അർധന​ഗ്നയായി വിമാനത്തിൽ ബഹളമുണ്ടാക്കിയ ഇറ്റാലിയൻ യുവതി അറസ്റ്റിൽ
national news
അർധന​ഗ്നയായി വിമാനത്തിൽ ബഹളമുണ്ടാക്കിയ ഇറ്റാലിയൻ യുവതി അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st February 2023, 5:08 pm

മുംബൈ: പറന്നുയർന്ന വിമാനത്തിൽ ബഹളമുണ്ടാക്കിയ സംഭവത്തിൽ ഇറ്റാലിയൻ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എക്കണോമി ടിക്കറ്റ് എടുത്ത സ്ത്രീ ബിസിനസ് ക്ലാസിൽ സഞ്ചരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിച്ചതോടെയായിരുന്നു യുവതി അക്രമാസക്തയായത്.

കാബിൻ ക്രൂ അം​ഗങ്ങളെ ഉപദ്രവിച്ച ഇവർ അർധന​ഗ്നയായി വിമാനത്തിൽ നടക്കുകയായിരുന്നു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചായിരുന്നു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 30ന് ദുബായിൽ നിന്നും മുംബൈയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. സ്ത്രീ മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ മദ്യലഹരിയിലായിരുന്ന ഇവർ അക്രമാസക്തയാകുകയായിരുന്നുവെന്നും പൈലറ്റിനെ ഉദ്ധരിച്ച് സിയാസത് റിപ്പോർട്ട് ചെയ്യുന്നു.

ദിവസങ്ങൾക്ക് മുൻപ് ഇൻഡി​ഗോ എയർലൈൻസിന്റെ ചെന്നൈ-മുംബൈ വിമാനത്തിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വിമാനം പറന്നുയരുന്നതിനിടെ സുരക്ഷാ ചട്ടങ്ങൾ പാലിക്കാൻ യാത്രക്കാരൻ വിസമ്മതിച്ചു. പിന്നീട് ഇത് ചോദ്യം ചെയ്യാനെത്തിയ കാബിൻ ക്രൂ അം​ഗങ്ങളെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. മുംബൈ പൊലീസെത്തിയാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.

Content Highlight: Italian woman arrested for creating ruckus in plane