യെച്ചൂരിയുടെ യാത്രക്കായി സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റ്; പരാതി ലഭിച്ചാല്‍ നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്
Kerala News
യെച്ചൂരിയുടെ യാത്രക്കായി സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റ്; പരാതി ലഭിച്ചാല്‍ നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th April 2022, 10:30 am

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ വന്ന സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ യാത്രക്കായി സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നടപടി നിയമപരമായി തെറ്റാണ്. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ആര്‍.ടി.ഒ വ്യക്തമാക്കി.

യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസിലെ പ്രതിയുടെ വാഹനത്തിലാണെന്ന് ബി.ജെ.പി ആരോപണവുമായി വന്നതോടെയാണ് വിവാദമുയര്‍ന്നത്.


യെച്ചൂരി ഉപയോഗിച്ചത് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കാറാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
എന്നാല്‍, ആരോപണം തള്ളി കാര്‍ ഉടമ നാദാപുരം സ്വദേശി സിദ്ദിഖ് പുത്തന്‍പുരയില്‍ രംഗത്തെത്തി. പവിത്രന്‍ എന്നൊരാള്‍ക്ക് റെന്റ് എ കാര്‍ വ്യവസ്ഥയിലാണ് വാഹനം വിട്ടുനല്‍കിയതെന്നും ഇയാള്‍ക്ക് ഇത്തരത്തില്‍ മുമ്പും വാഹനം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണെന്ന ആരോപണങ്ങളും സിദ്ദിഖ് തള്ളി.

അതേസമയം, ട്രാവല്‍ ഏജന്‍സി വഴിയെടുത്ത കാറാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയപ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ചതെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞിരുന്നു.

 

Content Highlights: It is illegal to use a private vehicle as a taxi for Yechury’s journey; The Department of Motor Vehicles will take action if a complaint is received