'ഫലസ്തീന്‍ യുവാവിനെ പോയിന്റ് ബ്ലാങ്കില്‍ ഷൂട്ട് ചെയ്തവന്‍ ഹീറോ'; സൈനികനെ പ്രശംസിച്ച് ഇസ്രഈലിന്റെ നിയുക്ത മന്ത്രി
World News
'ഫലസ്തീന്‍ യുവാവിനെ പോയിന്റ് ബ്ലാങ്കില്‍ ഷൂട്ട് ചെയ്തവന്‍ ഹീറോ'; സൈനികനെ പ്രശംസിച്ച് ഇസ്രഈലിന്റെ നിയുക്ത മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th December 2022, 11:37 am

ടെല്‍ അവീവ്: വീണ്ടും ഫലസ്തീന്‍ വിരുദ്ധ പരാമര്‍ശവുമായി ഇസ്രഈലിന്റെ നിയുക്ത സുരക്ഷാ വിഭാഗം മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ (Itamar Ben-Gvir).

ഒരു ഫലസ്തീന്‍ യുവാവിനെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവെച്ച് കൊന്ന ഇസ്രഈലി സൈനികനെ പ്രശംസിച്ചുകൊണ്ടാണ് ബെന്‍ ഗ്വിറിന്റെ ഏറ്റവും പുതിയ പരാമര്‍ശം.

‘കൃത്യവും വേഗതയേറിയതു’മായ കൊലപാതകമായിരുന്നു അതെന്നും ഇസ്രഈലി സൈനികന്‍ ഒരു ‘ഹീറോ’ ആണെന്നും വെള്ളിയാഴ്ച സൈനികനോട് സംസാരിക്കുന്നതിനിടെ ബെന്‍ ഗ്വിര്‍ പറഞ്ഞു. ഇസ്രഈലി സൈനികന്‍ തന്റെ ജോലി ‘നന്നായി’ ചെയ്തുവെന്നും തീവ്ര വലതുപക്ഷ നേതാവായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കൂട്ടിച്ചേര്‍ത്തു.

22കാരനായ അമ്മാര്‍ മെഫ്ലെ (Ammar Mefleh) ആയിരുന്നു ഇസ്രഈലി സൈനികന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഫ്‌ലെക്ക് വെടിയേല്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

”കൃത്യമായ നടപടി. നിങ്ങള്‍ ഞങ്ങളുടെയെല്ലാം അഭിമാനം കാത്തുസൂക്ഷിച്ചു. നിങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. നിങ്ങള്‍ നിങ്ങളെയും അവിടെയുണ്ടായിരുന്ന ജനങ്ങളെയും ഒരുപോലെ സംരക്ഷിച്ചു.

ആയുധം മോഷ്ടിക്കാനും ഒരു സൈനികനെ കൊല്ലാനും ആഗ്രഹിക്കുന്നതിന് മുമ്പ്, സൈനികര്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണെന്ന് കൂടി ഓരോ തീവ്രവാദികളും അറിഞ്ഞിരിക്കണം,” എന്നാണ് ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പറഞ്ഞത്.

”ഞങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചത് ചെയ്യാന്‍ കഴിഞ്ഞതിലും, അത് ഇങ്ങനെ അവസാനിച്ചതിലും സന്തോഷമുണ്ട്,” എന്നായിരുന്നു ബെന്‍ ഗ്വിറിന്റെ പ്രശംസക്ക് മറുപടിയായി സൈനികന്‍ എം.പിയോട് പറഞ്ഞത്.

അതേസമയം, മാരകമായി വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് മെഫ്ലെ പ്രത്യാക്രമണം നടത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇസ്രഈല്‍ സേന അവകാശപ്പെടുന്നത്.

എന്നാല്‍ സൈനികനുമായുള്ള വഴക്കിനിടെ മെഫ്ലെയുടെ കൈകള്‍ ശൂന്യമായിരുന്നുവെന്നാണ് വെടിയേറ്റ നിമിഷങ്ങളിലെ വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

നാബ്ലസിനടുത്തുള്ള (Nablus) അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ ഹുവാരയില്‍ (Huwwara) വെച്ചായിരുന്നു അമ്മാര്‍ മെഫ്ലെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഫ്‌ലെയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ഇസ്രഈലി സൈനികന്‍ ഇദ്ദേഹത്തിന് നേരെ രണ്ട് തവണ വെടിയുതിര്‍ക്കുകയായിരുന്നു.

മെഫ്ലെയുടെ കൊലപാതകത്തിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിശാലമായ പകല്‍വെളിച്ചത്തില്‍ നടന്ന വധശിക്ഷ എന്നാണ് വെടിവെപ്പിനെ വിവിധ സംഘടനകള്‍ വിശേഷിപ്പിച്ചത്.

ഇക്കഴിഞ്ഞയാഴ്ച ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയ ഒമ്പതാമത് ഫലസ്തീനിയാണ് മെഫ്ലെ.

Content Highlight: Israel’s incoming national security minister Itamar Ben-Gvir praises the soldier who shot a Palestinian man dead