ബ്ലാസ്റ്റേഴ്‌സിന്റെ വലകുലുക്കി ജംഷഡ്പുര്‍ എഫ്.സി; ഒരു ഗോളിന് മുന്നില്‍
ISL
ബ്ലാസ്റ്റേഴ്‌സിന്റെ വലകുലുക്കി ജംഷഡ്പുര്‍ എഫ്.സി; ഒരു ഗോളിന് മുന്നില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th December 2018, 9:04 pm

കൊച്ചി: ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ ജംഷഡ്പുര്‍ എഫ്.സിക്ക് ഒരു ഗോളിന്റെ ലീഡ്. 66ാം മിനിറ്റില്‍ കാര്‍ലോസ് സെന്റ്‌സാണ് ഒരു മനോഹര പെനാല്‍റ്റിയിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വലകുലുക്കിയത്.

ബ്ലാസ്റ്റേഴ്സ് നിരവധി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പക്ഷേ ഒന്നു പോലും ഗോളാക്കാനായില്ല. മൂന്നു ഗോളുകള്‍ക്കെങ്കിലും ലീഡു നേടേണ്ട ആദ്യപകുതിയാണ് ഗോള്‍രഹിതമായി അവസാനിച്ചത്.

 

ഏഴാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ പാസില്‍നിന്ന് സ്ലാവിസ സ്റ്റോയനോവിച്ച് പാഴാക്കിയ അവസരത്തില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ കഷ്ടകാലം തുടങ്ങിയത്. തുടര്‍ന്ന് 21ാം മിനിറ്റിലും 30ാം മിനിറ്റിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളവസരം പാഴാക്കി.

33ാം മിനിറ്റിലാണ് ജംഷഡ്പുരിന് മല്‍സരത്തിലെ സുവര്‍ണാവസരം ലഭിച്ചത്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ജെറി മാന്‍താങ്വിക്കു പന്തു ലഭിക്കുമ്പോള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. ഗോളിയെയും കബളിപ്പിച്ച് ജെറി ആളൊഴിഞ്ഞ പോസ്റ്റിലേക്കു പന്തു പായിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു.

 

അതേസമയം ജംഷഡ്പുര്‍ താരം മൈക്കല്‍ സൂസൈരാജ് 11ാം മിനിറ്റില്‍ത്തന്നെ പരുക്കേറ്റ് തിരിച്ചുകയറി. ഇരുപതുകാരന്‍ ജെറി മാന്‍താങ്വിയാണ് പകരമെത്തിയത്.

ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരേ ജയിച്ച ശേഷം ഒരു കളിപോലും ജയിക്കാനാകാതെ ഒമ്പത് മത്സരങ്ങളില്‍നിന്ന് എട്ടു പോയന്റുമായി കിതയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.