എഡിറ്റര്‍
എഡിറ്റര്‍
പത്രപ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് അഹമ്മദ് കാസ്മിക്ക് ജാമ്യം
എഡിറ്റര്‍
Friday 19th October 2012 1:14pm

ന്യൂദല്‍ഹി: ഇസ്രായേല്‍ എംബസി ആക്രമണക്കേസില്‍ ആരോപണ വിധേയനായ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് അഹമ്മദ് കാസ്മിക്ക് ജാമ്യം.  ഏഴ് മാസത്തെ തടവിന് ശേഷമാണ് കാസ്മിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 13 നായിരുന്നു ഇന്ത്യയിലെ ഇസ്രായേല്‍ എംബസിക്ക് നേരെ ബോംബാക്രമണം നടന്നത്.
അറസ്റ്റ് ചെയ്ത് 180 ദിവസമായെങ്കിലും ഇതുവരെ കാസ്മിക്കെതിരെ കുറ്റപത്രം ചുമത്താന്‍ പോലീസിനായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി കാസ്മി സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ജാമ്യം അനുവദിച്ചത്.

Ads By Google

പ്രധാന മന്ത്രിയുടെ വസതിക്ക് സമീപം നടന്ന ബോംബാക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.  സംഭവത്തില്‍ കാസ്മിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് . മാര്‍ച്ച് 6 നായിരുന്നു കാസ്മിയുടെ അറസ്റ്റ്.

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഴിഞ്ഞ 25 വര്‍ഷമായി മാധ്യമലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് കാസ്മി. ബി.ബി.സിയ്ക്കും ദൂരദര്‍ശനും വേണ്ടി 2003 ലെ ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കാസ്മി ശ്രദ്ധേയനാകുന്നത്. അറബി, പേര്‍ഷ്യന്‍, ഉറുദു എന്നീ ഭാഷകളില്‍ പാണ്ഡിത്യമുള്ള കാസ്മി  ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍  ദൂരദര്‍ശനുവേണ്ടി പോയിരുന്നു.

ആല്‍മി സഹാറ, സഹാഫത്ത് എന്നീ പ്രമുഖ പത്രങ്ങളുടെ സ്ഥിരം കോളമിസ്റ്റായ കാസ്മി അമേരിക്കയുടെ സാമ്രാജ്യത്വ നിലപാടുകള്‍ തുറന്നുകാട്ടി ലേഖനങ്ങള്‍ എഴുതിയിരുന്നു.കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കാസ്മിയുടെ പല റിപ്പോര്‍ട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ  അറസ്റ്റില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഭാര്യ ജഹനാരയും മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.

Advertisement