എഡിറ്റര്‍
എഡിറ്റര്‍
ഹെലികോപ്റ്റര്‍ ഇടപാട്; ആരൊക്കെയോ പണം വാങ്ങി: എ.കെ ആന്റണി
എഡിറ്റര്‍
Monday 25th March 2013 12:27pm

ന്യൂദല്‍ഹി:അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ആരൊക്കെയോ ചിലര്‍ പണം വാങ്ങിയിട്ടുണ്ടെന്ന് എ.കെ ആന്റണി.

ഇടപാടില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ്. അഴിമതിക്കാരെ ഒരു കാരണവാശാലും സംരക്ഷിക്കില്ലെന്നും ആന്റണി പറഞ്ഞു.

Ads By Google

കൊച്ചി നാവിക ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ട്. അന്വേഷണം തീരാന്‍ കാത്തിരിക്കുകയാണ്. ഇവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഹെലികോപ്റ്റര്‍ കരാറുമായി ബന്ധപ്പെട്ടു നടന്ന  രേഖകള്‍ ഇറ്റാലിയന്‍ അധികൃതരില്‍  നിന്നും സി.ബി.ഐക്ക് ലഭിച്ചിരുന്നു.

വി.വി.ഐ.പി കള്‍ക്കായുള്ള  ഹെലികോപ്റ്ററുകള്‍ ഇന്ത്യയെക്കൊണ്ടു വാങ്ങിപ്പിക്കാന്‍ 362 കോടി രൂപ കോഴ നല്‍കിയെന്നും ഇന്ത്യയിലെ മുന്‍ വ്യോമസേനാമേധാവി എസ്.പി. ത്യാഗി കോഴ വാങ്ങിയെന്നും ആരോപണമുണ്ടായിരുന്നു.

ഇറ്റലിയില്‍ നിന്ന് ലഭിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സി.ബി.ഐ തയ്യാറായിരുന്നില്ല.

കേസിന്റെ പുരോഗതിയെ കുറിച്ചുള്ള  പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തലിലൂടെ ആരോപണങ്ങള്‍ക്കെല്ലാം അടിസ്ഥാനമുണ്ടെന്നാണ് കരുതുന്നത്.

അതേസമയം അഗസ്ത വെസ്റ്റ്‌ലന്‍ഡിന്റെ എ.ഡബ്ല്യു. 101 ഹെലികോപ്റ്റര്‍ നല്‍കാന്‍ ഇന്ത്യയുമായി ഒപ്പുവെച്ച കരാറില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇറ്റാലിയന്‍ കമ്പനിയുടെ വിശദീകരണം.

പ്രതിരോധ സംഭരണ നടപടി പ്രകാരം ഇന്ത്യന്‍ വ്യോമസേന നടത്തിയ സാങ്കേതികവും പറക്കല്‍ സംബന്ധിയായതുമായ എല്ലാ പരീക്ഷണങ്ങളും പാസ്സായ ശേഷമാണ് തങ്ങള്‍ക്കു കരാര്‍ ലഭിച്ചതെന്നും കമ്പനി പ്രതിരോധ മന്ത്രാലയത്തിനയച്ച മറുപടിയില്‍ പറഞ്ഞിരുന്നു.

Advertisement