വല്ലവനും കഞ്ചാവടിച്ച് നടത്തിയ സര്‍വേ, അല്ലാതെന്ത് പറയാന്‍; ബി.ജെ.പിക്ക് ജയം പ്രവചിച്ച സര്‍വേയിൽ അഖിലേഷ് യാദവ്
2022 U.P Assembly Election
വല്ലവനും കഞ്ചാവടിച്ച് നടത്തിയ സര്‍വേ, അല്ലാതെന്ത് പറയാന്‍; ബി.ജെ.പിക്ക് ജയം പ്രവചിച്ച സര്‍വേയിൽ അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th January 2022, 7:47 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം പ്രവചിക്കുന്ന സര്‍വേഫലങ്ങളെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അത് അഭിപ്രായ സര്‍വേ അല്ലായെന്നും കേവലം കഞ്ചാവ് സര്‍വേ (Opium Polls Not Opinion Polls) ആണെന്നുമായിരുന്നു അഖിലേഷ് പറഞ്ഞത്.

എന്‍.ഡി.ടി.വിയോടായിരുന്നു അഖിലേഷിന്റെ പ്രതികരണം.

‘ഇതൊന്നും അഭിപ്രായ സര്‍വേകളല്ല, കേവലം കഞ്ചാവ് സര്‍വേകളാണ്. എന്തൊക്കെ വലിച്ചു കയറ്റിയിട്ടാണ് അവര്‍ ഇത്തരത്തിലുള്ള ഡാറ്റയും കണക്കുകളും കാണിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലാവുന്നില്ല,’ അഖിലേഷ് പറയുന്നു.

അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടി.വിയിലുള്ള അഭിപ്രായ വോട്ടെടുപ്പുകള്‍ നിരോധിക്കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. വ്യക്തമായ കണക്കുകളോ കാര്യങ്ങളോ ഇല്ലാതെയാണ് ടി.വി ചാനലുകള്‍ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ബി.ജെ.പിയുടെ എം.എല്‍.എമാര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ പോലും പ്രവേശിക്കാന്‍ സാധിക്കുന്നില്ല, ജനങ്ങള്‍ അവരെ ആട്ടിയോടിക്കുകയാണ്. അവരുടെ എം.പിമാരെയും ഉപമുഖ്യമന്ത്രിമാരെയും ജനങ്ങള്‍ തെരുവില്‍ തടയുകയാണ്.

ജനങ്ങള്‍ അവര്‍ക്കെതിരാണെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇതെല്ലാം. പിന്നെ എന്ത് അഭിപ്രായ സര്‍വേയാണ് അവര്‍ കാണിക്കുന്നത്. അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്,’ അദ്ദേഹം പറയുന്നു.

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ തൊഴിലില്ലായമ രൂക്ഷമാണെന്നും, എന്നാല്‍ സര്‍ക്കാര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണെന്നും അഖിലേഷ് പറയുന്നു.

‘അവര്‍ വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരണം നടത്തുന്നു. അവര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നു. ബംഗാളിലെ ഫ്‌ളൈ ഓവറാണ് ഉത്തര്‍പ്രദേശില്‍ നിര്‍മിച്ചതെന്നാണ് അവര്‍ പറയുന്നത്. ചൈനയിലെ കെട്ടിടങ്ങളും അമേരിക്കയിലെ ഓഫീസുകളും കാണിച്ചാണ് അവര്‍ ജനങ്ങളെ പറ്റിക്കുന്നത്,’ അഖിലേഷ് പറയുന്നു.

Uttar Pradesh Assembly Election, Akhilesh Yadav To Fight His 1st UP Polls  From Family Stronghold Of Karhal

അതേസമയം, ഉത്തര്‍പ്രദേശില്‍ ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.പി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഖിലേഷ് യാദവ് തന്നെയായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് എസ്.പി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

സമാജ്‌വാദി പാര്‍ട്ടിയുടെ കുത്തക മണ്ഡലമായി കര്‍ഹാലില്‍ നിന്നും മത്സരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നയിക്കാനാണ് അഖിലേഷ് യാദവ് ഒരുങ്ങുന്നത്.

സമാജ്‌വാദി പാര്‍ട്ടിയെയും അഖിലേഷിനെയും സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കര്‍ഹാല്‍.

സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് മറ്റു മണ്ഡലങ്ങളില്‍ ആവശ്യമായ പ്രചരണവും ക്യാമ്പെയ്‌നുകളും സംഘടിപ്പിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷ് കര്‍ഹാല്‍ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് കരുതുന്നത്.

അഖിലേഷ് യാദവിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവുമായ മുലായം സിംഗ് യാദവ് അഞ്ച് തവണ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമായ മെയിന്‍പുരിയിലെ അഞ്ച് നിയമസഭാ മണ്ഡലത്തില്‍ ഒന്നാണ് കര്‍ഹാല്‍.

1993 മുതല്‍ സമാജ്‌വാദി പാര്‍ട്ടിയെ, 2002ല്‍ ഒരിക്കല്‍ മാത്രമാണ് കര്‍ഹാല്‍ കൈവിട്ടത്. എന്നാല്‍ 2002ല്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചു കയറിയ എം.എല്‍.എ പിന്നീട് എസ്.പിയില്‍ ചേരുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: It just Opium Polls not Opinion Polls, SP leader Akhilesh Yadav slams the surveys giving upper hand to BJP in UP election