ഫലസ്തീനികള്‍ക്ക് നേരെയുള്ള പട്ടാളത്തിന്റെ ആക്രമണങ്ങളില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; നെതന്യാഹുവിനോട് ബൈഡന്‍
World News
ഫലസ്തീനികള്‍ക്ക് നേരെയുള്ള പട്ടാളത്തിന്റെ ആക്രമണങ്ങളില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; നെതന്യാഹുവിനോട് ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th May 2021, 8:25 am

വാഷിംഗ്ടണ്‍: ഫലസ്തീനെതിരെയുള്ള ആക്രമണങ്ങളില്‍ ഇസ്രാഈല്‍ ഗണ്യമായ കുറവ് വരുത്തണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഫലസീതിനികള്‍ക്ക് നേരെ പട്ടാളം നടത്തുന്ന ഏറ്റുമുട്ടലുകളില്‍ ഇസ്രാഈല്‍ വലിയ രീതിയില്‍ കുറവ് വരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ബൈഡന്‍ പറഞ്ഞു.

നെതന്യാഹുവുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചെന്നും ഈ കോളിലാണ് ആക്രമണങ്ങള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട് പ്രസ്താവനയില്‍ പറയുന്നു. ‘വെടിനിര്‍ത്തല്‍ എന്ന നടപടിയിലേക്ക് നീങ്ങണമെന്നും അതിന്റെ ഭാഗമായി ആക്രമണങ്ങള്‍ കുറച്ചുകൊണ്ടുവരണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടു,’ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ ഇസ്രാഈലിനെ പിന്തുണച്ചുകൊണ്ടാണ് ബൈഡന്‍ രംഗത്തെത്തിയിരുന്നത്. ഗാസയില്‍ ഇസ്രാഈല്‍ ആക്രമണം നടത്തുന്നതിനിടെ ഇസ്രാഈലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു സംഭവത്തില്‍ ബൈഡന്റെ ആദ്യ പ്രതികരണം.

ഇസ്രാഈലും ഫലസ്തീനും തമ്മിലുള്ള ആക്രമണം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരമുണ്ടാക്കണമെന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പ്രമേയം അമേരിക്ക തള്ളുകയും ചെയ്തിരുന്നു.

സര്‍ക്കാരിന്റെ നടപടിക്കും ബൈഡന്റെ പ്രസ്താവനക്കുമെതിരെ അമേരിക്കയില്‍ നിന്നുതന്നെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബൈഡന്‍ രംഗത്തെത്തുകയായിരുന്നു.

ബൈഡന്റെ നേതൃത്വത്തില്‍ ഈജിപ്ത് അടക്കമുള്ള രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇസ്രാഈലും ഫലസ്തീനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അതേസമയം ഗാസയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, മെയ് 10 മുതല്‍ 227 ഫലസ്തീനികളാണ് ഇസ്രാഈലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 64 കുട്ടികളും 38 സ്ത്രീകളും ഉള്‍പ്പെടുന്നു. 1500ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തില്‍ 12 ഇസ്രാഈലികള്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു.

പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Biden told Netanyahu that he wants to see a significant decrease in Israel military’s attack against Palestine