ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
സ്വവര്‍ഗ അനുരാഗികള്‍ സമൂഹത്തില്‍ നേരിടുന്നത് കടുത്ത വിവേചനമെന്ന് സുപ്രീം കോടതി
ന്യൂസ് ഡെസ്‌ക്
Thursday 12th July 2018 7:58pm

ന്യുദല്‍ഹി: രാജ്യത്ത് സ്വവര്‍ഗ അനുരാഗികള്‍ സമൂഹത്തില്‍ നിന്ന് നേരിടുന്നത് കടുത്ത വിവേചനമാണെന്ന് സുപ്രീം കോടതിയുടെ നീരീക്ഷണം. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന 377ാം വകുപ്പ് എടുത്തുകളഞ്ഞാല്‍ സ്വവര്‍ഗ അനുരാഗികള്‍ സമൂഹത്തില്‍ നേരിടുന്ന അപമാനത്തിന് അറുതിയാകുമെന്നും കോടതി നീരിക്ഷിച്ചു.

സ്വവര്‍ഗാനുരാഗികളോട് വര്‍ഷങ്ങളായി സമൂഹം കാണിക്കുന്ന കടുത്ത വിവേചനം അവരെ മാനസികമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും കുടുംബത്തെയും സമൂഹത്തെയും ഭയന്ന് ഇവര്‍ക്ക് സ്വന്തം ലൈംഗികത മറച്ചുവയ്ക്കേണ്ടി വരുന്നെന്നും കോടതി വാദത്തിനിടെ പറഞ്ഞു.


Also Read സ്വവര്‍ഗ്ഗാനുരാഗ വിധിയിൽ നിലപാടില്ലാതെ കേന്ദ്ര സര്‍ക്കാര്‍; തീരുമാനം കോടതിക്ക് വിട്ടു

രാജ്യത്തെ ഇടത്തരം നഗരങ്ങളിലും ഗ്രാമങ്ങളിലും ചികിത്സപോലും നല്‍കാതെ സ്വവര്‍ഗാനുരാഗികളെ മാറ്റി നിര്‍ത്തുകയാണെന്നും കോടതി നിരീക്ഷിച്ചു.

കേസിലെ വാദം ചൊവ്വാഴ്ചക്കുള്ളില്‍ തീര്‍ക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. സ്വവര്‍ഗ രതിയെ എതിര്‍ക്കുന്ന ക്രൈസ്തവ സംഘടനകള്‍ അടക്കമുള്ളവരുടെ വാദം ചൊവ്വാഴ്ചയാണ് നടക്കുക.

സ്വവര്‍ഗരതി കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പ് റദ്ദാക്കിയാല്‍ പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു.


Also Read നിങ്ങള്‍ സൂപ്പര്‍മാനാണെന്നു പറയുന്നു, എന്നാല്‍ ഒന്നും ചെയ്യുന്നുമില്ല: മാലിന്യപ്രശ്‌നത്തില്‍ ലഫ്‌നന്റ് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

നേരത്തെ 2009 ദല്‍ഹി ഹൈക്കോടതി സെക്ഷന്‍ 377 ക്രിമനല്‍ കുറ്റം അല്ലെന്ന് വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ വിധി തിരുത്തി.

‘പ്രകൃതി വിരുദ്ധ’ കുറ്റകൃത്യങ്ങളാണ് സെക്ഷന്‍ 377ന് കീഴില്‍ വരുന്നത്. സ്ത്രീകളുമായോ പുരുഷനുമായോ, മൃഗങ്ങളുമായോ ‘പ്രകൃതി വിരുദ്ധ’ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിലവില്‍ ഇന്ത്യയില്‍ ജീവപര്യന്തം തടവോ, പത്ത് വര്‍ഷം തടവും പിഴയുമോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Advertisement