ഹിസ്ബുള്ളയെ ഇസ്രഈൽ പ്രകോപിപ്പിക്കുന്നു, ഇത് അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കും; വൈറ്റ് ഹൗസിന് ആശങ്കയെന്ന് റിപ്പോർട്ട്
World News
ഹിസ്ബുള്ളയെ ഇസ്രഈൽ പ്രകോപിപ്പിക്കുന്നു, ഇത് അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കും; വൈറ്റ് ഹൗസിന് ആശങ്കയെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st November 2023, 5:56 pm

വാഷിങ്ടൺ: ഹിസ്ബുള്ളയെ പ്രകോപിപ്പിക്കുന്ന ഇസ്രഈൽ നടപടി അവസാനിപ്പിക്കണമെന്നും ലെബനനിൽ യുദ്ധമുണ്ടായാൽ അമേരിക്ക കുഴപ്പത്തിലാകുമെന്നും ഇസ്രഈലിനെ യു.എസ് പ്രസിഡന്റ്‌ ജോ ബൈഡന്റെ ഉപദേഷ്ടാവ് അമോസ് ഹോക്സ്റ്റീൻ അറിയിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ.

നവംബർ 20ന് ഇസ്രഈലിലെത്തിയ ഹോക്സ്റ്റീൻ ഇസ്രഈലിന്റെ സൈനികകാര്യ മന്ത്രി യോവ ഗാലന്റ്, തന്ത്രകാര്യ മന്ത്രി രോൺ ഡർമർ, ഇസ്രഈലി സൈനിക മേധാവി ഹെർസി ഹാലെവി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാക്കി ഹനേബി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ലെബനനിൽ ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങൾ ഒരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്നതിൽ ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചതിന് പിന്നാലെയാണ് അമേരിക്കൻ ഉപദേഷ്ടാവിന്റെ ഇസ്രഈൽ സന്ദർശനം.

ഹിസ്ബുള്ളയെ ഇസ്രഈൽ പ്രകോപിപ്പിക്കുന്നത് ലെബനനിൽ വലിയ യുദ്ധം ഉണ്ടാകുന്നതിലേക്ക് നയിക്കുമെന്നും ഇതിലേക്ക് യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വലിച്ചിഴക്കപ്പെടുമെന്നും ബൈഡൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടെന്ന് അമേരിക്കൻ മാധ്യമമായ ആക്സിയോൺ റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രഈൽ അതിർത്തിയിൽ നിന്ന് റദ്വാൻ സേനയെ പിൻവലിക്കാൻ അമേരിക്ക ഹിസ്ബുള്ളയോട് സമ്മർദം ചെലുത്തണമെന്നാണ് ഇസ്രഈലിന്റെ ആവശ്യം.

ഗസയിലെ ഇസ്രഈൽ ആക്രമണങ്ങൾ വർധിക്കുകയും വിദേശ സൈന്യം യുദ്ധത്തിൽ ഇസ്രഈലിനെ സഹായിക്കുകയും ചെയ്താൽ തങ്ങൾ ഹമാസിനൊപ്പം ചേർന്ന് ഇസ്രഈലിനെ ചെറുക്കുമെന്ന് ഹിസ്‌ബുള്ള നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlight: Israel trying to provoke Hezbollah, draw US into a wider war: US media