'മുസ്‌ലിങ്ങളെ ഭീകരരായി ചിത്രീകരിക്കുക'; അമേരിക്കന്‍ സംഘങ്ങള്‍ക്ക് കോടികള്‍ നല്‍കി ഇസ്രഈല്‍
World News
'മുസ്‌ലിങ്ങളെ ഭീകരരായി ചിത്രീകരിക്കുക'; അമേരിക്കന്‍ സംഘങ്ങള്‍ക്ക് കോടികള്‍ നല്‍കി ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd January 2022, 11:21 am

ന്യൂയോര്‍ക്ക്: മുസ്‌ലിങ്ങളെ ഭീകരരായും മുസ്‌ലിം മതത്തെ തീവ്രവാദികളുടെ സംഘമായും ചിത്രീകരിക്കാന്‍ ഇസ്രഈല്‍ കോടികള്‍ മുടക്കുന്നതായി റിപ്പോര്‍ട്ട്.

അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളിലേക്ക് സയോണിസ്റ്റ് രാഷ്ട്രമായ ഇസ്രഈലില്‍ നിന്നും ബില്യണ്‍ കണക്കിന് ഡോളറുകള്‍ ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്. ടി.ആര്‍.ടി വേള്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയിലുള്ള മുസ്‌ലിം ആക്ടിവിസ്റ്റുകളെ തരംതാഴ്ത്തി ചിത്രീകരിക്കുന്നതിനായി, ഇസ്രഈല്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഒരു ‘ആന്റി മുസ്‌ലിം ഹേറ്റ് ഗ്രൂപ്പ്’ ഒരു മുസ്‌ലിം അഡ്വൊകസി ഓര്‍ഗനൈസേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് തൊഴിലാളികള്‍ക്ക് ആയിരക്കണക്കിന് ഡോളറുകള്‍ നല്‍കിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.

അമേരിക്കയിലെ പ്രൊ-ഫലസ്തീനിയന്‍ ആക്ടിവിസ്റ്റുകളെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും ജൂതരാജ്യത്തിന്റെ ഭാഗത്ത് നിന്നും കാലങ്ങളായി നടക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടും കണക്കാക്കപ്പെടുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് (സി.എ.ഐ.ആര്‍) അവരുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ റോമിന്‍ ഇഖ്ബാലിനെ പുറത്താക്കിയതായി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു ഇന്‍വെസ്റ്റിഗേറ്റീവ് പ്രൊജക്ടിന്റെ (ഐ.പി.ടി) ഭാഗമായി പ്രവര്‍ത്തിച്ചു എന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു പിരിച്ചുവിട്ടത്.

മുസ്‌ലിം വിരുദ്ധതക്ക് പേരുകേട്ട ഐ.പി.ടി, മുസ്‌ലിം കമ്യൂണിറ്റിയെ ഭീഷണിയായും തീവ്രവാദ സംഘമായും ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്‍വെസ്റ്റിഗേറ്റീവ് പ്രൊജക്ടിന്റെ ഭാഗമായിരുന്ന് അതേസമയം സി.എ.ഐ.ആറില്‍ ചാരപ്രവര്‍ത്തി നടത്തിയതിന് പിന്നാലെ മറ്റൊരാളെയും പുറത്താക്കിയിരുന്നു.

പ്രൊജക്ടിന്റെ ഭാഗമായി നാല് വര്‍ഷത്തിലധികമായി തനിക്ക് മാസം തോറും 3000 ഡോളര്‍ വീതം ലഭിച്ചിരുന്നെന്നും അമേരിക്കയിലെ ഒരു മുസ്‌ലിം പള്ളിയിലെയും പ്രമുഖ മുസ്‌ലിം നേതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തി ഇസ്രഈല്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനായിരുന്നു തുക ലഭിച്ചിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

മുന്‍ മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവ് എമേഴ്‌സണാണ് ‘ഇന്‍വെസ്റ്റീഗേറ്റീവ് പ്രൊജക്ട് ഓണ്‍ ടെററിസം’ (എ.പി.ടി) തലവന്‍. മുസ്‌ലിം തീവ്രവാദത്തെ സംബന്ധിച്ച സ്വന്തം നിഗമനങ്ങള്‍ സാധൂകരിക്കുന്നതിനായി തെളിവുകളില്‍ കൃത്രിമം കാണിച്ചതിന്റെ ചരിത്രമുള്ളയാള്‍ കൂടിയാണ് എമേഴ്‌സണ്‍.

ഇയാള്‍ ഇസ്രഈലി ഇന്റലിജന്‍സിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

ഇസ്രഈലിന്റെ മിനിസ്ട്രി ഓഫ് സ്ട്രാറ്റജിക് അഫയേഴ്‌സ് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്ത്യന്‍ സയോണിസ്റ്റ് സംഘടനക്ക് 40,000 ഡോളറുകള്‍ കൈമാറിയതായി തെളിവ് സഹിതം ഒരു ജൂയിഷ്-അമേരിക്കന്‍ മാഗസിന്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

പ്രൊ-ഫലസ്തീന്‍ ആക്ടിവിസ്റ്റുകള്‍ക്ക് മേല്‍ ‘ഇസ്‌ലാമിക തീവ്രവാദം’ എന്ന ടാഗ് ചുമത്തി അവരെ അടിച്ചമര്‍ത്താന്‍ ഇസ്രഈലിന്റെ ഭാഗത്ത് നിന്നും നടക്കുന്ന ക്യാംപെയിനുകളുടെ തുടര്‍ച്ചാണ് ഈ സംഭവങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Israel is pumping billions of dollars into US-based groups to demonize Muslims