എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ വിദേശ്യകാര്യമന്ത്രി രാജിവെച്ചു
എഡിറ്റര്‍
Wednesday 27th March 2013 12:30am

റോം: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ജൂലിയോ ടെര്‍സി രാജിവെച്ചു.

Ads By Google

പാര്‍ലിമെന്റിലാണ് തെര്‍സി രാജിവിവരം പ്രഖ്യാപിച്ചതെന്ന് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ എസ് എ റിപ്പോര്‍ട്ട് ചെയ്തു.

നാവികരെ തിരിച്ചയക്കാനുള്ള ഇറ്റാലിയന്‍ സര്‍ക്കാറിന്റെ തീരുമാനത്തെ നേരത്തേ എതിര്‍ത്ത ജൂലിയോ ടെര്‍സി, തന്റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കാത്ത മന്ത്രിസഭയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ഇന്നലെ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ നടത്തിയ രാജി പ്രഖ്യാപനത്തില്‍ പറഞ്ഞു.

നാവികരോടും അവരുടെ കുടുംബത്തോടുമുള്ള അനുഭാവം പ്രകടിപ്പിക്കാനാണ് തന്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി സ്വദേശത്തേക്ക് മടങ്ങിയ നാവികരെ പിന്നീട് തിരിച്ചയക്കില്ലെന്ന നിലപാടിലായിരുന്നു ഇറ്റലി.

എന്നാല്‍ സുപ്രീം കോടതി കര്‍ശന നടപടി സ്വീകരിക്കുകയും ഇന്ത്യ നയതന്ത്ര സമ്മര്‍ദം ശക്തമാക്കുകയും ചെയ്തതോടെ ഈ മാസം 22ന് നാവികരെ തിരിച്ചയക്കാന്‍ ഇറ്റലി തയ്യാറാകുകയായിരുന്നു.

പ്രതികളായ മാസ്സിമിലിയാനോ ലാത്തോറെയെയും സാല്‍വത്തോറെ ജിറോനെയെയും വധശിക്ഷക്ക് വിധേയമാക്കില്ലെന്നും അറസ്റ്റ് ചെയ്യില്ലെന്നും ഉറപ്പ് ലഭിച്ച ശേഷമാണ് ഇവരെ തിരിച്ചയച്ചത്. വിദേശകാര്യ സഹമന്ത്രിയോടൊപ്പമാണ് നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്.

ഇതത്തേുടര്‍ന്നാണ് ഇറ്റലിയില്‍ പ്രതിഷേധം വ്യാപകമായത്. തെരഞ്ഞെടുപ്പില്‍ വോട്ടുനേടാനുള്ള രാഷ്ട്രീയക്കളിയായിരുന്നു ഇതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

നാവികരെ രാജ്യത്ത് കൊണ്ടുവരികയും തിരിച്ചയക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഭരണ സഖ്യം വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ജനങ്ങളെ വഞ്ചിച്ചുവെന്ന വിമര്‍ശമാണ് പ്രധാനമായും ഉയര്‍ന്നത്.

തിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇറ്റലി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് കാവല്‍ മന്ത്രിസഭയില്‍ നിന്നുള്ള തെര്‍സിയുടെ രാജി.

നാവികരെ തിരിച്ചെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ പേരില്‍ ഇറ്റാലിയന്‍ സ്ഥാനപതിയെ ഇന്ത്യന്‍ സുപ്രീം കോടതി ഭീഷണിപ്പെടുത്തിയെന്നും ഇറ്റാലിയന്‍ പത്രങ്ങള്‍ എഴുതിയിരുന്നു.

Advertisement