ഹമാസിന് ബദലാവാന്‍ ഇസ്രഈലിന് കഴിയില്ല, ചെറുത്തുനില്‍പ്പിന് മുന്നില്‍ സൈന്യം പരാജയപെട്ടു: ഇസ്രഈല്‍ യുദ്ധ കാബിനറ്റ് മന്ത്രി
World News
ഹമാസിന് ബദലാവാന്‍ ഇസ്രഈലിന് കഴിയില്ല, ചെറുത്തുനില്‍പ്പിന് മുന്നില്‍ സൈന്യം പരാജയപെട്ടു: ഇസ്രഈല്‍ യുദ്ധ കാബിനറ്റ് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th January 2024, 4:53 pm

ടെല്‍ അവീവ്: ഗസയിലെ യുദ്ധം നൂറ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഹമാസിനെ മുട്ടുകുത്തിക്കുന്നതില്‍ ഇസ്രഈലി സൈന്യം പരാജയപ്പെട്ടുവെന്ന് ഇസ്രഈല്‍ യുദ്ധ കാബിനറ്റ് മന്ത്രി ഗിദിയോന്‍ സാര്‍.

പരാജയപ്പെടുന്നതില്‍ നിന്ന് ഹമാസ് വളരെ അകലത്തിലാണെന്നും ഹമാസിന് ബദലായി ഗസയില്‍ ഭരണം നടത്താന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും ഗിദിയോന്‍ സാര്‍ പറഞ്ഞു. നിരന്തരമായി ഇസ്രഈലി സൈന്യം ഗസയില്‍ ആക്രമണം നടത്തുന്നുണ്ടെങ്കിലും ഹമാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പ് മറ്റൊന്നിനും ബദലല്ലെന്നും ഗിദിയോന്‍ സാര്‍ വ്യക്തമാക്കി.

അതേസമയം ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ ഇസ്രഈലിന് കഴിയില്ലെന്നും മാസങ്ങളോളം ഗസയില്‍ നിന്നുകഴിഞ്ഞാല്‍ നൂറുക്കണക്കിന് സൈനികര്‍ മരിക്കുമെന്നും മുന്‍ ഇസ്രഈല്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ കഴിഞ്ഞ മാസം ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസുമായുള്ള യുദ്ധത്തില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഇസ്രഈല്‍ മുന്‍ സൈനിക മേധാവി ഡാന്‍ ഹാലുട്ട്‌സ് പറഞ്ഞിരുന്നു.

ഭാവിയില്‍ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നതില്‍ ആശങ്കയുണ്ടെന്നും ഹാലുട്ട്‌സ് ഇസ്രഈലി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹമാസ് തടവിലാക്കിയ ഇസ്രഈലി ബന്ദികളെ മോചിപ്പിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഇസ്രഈലിന്റെ മുന്‍ സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 24,448 ആയി വര്‍ധിച്ചുവെന്നും 61,504 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

ഇസ്രഈലിന്റെ ആക്രമണത്തില്‍ ബുധനാഴ്ച മാത്രമായി 163 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 350 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ വെസ്റ്റ് ബാങ്കിലെ നഗരങ്ങളില്‍ ഇസ്രഈലി സൈന്യം വ്യാപകമായി റെയ്ഡും വ്യോമാക്രമണങ്ങളും നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

Content Highlight: Israeli War Cabinet Minister Says Israeli Army Failed To Bring Hamas To Its Knees