കൊവിഡ്-19 വാക്‌സിന്‍ കണ്ടുപിടിച്ചോ സത്യാവസ്ഥയെന്ത് ?
ന്യൂസ് ഡെസ്‌ക്

പ്രതിരോധ മരുന്നുകള്‍ ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ടുകൂടിയാണ് കൊവിഡ്19 എന്ന വൈറസ് ലോകത്തിന് മുന്നില്‍ ഇത്ര വലിയ വെല്ലുവിളിയാകുന്നത്. അതുകൊണ്ട് തന്നെ കൊവിഡിന് വാക്‌സിനും മരുന്നും കണ്ടെത്തുന്നതിനുള്ള തീവ്രപരിശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നാല്പതോളം വാക്‌സിനുകളാണ് ലോകത്തിന്റെ പല ഭാഗത്തുമായി വികസിപ്പിക്കാന്‍ ശ്രമം നടത്തുന്നത്.

കൊവിഡിനെ പ്രതിരോധിക്കാനായി അമേരിക്ക വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കൊവിഡ് 19ന് വാക്‌സിന്‍ കണ്ടെത്തിക്കഴിഞ്ഞെന്നും ഇനി രോഗത്തെ പേടിക്കേണ്ടതില്ല എന്ന തരത്തിലുമുള്ള വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചു. പക്ഷെ യഥാര്‍ത്ഥത്തില്‍ പരീക്ഷണം മാത്രമാണ് നടന്നിട്ടുള്ളത്. ഇത് വിജയകരമാണെന്നോ കൊവിഡ് വരാതിരിക്കാനായി ഉപയോഗിക്കാന്‍ സാധിക്കുമെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ജനുവരി-12നാണ് ചൈന വൈറസിന്റെ ജനിതക ഘടന പുറത്തുവിട്ടത്. തുടര്‍ന്ന് അമേരിക്കയിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും വാക്‌സിന്‍ റിസര്‍ച്ച് സെന്ററും ബയോടെക്‌നോളജി കമ്പനിയായ മോഡേണയും ചേര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. മെസഞ്ചര്‍ റൈബോ ന്യൂക്ലിക് ആസിഡ്-1273 എന്നാണ് ഈ വാക്‌സിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി-24ന് ഇത് മനുഷ്യരില്‍ പ്രയോഗിക്കാനുള്ള അനുമതി ലഭിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും വേഗത്തില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതും മനുഷ്യരില്‍ പ്രയോഗിക്കുന്നതും. സാധാരണയായി ഒരു വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് പോലും വര്‍ഷങ്ങളെടുക്കാറുണ്ട്. ഇനി വികസിപ്പിച്ചാല്‍ പോലും അത് മൃഗങ്ങളില്‍ പരീക്ഷിച്ച് ഉറപ്പ് വരുത്തിയ ശേഷമേ മനുഷ്യരില്‍ പ്രയോഗിക്കാറുള്ളു. പക്ഷെ കൊവിഡ് ലോകവ്യാപകമായി പടര്‍ന്നുപ്പിടിക്കുകയും ആയിരക്കണക്കിന് പേരുടെ ജീവനെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ മാനദണ്ഡങ്ങളെല്ലാം മാറ്റിവെച്ച് മനുഷ്യരില്‍ പ്രയോഗിക്കാന്‍ അനുവാദം നല്‍ുകകയായിരുന്നു.

മാര്‍ച്ച് 16ന് അമേരിക്കയിലെ സിയാറ്റില്‍ 18 നും 55നും പ്രായമുള്ള 45പേരില്‍ ഈ വാക്‌സിന്‍ കുത്തിവെച്ച് പരീക്ഷണം ആരംഭിച്ചു. വാക്‌സിന്‍ പരീക്ഷണത്തിനായി ആദ്യമായി സ്വയം മുന്നോട്ടുവന്ന അമേരിക്കയിലെ ജെന്നിഫര്‍ ഹാലര്‍ എന്ന യുവതിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ലോകം ഒന്നാകെ മുന്നോട്ടുവന്നിരുന്നു. വാക്‌സിന്‍ പ്രയോഗിച്ച എല്ലാവരും തന്നെ സ്വയം പരീക്ഷണത്തിനായി മുന്നോട്ടുവരികയായിരുന്നു.

ഈ പരീക്ഷണത്തെ തുടര്‍ന്നായിരുന്നു വാക്‌സിന്‍ കണ്ടെത്തി എന്ന രീതിയിലുള്ള വ്യജവാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. പക്ഷെ കൊവിഡ്-19 വാക്‌സിന്‍ പരീക്ഷണം ഇപ്പോള്‍ അതിന്റെ പ്രാഥമികഘട്ടത്തില്‍ മാത്രമാണ് എത്തിയിട്ടുള്ളത്. ഈ പരീക്ഷണം പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും രണ്ടോ മൂന്നോ വര്‍ഷങ്ങളെടുക്കും. മാത്രമല്ല, ഇപ്പോള്‍ പ്രയോഗിച്ചു നോക്കിയിരിക്കുന്ന വാക്‌സിന്‍ പൂര്‍ണ്ണമായും ഫലപ്രദമാകുമെന്നും ഉറപ്പിച്ചു പറയാനാകില്ല. അതുകൊണ്ടാണ് ഈയൊരു പരീക്ഷണത്തിന്റെ പേരില്‍ കൊവിഡ് തടയാനുള്ള മുന്‍കരുതലുകളോ മറ്റു നടപടികളോ ഒരല്പം പോലും കുറക്കാനാകില്ലെന്ന് സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തരും ആവര്‍ത്തിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാക്‌സിനെ കൂടാതെ കൊവിഡ്-19 ബാധിച്ചവരില്‍ അത് ഭേദമാക്കുന്നതിനുള്ള മരുന്നിനുമായും ഗവേഷണം നടന്നുവരുന്നുണ്ട്. കൊവിഡ് ഭേദമാക്കാന്‍ സാധിച്ചേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്നിനെ സംബന്ധിച്ചും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. 1947ല്‍ മലേറിയക്കെതിരെ ഉപയോഗിച്ച ഈ വാക്‌സിന്‍ പക്ഷെ കൊവിഡ് ഭേദമാക്കുമെന്ന് ശാസ്ത്രലോകം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നുവരികയാണ്. ഇന്ത്യയും ഈ മരുന്ന് സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യ ഗവേഷണ കൗണ്‍സിലന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ മാത്രമേ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ രോഗികളില്‍ ഉപയോഗിക്കാനാകൂ.

ലോകാരോഗ്യസംഘടനയുടെയും രാജ്യങ്ങളുടെയും നേതൃത്വത്തില്‍ കൊവിഡാനായുള്ള മരുന്നും വാക്‌സിനും നിര്‍മ്മിക്കാനുമുള്ള കഠിനശ്രമങ്ങള്‍ നടക്കുകയാണ്. ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളെ തെറ്റായി വ്യാഖ്യാനിച്ച് മരുന്നും വാക്‌സിനും കണ്ടെത്തികഴിഞ്ഞു എന്ന നിലയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ കൊവിഡ് വ്യാപിക്കാതിരിക്കാനായി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഏറെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

സാമൂഹ്യ അകലവും വ്യക്തിത്വ ശുചിത്വ നടപടികളും കൃത്യമായി പാലിക്കലാണ് ഇപ്പോള്‍ കൊവിഡ്-19 വ്യാപനം തടയാനുള്ള മാര്‍ഗങ്ങളെന്നും അതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാനാണ് ജനങ്ങള്‍ തയ്യാറാകേണ്ടതെന്നുമാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.