ടെല്‍ അവീവ്: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന് പൂര്‍ണ ഇസ്രഈല്‍ കാബിനറ്റിന്റെ അംഗീകാരം. 24 മന്ത്രിമാരാണ് കരാറിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. എട്ട് പേര്‍ പ്രതികൂലിച്ചും വോട്ട് ചെയ്തു.
നാളെ (ഞായറാഴ്ച) മുതല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം ഗസ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിര്‍ രാജിവെക്കുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനം ഉള്‍പ്പെടെ തള്ളിയാണ് കാബിനറ്റ് കരാര്‍ അംഗീകരിച്ചത്. ബെന്‍ ഗ്വിര്‍, ബസലേല്‍ സ്‌മോട്രിച്ച് അടക്കമുള്ള തീവ്രവലതുപക്ഷക്കാരായ ഘടകകക്ഷികളാണ് കരാറിനെ പ്രതികൂലിച്ച് വോട്ട് ചെയ്തത്.
കരാര്‍ പ്രകാരം, നാളെ ബന്ദികളുടെ ആദ്യസംഘത്തെ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് മോചിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആദ്യഘട്ടത്തിൽ മോചിപ്പിക്കാനിരിക്കുന്ന 95 ബന്ദികളുടെ പട്ടിക ഇസ്രഈല്‍ നീതിന്യായ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
കരാര്‍ നടപ്പിലാക്കുന്നതിലെ തടസങ്ങള്‍ മാറിയെന്ന് ഹമാസും പ്രതികരിച്ചു. വെടിനിര്‍ത്തല്‍ 19ന് തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചു. തിങ്കളാഴ്ച ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി ഗസ വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ ഇസ്രഈലിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു.
വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ കരാറിനെ അനുകൂലിച്ച് ഇസ്രഈല്‍ സുരക്ഷാ കാബിനറ്റ് വോട്ട് ചെയ്തിരുന്നു. ഖത്തറിന്റെയും യു.എസിന്റെയും ഈജിപ്തിന്റേയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലൂടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമായത്.
42 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനാണ് ഇപ്പോള്‍ പൂര്‍ണ ഇസ്രഈല്‍ കാബിനറ്റിന്റെ അംഗീകാരം ലഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ഹമാസിന്റെ പക്കലുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 33 ബന്ദികളെ ഇസ്രഈലിന് കൈമാറും. ഇതിന് പകരമായി ഇസ്രഈലിന്റെ തടവിലുള്ള 2000ത്തോളം ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.
ഇസ്രഈല്‍ ഓരോ സിവിലിയന്‍ ബന്ദിക്കായി 30 ഫലസ്തീന്‍ തടവുകാരെയും ഓരോ ഇസ്രഈല്‍ വനിതാ സൈനികര്‍ക്കായി 50 തടവുകാരെയും മോചിപ്പിക്കും. രണ്ടാമത്തെ ഘട്ടത്തില്‍ ഹമാസ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കും.
കൂടാതെ സ്ഥിരമായ വെടിനിര്‍ത്തലിനുമുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ ഇസ്രഈല്‍ സൈന്യം പൂര്‍ണമായും ഗസയില്‍ നിന്ന് പിന്മാറണം. മൂന്നാംഘട്ടത്തില്‍ ഗസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചര്‍ച്ചകളും ആരംഭിക്കും.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രഈല്‍ ഗസയില്‍ വ്യാപകമായി ആക്രമണങ്ങള്‍ നടത്തിയിരുന്നു. 120 ഓളം ഫലസ്തീനികളാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം 46,876 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1,10,642 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.