Administrator
Administrator
പഴകി ദ്രവിച്ച വീട്ടിനുള്ളിലെ സ്വപ്‌നങ്ങള്‍…
Administrator
Tuesday 13th December 2011 6:41pm

israth-jahan

മുസ്‌ലിംകള്‍ ധാരാളം അധിവസിക്കുന്ന ചേരി പ്രദേശമാണ് മഹരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബ്ര ഏരിയ. ഇവിടെയുള്ള ഒരു പഴകിയ കെട്ടിടത്തിന്റെ നാലാം നിലയിലാണ് ഇസ്രത്ത് ജഹാന്റെ കുടുംബം ഇപ്പോള്‍ ജീവിക്കുന്നത്. 2004ല്‍ ഇസ്രത്ത് കൊല്ലപ്പെട്ടതിനുശേഷമാണ് അവര്‍ ഇങ്ങോട്ട് താമസം മാറിയത്. റാഷിദ് കോംപൗണ്ടിലെ മറ്റ് വീടുകളെപ്പോലെ അതും ഒരു സാധാരണ വീടാണ്. മറ്റ് വീട്ടില്‍ എന്ത് സംഭവിക്കുന്നുവെന്ന് ഒളിഞ്ഞുനോക്കാന്‍ അവിടെ ആര്‍ക്കും സമയമില്ല. എന്നാല്‍ ഇസ്രത്തിന്റെ വീടിനെ ചുറ്റിപ്പറ്റി ഒരു നിഗൂഢത എപ്പോഴും നിലനിന്നിരുന്നു. അവിടെ എന്ത് നടക്കുന്നുവെന്ന് വീക്ഷിക്കാന്‍ ഒരുപാട് കണ്ണുകള്‍ ആ വീടിന് നേരെ നോക്കിനില്‍ക്കുന്നുണ്ട്. വീട്ടിലേക്ക് ആരെങ്കിലും വന്നാല്‍ തൊട്ടടുത്ത വീടുകളില്‍ നിന്നും പതഞ്ഞ സംസാരം കേള്‍ക്കാം.

പഴകി ദ്രവിച്ച കെട്ടിടത്തിന് മുന്നിലുള്ള അഴുക്ക് വെള്ളം മറികടന്ന് പഴകി ദ്രവിച്ച കോണിപ്പടികളിലൂടെ മുകളിലേക്ക് കയറാം. അവിടെ ചപ്പും ചവറും കൂട്ടിയിട്ട ഒരു മൂലയില്‍ വാതിലിന്റെ സ്ഥാനത്ത് പഴകിയ തുണികൊണ്ടുള്ള കര്‍ട്ടന്‍ തൂങ്ങിനില്‍ക്കുന്ന ഒരു വീട് കാണാം. അതിനുള്ളിലേക്ക് കടന്നാല്‍ നമുക്ക് ആദ്യം കാണാനാവുക ഇസ്രത്തിന്റെ 48 കാരിയായ അമ്മ ഷമീമ കൗസറിനെയാണ്. കൊല്ലപ്പെട്ട തന്റെ മകള്‍ക്ക് നീതി ലഭിക്കാത്തതില്‍ ആ മാതാവിനുള്ള ദു:ഖം കുറച്ചുസമയം അവരോട് സംസാരിച്ചാല്‍ നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.

ലക്ഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തകയാണ് 19 കാരിയായ ഇസ്രത്ത് എന്നാണ് പോലീസ് പറഞ്ഞുനടന്നത്. അവളും കൂട്ടുകാരായ പ്രാണേഷ് പിള്ളയും ജാവേദ് ഗുലാംഷെയ്ക്കും, അംജദ് അലി റാണയും സീഷന്‍ ജോഹറും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലുക എന്ന ദൗത്യമേറ്റെടുത്താണ് ഗുജറാത്തിലെത്തിയതെന്നും പോലീസ് പ്രഖ്യാപിച്ചു. അതിനുശേഷം പല ഏജന്‍സികളും മാറി മാറി അന്വേഷിച്ചു. വ്യാജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ ഈ കേസ് സി.ബി.ഐ സംഘം പുനരന്വേഷിക്കുകയാണ്.

ഇസ്രത്തും കൂട്ടുകാരും കൊല്ലപ്പെട്ടിട്ട് ഏഴ് വര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ ഇസ്രത്തിന്റെ കുടുംബത്തെ കാണാന്‍ ചില സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമെത്തി. പക്ഷെ ഇവരെല്ലാം വളരെ ശ്രദ്ധിച്ചേ ഈ വീടിന്റെ പടികള്‍ കയറിയിട്ടുള്ളൂ. ‘ ഞങ്ങളുമായി ഇടപെടാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു’ ഷമീമ പറയുന്നു. തങ്ങളുമായി ഇടപെടുന്നവര്‍ പോലീസിനെ ഭയക്കണം. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളില്‍ നിന്ന് അകലം സൂക്ഷിക്കാറുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

‘ എന്റെ മക്കള്‍ക്ക് സ്വപ്‌നങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷെ അതെന്തൊക്കെയാണെന്ന് ഞാനവരോട് ചോദിച്ചിട്ടില്ല. ആ സ്വപ്‌നങ്ങള്‍ സഫലമാക്കാനുള്ള പണം ഞങ്ങളുടെ പക്കലില്ല’

ഇസ്രത്ത് കൊല്ലപ്പെട്ടശേഷം അയല്‍വീട്ടുകാരുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചാണ് ഇവര്‍ ജീവിക്കുന്നത്. വീടിനുമുന്നില്‍ മറച്ച പഴകിയ കര്‍ട്ടനു പിന്നില്‍ ആരോടും ഒന്നും പറയാതെ ശാന്തമായി അവര്‍ ജീവിക്കുകയാണ്.

ഇസ്രത്തിന്റെ 23 കാരനായ സഹോദരന്‍ അന്‍വര്‍ ഷെയ്ക്കാണ് ഈ കുടുംബത്തിലെ ഏറ്റവും ഭാഗ്യവാന്‍. തന്റെ മൂന്ന് സഹോദരിമാര്‍ വീടിനുള്ളില്‍ കെട്ടിയിടപ്പെട്ടതുപോലെ ജീവിക്കുമ്പോള്‍ അവന് ടൗണ്‍ സ്വതന്ത്രനായി നടക്കാം. ഏഴ് മക്കളുള്ള കുടുംബമാണിത്. അതില്‍ രണ്ടാമത്തെകുട്ടിയായിരുന്നു ഇസ്രത്ത്. ഇസ്രത്തിന്റെ രണ്ട് സഹോദരിമാര്‍ വിവാഹിതരാണ്. അന്‍വറും മൂന്ന് സഹോദരികളും കുടുംബജീവിതം നയിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അവിവാഹിതരായി കഴിയുകയാണ്. ദാരിദ്ര്യവും തീവ്രവാദികളെന്ന സ്ഥാനപ്പേരും കുടുംബ ജീവിതമെന്ന അവരുടെ സ്വപ്‌നം തകര്‍ത്തുകളഞ്ഞു.

ഇസ്രത്തിനുശേഷം അവളുടെ അച്ഛന്‍ മുഹമ്മദ് ഷമിമും പോയപ്പോള്‍ അവരുടെ ജീവിതം തീര്‍ത്തും ശൂന്യമായി. മക്കളെ പുറത്തേക്ക് വിടാന്‍ ഷമിമക്ക് ഭയമാണ്. ഇസ്രത്ത് മരിച്ചശേഷം കുട്ടികളിലാരും സ്‌ക്കൂളില്‍ പോയിട്ടില്ല. ഭയവും, സാമ്പത്തിക ബുദ്ധിമുട്ടും മാനസികമായ തളര്‍ച്ചയും അവരെ പഠിപ്പ് നിര്‍ത്താന്‍ പ്രേരിപ്പിച്ചു. അന്‍വര്‍ ക്ലാസിന് പോകാതെ പത്താംക്ലാസ് പരീക്ഷയെഴുതിയിട്ടുണ്ട്.

ഈ ഏഴ് വര്‍ഷത്തിനിടയില്‍ അഞ്ച് വീടുകള്‍ കയറിയിറങ്ങിയാണ് അവര്‍ ഇന്ന് താമസിക്കുന്ന സ്ഥലത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ താമസിക്കുന്ന വീട് ഒട്ടും വൃത്തിയില്ലാത്തതാണെന്ന് അവര്‍ക്കറിയാം. പക്ഷെ ഇത്തരമൊരു വീട്ടില്‍ കഴിയാനുള്ള സാമ്പത്തികശേഷിയേ ഇസ്രത്തിന്റെ കുടുംബത്തിനുള്ളൂ. വീട്ടില്‍ അപരിചിതരാരെങ്കിലുമെത്തിയാല്‍ പെണ്‍കുട്ടികളെല്ലാം വീട്ടിനുള്ളിലുള്ള മറ്റൊരൂ കര്‍ട്ടന്റെ പിന്നില്‍ മറഞ്ഞുനില്‍ക്കും.

‘ എന്റെ മക്കള്‍ക്ക് സ്വപ്‌നങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷെ അതെന്തൊക്കെയാണെന്ന് ഞാനവരോട് ചോദിച്ചിട്ടില്ല. ആ സ്വപ്‌നങ്ങള്‍ സഫലമാക്കാനുള്ള പണം ഞങ്ങളുടെ പക്കലില്ല’ തന്റെ മക്കളെ പഠിച്ച് വലിയ നിലയിലെത്തുന്നത് സ്വപ്‌നം കണ്ട ഷമിമ പറയുന്നു.

അനുഭവിച്ച വേദനങ്ങളും പട്ടിണിയും ഷമിമയെ ഇന്നൊരു രോഗിയാക്കി. പ്രമേഹവും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവം ഹൈപ്പര്‍ടെന്‍ഷനും അവരുടെ ജീവിതത്തെ പിടികൂടിയിട്ട് കാലമേറെയായി. ചികിത്സിക്കാന്‍ അവരുടെ പക്കല്‍ പണമില്ല.

shamima-kousar

അന്‍വറിനുള്ള ഒരു ചെറിയ ജോലിയാണ് ഇന്ന് ഈ കുടുംബത്തിന്റെ ഏക ആശ്രയം. മഹാപ്പിലെ ഒരു കമ്പനിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റായി ജോലിചെയ്യുകയാണ് അന്‍വര്‍. ഇതിനൊപ്പം പാര്‍ട്ട് ടൈം ആയി കംപ്യൂട്ടര്‍ കോഴ്‌സ് ചെയ്യുന്നുണ്ട്. ‘ ഞങ്ങള്‍ ഞങ്ങളില്‍ തന്നെ ഒതുങ്ങിക്കൂടുകയാണ്. ഞങ്ങള്‍ കാരണം മറ്റുള്ളവര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാവരുത്. ഇതിനപ്പുറം ഞങ്ങളെന്താണ് ജനങ്ങളോട് പറയേണ്ടത്?’ അന്‍വര്‍ പറയുന്നു. മാസം 8,000 രൂപയാണ് അന്‍വറിന് ശമ്പളമായി ലഭിക്കുന്നത്. ഇത്‌കൊണ്ട് ജീവിച്ചുപോകുകയെന്നത് അവരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടാണ്. വാടക വീടായതിനാല്‍ വാടക നല്‍കണം, അറ്റകുറ്റപ്പണികള്‍ക്ക് പണം നല്‍കണം, കറണ്ട് ബില്ലും വാട്ടര്‍ബില്ലും അടയ്ക്കണം. ഇതിനൊക്കെ പുറമേ വീട്ടുടമസ്ഥന്‍ എപ്പോഴാണ് ഇറങ്ങിപ്പോകാന്‍ പറയുന്നത് എന്നറിയാതെ രാത്രികള്‍ കഴിച്ചുകൂട്ടുകയും വേണം.

പകല്‍ വീട്ടുജോലിയെടുത്തും എംബ്രോയിഡറിംഗ് ചെയ്തും അമ്മയും മക്കളും സമയം തള്ളിനീക്കും. പണമില്ലാത്തതിനാല്‍ തങ്ങള്‍ക്ക് ധരിക്കാനുള്ള വസ്ത്രങ്ങള്‍ തുന്നിക്കൂട്ടിയുണ്ടാക്കുന്നത് അവര്‍ തന്നെയാണ്. പഴകിയ ഒരു തയ്യല്‍ മെഷീനാണ് അവരുടെ ഇപ്പോഴത്തെ ഏറ്റവും നല്ല ഫ്രണ്ട്.

കുടുംബത്തിനുണ്ടായ ആ വലിയ ദുരന്തത്തിനുശേഷം മുംബ്ര ഫൗണ്ടേഷനിലെ റഊഫ് ലാല ഈ കുടുംബത്തിന് സഹായവും നല്‍കി കൂടെയുണ്ട്. നിയമനടപടികളുമായി മുന്നോട്ട് നീങ്ങാനുള്ള മാനസിക നിലയിലായിരുന്നില്ല ഷമിമ. ലാലയാണ് പണം ചിലവിട്ട് എല്ലാ കാര്യങ്ങളും നടത്തിയത്. വക്കീലിന്റെ പണവും, പോക്ക് വരവ് ചിലവും എല്ലാ സ്വന്തം കയ്യില്‍ നിന്നുമെടുത്തു.

മറ്റ് ചില പരിചയക്കാരും സഹായഹസ്തവുമായി മുന്നോട്ടുവന്നിരുന്നു. ഈ കേസ് വാര്‍ത്തകളില്‍ ഇടം തേടിയ സമയത്ത് മഹരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ഡപ്യൂട്ടി ചെയര്‍മാന്‍ വസന്ത് ദേവ്കറെ 1.5 ലക്ഷം രൂപയുടെ ചെക്ക് ഇവര്‍ക്ക് നല്‍കി. ഇതിനെതിരെ രാഷ്ട്രീയ രംഗത്ത് നിന്നും എതിര്‍പ്പുണ്ടായതോടെ ഷമിമ പണം തിരികെ നല്‍കി. ഇപ്പോള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുംബ്ര എം.എല്‍.എ ജിതേന്ദ്ര ആഹദ് ഈ കുടുംബത്തെ സഹായിക്കാന്‍ പിറകെ നടക്കുകയാണ്. ഇവര്‍ക്കനുകൂലമായ എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് മോഡിക്കെതിരെ പ്രചാരണ ആയുധമാക്കിയാണ് ആഹദ് നീങ്ങുന്നത്. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇസ്രത്തിന്റെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ബി.ജെ.പിക്കെതിരായ ക്യാമ്പയിനിംഗ് പ്രധാനമായും നടക്കുന്നത്.

ഇസ്രത്ത് വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തില്‍ ഷമിമയ്‌ക്കോ അന്‍വറിനോട് സഹോദരികള്‍ക്കോ യാതൊരു സംശയവുമില്ല. എന്നാല്‍ അവരുടെ മനസില്‍ ഒരു ചോദ്യം ഉത്തരം ലഭിക്കാതെ കിടക്കുകയാണ്. എന്തിനാണ് ഏറ്റുമുട്ടല്‍ നടന്നുവെന്ന് പറയുന്ന സ്ഥലത്ത് ഇസ്രത്ത് ചെന്നത്. ഇതിന് ഉത്തരം നല്‍കാന്‍ സി.ബി.ഐ അന്വേഷണത്തിന് കഴിയുമെന്ന് ഈ കുടുംബം വിശ്വസിക്കുന്നു.

കടപ്പാട്: ഓപ്പണ്‍

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

Advertisement