ഇനി കളി മാറും, കപ്പ് നമ്മള്‍ നേടും; കൊമ്പന്‍മാരുടെ പാപ്പാന്‍ വുകോമനൊവിച്ച് തന്നെ
Sports News
ഇനി കളി മാറും, കപ്പ് നമ്മള്‍ നേടും; കൊമ്പന്‍മാരുടെ പാപ്പാന്‍ വുകോമനൊവിച്ച് തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th April 2022, 6:20 pm

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനപരിശീലകന്‍ ഇവാന്‍ വുകോമനൊവിച്ചിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. 2025 വരെ ഇവാന്‍ ടീമിന്റെ പരിശീലകനായി തുടരുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്.

‘ഇവാനുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്. ടീമുമായി എളുപ്പം പൊരുത്തപ്പെട്ട അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ അവിഭാജ്യ ഘടകമാണ്.

ഇത് ക്ലബ്ബിന്റെ ഒരു പ്രധാന നീക്കമാണെന്നാണ് ഞാന്‍ കരുതുന്നത്, ഞങ്ങളുടെ ജോലി സ്ഥിരതയോടെ തുടരാനും കൂടുതല്‍ ലക്ഷ്യങ്ങള്‍ നേടാനും ഞങ്ങള്‍ക്കിപ്പോള്‍ ശക്തമായ അടിത്തറയുണ്ട്. ഇത് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കുള്ള ഞങ്ങളുടെ സമ്മാനമാണ്,’ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

കഴിഞ്ഞ സീസണിലായിരുന്നു ഇവാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തേക്കെത്തിയത്. ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ കുതിപ്പായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇവാന് കീഴില്‍ നടത്തിയത്.

ഇവാന്‍ വുകോമനൊവിച്ച് എന്ന ബാറ്റില്‍ സ്ട്രാറ്റജിസ്റ്റിന്റെ ഒറ്റ ബലത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്. കന്നിക്കിരീടം സ്വപ്‌നം കണ്ടിറങ്ങിയ ടീമിന് അത് നേടാന്‍ സാധിച്ചിരുന്നില്ലെങ്കിലും, ഇവാന്റെ പ്രകടനത്തില്‍ ആരാധകര്‍ പൂര്‍ണമായും സംതൃപ്തരായിരുന്നു.

‘ബ്ലാസറ്റേഴ്‌സിനെ നയിക്കുന്ന ആളുകളും, ആരാധകരും, കേരളവും എന്നെ പെട്ടെന്ന് ആകര്‍ഷിച്ചു. കൂടുതല്‍ പ്രതിബദ്ധതയോടും അര്‍പ്പണബോധത്തോടും കൂടി ലക്ഷ്യത്തിലേക്കെത്താനുള്ള മികച്ച അവസരമാണ് ഇന്ന് നമുക്കുള്ളത്.

കരാര്‍ പുതുക്കുന്നതില്‍ ഞാന്‍ ഏറെ തൃപ്തനും സന്തുഷ്ടനുമാണ്. അടുത്ത സീസണുകളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ഇത് നമ്മള്‍ക്ക് പ്രചോദനമാവും,’ ഇവാന്‍ പറഞ്ഞു.

പരിശീലകനായി ഇവാന്‍ തുടരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവലെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഈ സെര്‍ബിയന്‍ മാന്ത്രികന്റെ ബുദ്ധിയിലുദിക്കുന്ന ചാണക്യതന്ത്രങ്ങള്‍ അടുത്ത സീസണില്‍ കിരീടം നേടിത്തരും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍.

Content Highlight: Ivan Vukomanovich will remain as the Coach of Kerala Blasters