'ഇപ്പോഴും നിങ്ങള്‍ പറയുമോ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന്?'; വിവിധ രാജ്യങ്ങളുടെ കൊവിഡ് കണക്കുമായി രാഹുല്‍ ഗാന്ധി
national news
'ഇപ്പോഴും നിങ്ങള്‍ പറയുമോ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന്?'; വിവിധ രാജ്യങ്ങളുടെ കൊവിഡ് കണക്കുമായി രാഹുല്‍ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Monday, 13th July 2020, 11:25 am

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ഇപ്പോള്‍ മെച്ചപ്പെട്ട നിലയിലാണോ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കൊവിഡ് രോഗികള്‍ വര്‍ധനവ് കാണിക്കുന്ന ഗ്രാഫ് പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. കൊവിഡിനെ നേരിടുന്നതില്‍ രാജ്യം മെച്ചപ്പെട്ട നിലയിലാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ദൃഢനിശ്ചയത്തോടെ രാജ്യം രോഗത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം അമേരിക്ക, ഇന്ത്യ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളുടെ കൊവിഡ് വ്യാപനത്തിന്റെ നിരക്ക് പ്രതിപാദിക്കുന്ന ഗ്രാഫ് ആണ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ലോകം ഇന്ത്യയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

‘കൊവിഡിനെതിരെയുള്ള യുദ്ധത്തില്‍ നമ്മള്‍ മികച്ച നിലയിലാണുള്ളത്. നമ്മള്‍ ദൃഢനിശ്ചയത്തോടെ തന്നെ ഇതിനെ നേരിടും. പേടിക്കേണ്ട കാര്യമില്ല,’ അമിത്ഷാ പറഞ്ഞു. ഞായറാഴ്ച കേന്ദ്ര സായുധ സേന വിഭാഗത്തിന്റെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് എവിടെയെങ്കിലും കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ മികച്ച പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിലാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ലോകത്ത് കൊവിഡ് വ്യാപനത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് യാഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 28,701 പേര്‍ക്കാണ് പുതുതായി കൊവിഡ് വ്യാപിച്ചത്. ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. രാജ്യത്ത കൊവിഡ് രോഗികളുടെ എണ്ണം ഒന്‍പത് ലക്ഷത്തിനടുത്തെത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ