എഡിറ്റര്‍
എഡിറ്റര്‍
കണ്ണീരില്‍ കുതിര്‍ന്ന് ഒശാന ഞായര്‍; ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടനത്തില്‍ 44 പേര്‍ മരിച്ചു
എഡിറ്റര്‍
Monday 10th April 2017 9:26am


കെയ്‌റോ: ഒശാന പെരുന്നാള്‍ ദിവസമായ ഇന്നലെ ഈജിപ്തിലെ രണ്ട് ക്രിസ്ത്യന്‍ പള്ളികളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ 44 പേര്‍ കൊല്ലപ്പെട്ടു. 120-ലേറെ പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഈജിപ്തിലുള്ള ടാന്റ നഗരത്തിലെ പള്ളിയില്‍ രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ 27 പേരാണ് മരിച്ചത്. തൊട്ടു പിനനാലെ അലക്‌സാന്‍ഡ്രിയയിലെ സെയിന്റ് മാര്‍ക്ക് പള്ളിയും സ്‌ഫോടനമുണ്ടായി. ഇതില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.

ഒരു പൊലീസുകാരിയടക്കം ഏതാനും പൊലീസുകാരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു. കുര്‍ബാന നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. അള്‍ത്താരയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. കോപ്റ്റിക്ക് ക്രൈസ്തവരുടെ പള്ളിയാണ് ആക്രമിക്കപ്പെട്ടത്. സ്‌ഫോടനത്തെ തുടര്‍ന്ന് ഈജിപ്തിലെങ്ങും സൈന്യത്തെ വിന്യസിക്കാന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്ത അല്‍ സിസി ഉത്തരവിട്ടു.


Also Read: കെ.എസ്.ആര്‍.ടി.സിയിലെ 200-ലേറെ ജീവനക്കാര്‍ സ്വകാര്യബസ് മുതലാളിമാര്‍


ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന കോപ്റ്റിക്ക് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇവിടെ വര്‍ധിച്ചിട്ടുണ്ട്. ഐ.എസ്.ഐ.എസാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍.

ഏപ്രില്‍ 28-ന് മാര്‍പ്പാപ്പ സന്ദര്‍ശിക്കാനിരുന്ന പള്ളിയാണ് സെയിന്റ് മാര്‍ക്ക് പള്ളി. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് ആക്രമണത്തിലൂടെ ഭീകരര്‍ നടത്തിയതെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Advertisement