എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ ഇറ്റലി വഴങ്ങി; നാവികരെ തിരിച്ചെത്തിക്കും
എഡിറ്റര്‍
Friday 22nd March 2013 9:00am

റോം: കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഇറ്റലി. വെള്ളിയാഴ്ച ഇവര്‍ തിരിച്ചെത്തുമെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രാലയം അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Ads By Google

നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ് ഇറ്റലി നിലപാട് മാറ്റിയത്.

നാവികര്‍ക്ക് ലഭിക്കുന്ന പരിഗണന സംബന്ധിച്ചും ഇരുവരുടെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നതു സംബന്ധിച്ചും വ്യക്തമായ ഉറപ്പ് ഇന്ത്യയില്‍നിന്ന് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നും മന്ത്രാലയം അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ നാട്ടിലേക്ക് പോയ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ അവിടെത്തന്നെ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു ഇറ്റലിയുടെ നിലപാട്.

നാലുദിവസത്തേക്ക് നാട്ടില്‍ പോകാനാണ് ഫിബ്രവരി 22ന് ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് പ്രത്യേക അനുമതി നല്‍കിയത്. തിരിച്ചുവരേണ്ട കാലാവധി വെള്ളിയാഴ്ച തീരാനിരിക്കെയാണ് ഇറ്റലി പുതിയ തീരുമാനമെടുത്തത്.

‘നാട്ടിലേക്ക് തിരിക്കാന്‍ പ്രത്യേക അനുമതി ലഭിച്ചപ്പോള്‍ കോടതിക്കു നല്‍കിയ ഉറപ്പുപാലിക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇവരെ തിരിച്ചയക്കുന്നത്. നാവികരുടെ കൂടി അനുമതിപ്രകാരമാണിത്.്’  സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

നാവികര്‍ തിരിച്ചെത്തുമെന്ന് കോടതിക്ക് ഉറപ്പുകൊടുത്ത ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിറക്കുകയുമുണ്ടായി.

ഉറപ്പ് ലംഘിച്ച് ഇറ്റാലിയന്‍ സ്ഥാനപതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയല്‍ മാഞ്ചിനി അനുവാദം കൂടാതെ രാജ്യം വിട്ട് പോകാനാകില്ലെന്നും സ്ഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

ജനീവ സമ്മേളന പ്രകാരം നയതന്ത്ര പരിരക്ഷക്ക് നാവികര്‍ക്ക് അവകാശമുണ്ടെന്ന ഇറ്റാലിയന്‍ നിലപാടും സുപ്രീംകോടതി തള്ളിക്കളഞ്ഞു.

വ്യാഴാഴ്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി പ്രതിരോധമന്ത്രി ജിമ്പാവോലോ ഡി പാവോലയുമായി നടത്തിയ ചര്‍ച്ചയേതുടര്‍ന്നാണ് നാവികരെ തിരിച്ചയക്കാന്‍ തീരുമാനിച്ചത്. ഇന്ത്യക്ക് നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന നാവികരുടെ താത്പര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ഇന്ത്യയുമായി ഈ വിഷയത്തിലുള്ള തര്‍ക്കം അന്താരാഷ്ട്ര വിഷയമാണ്. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങേണ്ടതില്ലെന്നായിരുന്നു ഇറ്റലിയുടെ നിലപാട്.കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നകേസിലാണ് ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്.

Advertisement