യു.എ.ഇയുടെ 700 കോടി യൂസഫലി വഴിയെത്തിക്കുമെന്നത് വ്യാജവാര്‍ത്ത; നിയമനടപടി സ്വീകരിക്കുമെന്ന ലുലു ഗ്രൂപ്പ്
Fact Check
യു.എ.ഇയുടെ 700 കോടി യൂസഫലി വഴിയെത്തിക്കുമെന്നത് വ്യാജവാര്‍ത്ത; നിയമനടപടി സ്വീകരിക്കുമെന്ന ലുലു ഗ്രൂപ്പ്
ന്യൂസ് ഡെസ്‌ക്
Thursday, 23rd August 2018, 7:53 pm

ദുബായ്: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച 700 കോടി രൂപ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലി വഴി അത് കേരളത്തില്‍ എത്തുക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് ലുലു ഗ്രൂപ്പ്.

ഇത്തരം പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അറിയിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമാണ് ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

കേരളത്തിന് 700 കോടി രൂപയുടെ ധനസഹായം അനുവദിച്ച കാര്യം അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Also Read യു.എ.ഇ സഹായം കിട്ടാന്‍ നയം തിരുത്തണം; കേന്ദ്രസര്‍ക്കാറിനെതിരെ അല്‍ഫോന്‍സ് കണ്ണന്താനം

കേരളത്തിലെ പ്രളയ ദുരിതത്തെ നേരിടാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് യു.എ.ഇ ഉറപ്പ് നല്‍കിയെന്ന് എം.എ യുസഫലി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് യു.എ. ഇ കാബിനറ്റ് ,ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയുമായി കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.

എന്നാല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിക്കേണ്ടെന്ന സാങ്കേതിക നയം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ സഹായവാഗ്ദാനം നിരസിക്കുകയായിരുന്നു. അതേസമയം കേരളത്തിന് വിദേശ സഹായം നിരസിക്കാന്‍ കേന്ദ്ര നയം തടസമാണെന്ന വാദം നിഷേധിച്ച് വിദേശകാര്യ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു.