പുനെക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയം നിറയ്ക്കുമെന്ന് മഞ്ഞപ്പട; കളിജയിക്കാതെ ഞങ്ങള്‍ വരില്ലെന്ന് ആരാധകര്‍
Kerala Blasters
പുനെക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയം നിറയ്ക്കുമെന്ന് മഞ്ഞപ്പട; കളിജയിക്കാതെ ഞങ്ങള്‍ വരില്ലെന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th December 2018, 6:13 pm

കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കളി ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും മാറ്റം വരുത്തി മഞ്ഞപ്പട. മത്സരങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആരാധകരുടെ ആഹ്വാനത്തെ വിമര്‍ശിച്ച് ജര്‍മന്‍ ഇതിഹാസം ലോഥര്‍ മതേവുസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഗാലറി നിറക്കാന്‍ മഞ്ഞപ്പട ആഹ്വാനം ചെയ്തത്.

പുനെക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന ഹോം മത്സരത്തില്‍ സ്റ്റേഡിയം നിറയ്ക്കണമെന്നാണ് മഞ്ഞപ്പട ആവശ്യപ്പെട്ടിരിക്കുന്നത്. ജെംഷഡ്പൂരിനെതിരെ സമനില വഴങ്ങിയെങ്കിലും മുന്‍ മത്സരങ്ങളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

“വെറും 90 മിനുറ്റ് മാത്രം ആയുസുള്ള ആരാധകരല്ല ഞങ്ങള്‍. എല്ലാം ദിവസവും, എല്ലാ മണിക്കൂറിലും ഫുട്‌ബോള്‍ ആരാധകരാണ്. ഇന്നലെ ടീം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കഴിഞ്ഞ 312 ദിവസമായി സ്വന്തം തട്ടകത്തില്‍ നാം ജയിച്ചിട്ടില്ല എന്ന സത്യത്തില്‍ നിന്ന് ഒളിക്കാനാവില്ല. എന്നാല്‍ നമുക്ക് വെള്ളിയാഴ്ച്ച ഹോം മത്സരമുണ്ട്. തോല്‍വികള്‍ ജയമാക്കി മാറ്റാനുള്ള അവസരം. നിങ്ങള്‍ക്കായി വീണ്ടും സ്റ്റേഡിയം ഇളക്കിമറിക്കാന്‍ ഞങ്ങളുണ്ടാകും”- മഞ്ഞപ്പട ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : ഒമ്പതാം മത്സരത്തിലും ജയമില്ല; കാത്തിരിപ്പ് നീളുന്നു: ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില

എന്നാല്‍ ബഹിഷ്‌ക്കരണ തീരുമാനത്തില്‍ നിന്ന് ഒട്ടും പിറകോട്ടില്ലെന്ന അഭിപ്രായവുമായി നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ എത്തിയത്. “ഒരു രണ്ട് കളി ആധികാരികമായി ജയിക്കാതെ ഇനി കൊച്ചിയുടെ ഏഴു അയലത്തേക്കു ഇല്ലെന്നും പോകുന്നത് പണിയെടുത്തുണ്ടാക്കുന്ന പണം കൊണ്ടാണെന്നുമായിരുന്നു ഒരു ആരാധകന്റെ കമന്റ്.

“നമ്മളില്ലേ.. കളി നന്നായാല്‍ സ്റ്റേഡിയം താനെ നിറഞ്ഞോളും ഒരു പ്രൊമോഷനും വേണ്ട… (ഇന്നലെ നന്നായി കളിച്ചു…. ) ഫാന്‍സിനു കളി നന്നായി എന്നു തോന്നുന്നുവോ അന്ന് നിങ്ങള്‍ ആരും പറയാതെ ഞങ്ങള്‍ ഉണ്ടാകും. അവിടെ സ്റ്റേഡിയം ഫില്‍ ആക്കാന്‍.. ഇപ്പോ എന്തായാലും ഇല്ല”,

“ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയും കരിഞ്ചന്തയില്‍ ഇരട്ടിയായും അതിലധികവും വിലക്ക് ടിക്കറ്റ് വിറ്റിട്ടാണ് മഞ്ഞപ്പട എന്ന തെണ്ടിപ്പട പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കും ഇതൊരു ബിസിനസ്സാണ്”

“ഈ സീസണ്‍ ഏതായാലും പോക്കാണ് അടുത്ത സീസണില്‍ എങ്കിലും നല്ലൊരു ടീമിനെ വേണമെങ്കില്‍ ഇപ്പോള്‍ മുതല്‍ ശ്രമിക്കണം. ആരും സ്റ്റേഡിയത്തില്‍ പോയി കളി കാണരുത്. മാനേജ്‌മെന്റിന് ഗാലറി വരുമാനത്തില്‍ നഷ്ടം വരട്ടെ അപ്പൊ അവര്‍ക്ക് മനസ്സിലാകും. അല്ലെങ്കില്‍ അടുത്ത തവണയും ചവര്‍ ടീമിനെ ഇറക്കും. സ്റ്റേഡിയം നിറക്കാന്‍ പൊട്ടന്മാരായ ഫാന്‍സ് ഉണ്ടല്ലോ” ബ്ലാസ്റ്റേഴസിനെയും ബഹിഷ്‌ക്കരണ തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞ മഞ്ഞപ്പടയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കളി കാണാന്‍ ആരാധകര്‍ “പോകുമോ, ഇല്ലയോ” എന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം വോട്ടെടുപ്പ് തുടങ്ങിയിരുന്നു. പതിനാറായിരത്തിലധികം പേര്‍ ഈ പോളില്‍ വോട്ട് ചെയ്തു. അതില്‍ 84 ശതമാനം പേരും മത്സരം ബഹിഷ്‌കരിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

മഞ്ഞപ്പടയുടെ ബഹിഷ്‌ക്കരണ തീരുമാനത്തെ ജര്‍മന്‍ ഇതിഹാസം ലോഥര്‍ മതേവുസ് വിമര്‍ശിച്ചത്. “ഒരു മത്സരത്തില്‍ ആഗ്രഹിച്ച ഫലം എപ്പോഴും ലഭിക്കണമെന്നില്ല. ഇവിടെ മാത്രമല്ല ലോകത്ത് എല്ലായിടത്തും അങ്ങനെയാണ്. ആരാധകരുടെ പിന്തുണ എപ്പോഴും വേണം. ഇപ്പോഴുണ്ടായത് തെറ്റായ പ്രതികരണമാണെന്നും”” എന്നായിരുന്നു.

ജംഷഡ്പൂരിനെതിരായ മത്സരത്തിന് പതിനായിരത്തില്‍ താഴെ ആരാധകര്‍ മാത്രമാണ് മത്സരം കാണാനെത്തിയത്. ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പിന്തുണയ്ക്കേണ്ടെന്ന് ആരാധകര്‍ തീരുമാനിച്ചത്. ജംഷഡ്പൂരിനെതിരായ മത്സരവും സമനിലയില്‍ കലാശിച്ചിരുന്നു.