്രണം പിന്‍വലിക്കണമെന്നും ജനങ്ങളുടെ കഷ്ടതകള്‍ക്ക് അറുതി വരുത്തണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയും ആവശ്യപ്പെട്ടിരുന്നു.

സഞ്ചാര വിലക്കിലൂടെ സംസ്ഥാനത്തെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കാനും ജമ്മു കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തിയിരുന്നു.