എഡിറ്റര്‍
എഡിറ്റര്‍
തുര്‍ക്കി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വധം: ഇസ്രായേല്‍ മാപ്പ് പറഞ്ഞു
എഡിറ്റര്‍
Saturday 23rd March 2013 12:40am

ജെറുസലേം: ഗാസ മുനമ്പില്‍  ഭക്ഷണവും മരുന്നുകളുമായി പോയ തുര്‍ക്കി കപ്പല്‍ വ്യൂഹത്തിന് നേരെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുര്‍ക്കിയോട് മാപ്പ് പറഞ്ഞു.

Ads By Google

തുര്‍ക്കിക്ക് നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥയില്‍ ധാരണയായി. 2010 മെയ് 31 ഗാസയിലേക്ക് പോയ തുര്‍ക്കിയുടെ കപ്പല്‍ വ്യൂഹത്തിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ ഒമ്പത് തുര്‍ക്കി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ട്. 2007 ല്‍ ഗാസയില്‍ ഹമാസ് അധികരാത്തിലെത്തിയ ശേഷം ഗാസയ്ക്ക് മേല്‍ ഇസ്രായേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഉപരോധത്തിന് ശേഷം ഏറെ പരിമിതികളില്‍ കഴിഞ്ഞിരുന്ന ഗാസയിലേക്ക് സഹായവുമായി എത്തിയതായിരുന്നു ആറ് കപ്പലുകളടങ്ങുന്ന തുര്‍ക്കി ദുരിതാശ്വാസ സംഘം. ഇസ്രായേലിന്റെ ആക്രമണത്തില്‍ ലോകമെങ്ങും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആക്രമത്തിന് ശേഷം ഇസ്രായേല്‍ തുര്‍ക്കി ബന്ധവും ഏറെ വഷളായിരുന്നു. സംഭവത്തില്‍ യു.എന്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുമാനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള അനുരഞ്ജനത്തിനായി ബരാക് ഒബാമയുടെ പരിശ്രമങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. സംഭവം നടന്ന് ഇത്രനാളും മാപ്പ് ചോദിക്കാന്‍ തയ്യാറാകാതിരുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ഇപ്പോള്‍ മാപ്പ് പറഞ്ഞത് അന്താരാഷ്ട്ര തലത്തില്‍ ഏറെ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്.

Advertisement