പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഫലം കണ്ടില്ല: നിരവധി ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്ത് ഇസ്രഈലി സൈന്യം
Middle East Politics
പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഫലം കണ്ടില്ല: നിരവധി ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്ത് ഇസ്രഈലി സൈന്യം
ന്യൂസ് ഡെസ്‌ക്
Monday, 22nd July 2019, 1:00 pm

ജറുസലേം: അതിര്‍ത്തിയിലെ മതിലിന് സമീപത്തുള്ള സര്‍ ബഹര്‍ ഗ്രാമത്തിലെ ഫലസ്തീനിയന്‍ ഭവനങ്ങള്‍ തകര്‍ത്ത് ഇസ്രഈലി സൈന്യം. നൂറുകണക്കിന് ഇസ്രഈലി സൈനികരാണ് ബുള്‍ഡോസറുകളുമായി ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കും ഫലസ്തീനിയന്‍ പ്രതിഷേധങ്ങള്‍ക്കും ഇടയിലാണ് വീട് തകര്‍ക്കാനുള്ള നീക്കവുമായി ഇസ്രഈല്‍ മുന്നോട്ടുപോകുന്നത്.

ഏതാണ്ട് നൂറോളം വീടുകളുള്ള 16 റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളാണ് തിങ്കളാഴ്ച തകര്‍ത്തതെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫലസ്തീനികള്‍ ‘അപ്പാര്‍ത്തീഡ് വാള്‍’ എന്നു വിശേഷിപ്പിക്കുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മതിലിനടുത്തുള്ള പ്രദേശങ്ങളിലെ വീടുകള്‍ തകര്‍ക്കാനാണ് ഇസ്രഈല്‍ സൈന്യത്തിന്റെ തീരുമാനം.

ഈ വിഷയത്തില്‍ സൈന്യത്തിന് അനുകൂലമായി ഇസ്രഈലി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും വീടുകള്‍ തിങ്കളാഴ്ച തകര്‍ക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 1993ലെ ഓസ്ലോ ഉടമ്പടി പ്രകാരം ഫലസ്തീനിയന്‍ അതോറിറ്റിക്കു കീഴില്‍ വരുന്ന സുര്‍ ബഹര്‍ ഗ്രാമത്തിനുള്ളിലുള്ള വീടുകളാണ് തകര്‍ക്കാന്‍ നിര്‍ദേശിച്ചവയില്‍ പലതുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.