എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊലക്കേസില്‍ ഇറ്റലിക്കായി മുകുല്‍ രോഹ്ത്തഗി ഹാജരാകും:നയതന്ത്ര പരിരക്ഷയില്ലെന്ന് കേന്ദ്രം
എഡിറ്റര്‍
Monday 18th March 2013 9:36am

ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി മുകുല്‍ രോഹ്ത്തഗി സുപ്രീം കോടതിയില്‍ ഹാജരാകും. നാവികര്‍ ഇറ്റലിയില്‍ നിന്നും മടങ്ങിയെത്താത്തതിനെ കുറിച്ച് ഇദ്ദേഹം കോടതിയില്‍ വിശദീകരിക്കും.

Ads By Google

അതേസമയം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇറ്റാലിയന്‍ സ്ഥാനപതി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയേക്കില്ലെന്നാണ് അറിയുന്നത്. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. വിയന്ന കണ്‍വെന്‍ഷനിലെ 33(3) വകുപ്പ് പ്രകാരം നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇക്കാര്യം കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കും.

സത്യവാങ് മൂലം നല്‍കിയാല്‍ കോടതിയുടെ തുടര്‍ നടപടികള്‍ക്ക് വിധേയനാകേണ്ടി വരുമെന്നതിനാലാണ് ഇറ്റലിയുടെ ഒഴിഞ്ഞ് മാറാനുള്ള ശ്രമമെന്നാണ് വിലയിരുത്തല്‍.

നയതന്ത്ര പരിരക്ഷ ഉണ്ടെന്ന് കാട്ടി മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് ഇറ്റലിയുടെ തീരുമാനം. എന്നാല്‍ നാവികരെ ഇന്ത്യയില്‍ തിരിച്ചു കൊണ്ടുവരില്ലെന്നും പ്രശ്‌നം പരിഹരിക്കേണ്ടത് അന്താരാഷ്ട്ര കോടതിയാണെന്നാണ് ഇറ്റലിയുടെ നിലപാട്.

സമയ പരിധി കഴിഞ്ഞാല്‍ നാവികരെ തിരിച്ചുകൊണ്ടുവരണമെന്ന് ഉറപ്പ് ലംഘിച്ചതെന്തുകൊണ്ടെന്ന് വിശദീകരിച്ച് സത്യവാങ് മൂലം തിങ്കളാഴ്ച്ച നല്‍കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

സുപ്രീംകോടതിക്ക് രേഖാമൂലം നല്‍കിയ വാക്ക് പാലിക്കാത്ത സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ ലഭ്യമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഈ സാഹചര്യത്തില്‍ സ്ഥാനപതിക്ക് പരിരക്ഷ നല്‍കണയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാകും.

18ാം തീയതി വരെ രാജ്യം വിട്ട് പോകുന്നത് വിലക്കി കൊണ്ടായിരുന്നു ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മന്‍ഷീനിക്ക് നോട്ടീസ് അയച്ചിരുന്നു.

Advertisement