ഇസ്രഈലിനൊപ്പം ചേര്‍ന്ന് മൊറോക്കോ ഇസ്‌ലാമിനെ വഞ്ചിച്ചു; ട്രംപിന്റെ മധ്യസ്ഥതയിലുള്ള പുതിയ കൂട്ടുകെട്ടിനെതിരെ ഇറാന്‍
World News
ഇസ്രഈലിനൊപ്പം ചേര്‍ന്ന് മൊറോക്കോ ഇസ്‌ലാമിനെ വഞ്ചിച്ചു; ട്രംപിന്റെ മധ്യസ്ഥതയിലുള്ള പുതിയ കൂട്ടുകെട്ടിനെതിരെ ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th December 2020, 1:05 pm

ടെഹ്‌റാന്‍: ഇസ്രഈലുമായി അമേരിക്കയുടെ നേതൃത്വത്തില്‍ നോര്‍മലൈസേഷന്‍ കരാറില്‍ ഒപ്പുവെച്ച മൊറോക്ക ഇസ്‌ലാമിനെ വഞ്ചിച്ചെന്ന് ഇറാന്‍.

ഇറാന്റെ പ്രധാന നേതാവായ അയത്തുള്ള അലി ഖമനേരിയുടെ ഉപദേഷ്ടാവായ അലി അക്ബര്‍ വെലയാട്ടിയാണ് ഇസ്രഈല്‍-മെറോക്കോ കൂട്ടുകെട്ടിനെതിരെ രംഗത്ത് വന്നത്.

ഇസ്രഈലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ കൂട്ടുകെട്ടിന് സമീപ ഭാവിയില്‍ തന്നെ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ സഹാറ തര്‍ക്കഭൂമിക്ക് മേലുള്ള തങ്ങളുടെ അവകാശവാദം അമേരിക്ക അംഗീകരിച്ചതോടെയാണ് ഇസ്രഈലുമായുള്ള ബന്ധത്തിന് മൊറോക്കോ തയ്യാറായത്.

അടുത്തിടെ ഇസ്രഈലുമായി, യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ബന്ധം സ്ഥാപിച്ചിരുന്നു.

ഇസ്രഈലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ കൂട്ടുകെട്ടിനെതിരെ ഫലസ്തീന്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുന്നതിന് മുന്‍പ് പരമാവധി അറബ് രാജ്യങ്ങളെ ഇസ്രഈലുമായി അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ദശാബ്ദങ്ങളായി മൊറോക്കോ നോട്ടമിട്ട പശ്ചിമ സഹാറ മേഖലയിലൂടെയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ്രഈല്‍ – മെറോക്ക അനുനയ നീക്കം നടന്നത്.

മൊറോക്കോ അവകാശവാദം ഉന്നയിക്കുന്ന സഹാറയെ ആഫ്രിക്കന്‍ യൂണിയന്‍ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചിരുന്നു. മേഖലയെ സ്വന്തമാക്കാനായി മൊറോക്ക നിരന്തരം നയതന്ത്ര ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് മൊറോക്കോയുട സഹാറ അവകാശവാദം അമേരിക്ക അംഗീകരിച്ചത്. ഇത് മേഖലയില്‍ അടുത്ത സംഘര്‍ഷത്തിനും ഇടയാക്കും.

1975ലാണ് സ്പാനിഷ് കോളനിയായ പശ്ചിമ സഹാറ മൊറോക്കൊയ്‌ക്കൊപ്പം ചേര്‍ക്കപ്പെടുന്നത്. തങ്ങളെ സ്വതന്ത്ര്യ രാജ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ സഹാറയില്‍ പൊലീസാരിയോ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ സമരവും നടന്നു വരികയാണ്.

16 വര്‍ഷത്തിലേറേ നീണ്ടു നിന്ന ഏറ്റുമുട്ടല്‍ യു.എന്‍ മധ്യസ്ഥതയിലാണ് പരിഹരിച്ചിരുന്നത്. അന്ന് ഹിത പരിശോധന നടത്താമെന്ന വ്യവസ്ഥയിലായിരുന്നു സംഘര്‍ഷങ്ങള്‍ അയഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Israel normalisation: Iranian official condemns Morocco’s ‘betrayal of Islam’