വാജ്‌പേയിയല്ല മോദി; ബി.ജെ.പിയുമായി ഒരിക്കലും സഖ്യത്തിന് തയ്യാറല്ല: മോദിക്ക് സ്റ്റാലിന്റെ മറുപടി
national news
വാജ്‌പേയിയല്ല മോദി; ബി.ജെ.പിയുമായി ഒരിക്കലും സഖ്യത്തിന് തയ്യാറല്ല: മോദിക്ക് സ്റ്റാലിന്റെ മറുപടി
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 2:47 pm

 

ചെന്നൈ: ബി.ജെ.പിയുമായി ഒരിക്കലും സഖ്യത്തിന് തയ്യാറാവില്ലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. സംസ്ഥാനങ്ങളുടെ അവകാശത്തെ ചവിട്ടിമെതിക്കുന്ന കേന്ദ്രസര്‍ക്കാറുമായി ഒരു തരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“പ്രധാനമന്ത്രി നരേന്ദ്രമോദി വാജ്‌പേയി അല്ലല്ലോ. അതുകൊണ്ട് ഡി.എം.കെ ഒരിക്കലും ബി.ജെ.പിയുമായി സഖ്യം ചേരില്ല. മോദിയ്ക്കു കീഴിലുള്ള സഖ്യം ആരോഗ്യകരവുമല്ല.” സ്റ്റാലിന്‍ പറഞ്ഞു.

ബി.ജെ.പി പ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ പുതിയ പാര്‍ട്ടികളെ ബി.ജെ.പി സഖ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മോദി സംസാരിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് സ്റ്റാലിന്റെ പ്രതികരണം.

“ശക്തമായ എന്‍.ഡി.എയെന്നത് ഞങ്ങളിലുള്ള വിശ്വാസമാണ്. അത് നിര്‍ബന്ധിതമല്ല. ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഞങ്ങള്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭരിക്കാന്‍ തയ്യാറായി. ഞങ്ങള്‍ പഴയ സുഹൃത്തുക്കളുമായി ചേരും. പുതിയ പാര്‍ട്ടികള്‍ക്ക് എല്ലായ്‌പ്പോഴും സ്വാഗതം. രാഷ്ട്രീയ പ്രശ്‌നങ്ങളേക്കാള്‍ ജനങ്ങളുടെ സഖ്യമാണ് വിജയിക്കുന്ന സഖ്യം” എന്നാണ് മോദി പറഞ്ഞത്.

Also read:സെക്രട്ടറിയേറ്റു പടിക്കല്‍ നിരാഹാരമിരിക്കാന്‍ നേതാക്കന്മാരില്ല; വെട്ടിലായി ബി.ജെ.പി നേതൃത്വം

എന്നാല്‍ ഈ ഓഫര്‍ നിഷേധിച്ച സ്റ്റാലിന്‍ അത്തരമൊരു സഖ്യത്തിന് ഡി.എം.കെ തയ്യാറല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. “മറ്റു നേതൃത്വങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനങ്ങളുടെ അധികാരം മോദി അടിച്ചമര്‍ത്തുകയാണ്. അദ്ദേഹം സ്വയം വാജ്‌പേയിയുമായി താരതമ്യം ചെയ്യുന്നത് അപഹാസ്യമാണ്. ഡി.എം.കെ വാജ്‌പേയിക്ക് പിന്തുണ നല്‍കിയത് അദ്ദേഹം ഒരിക്കലും വഞ്ചനാ രാഷ്ട്രീയത്തിനുവേണ്ടി നിലകൊള്ളാത്തതിനാലാണ്.” സ്റ്റാലിന്‍ പറഞ്ഞു.