എഡിറ്റര്‍
എഡിറ്റര്‍
പെരിയാറിനെ സംരക്ഷിക്കുക! ജീവന്‍ സംരക്ഷിക്കുക; ആയിരങ്ങള്‍ അണിനിരന്ന പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് ഇറോം ശര്‍മ്മിള
എഡിറ്റര്‍
Tuesday 28th March 2017 9:14am

കൊച്ചി: പെരിയാറിനെ സംരക്ഷിക്കുക! ജീവന്‍ സംരക്ഷിക്കുക! എന്ന ആഹ്വാനവുമായി വിഷജലവിരുദ്ധ പ്രക്ഷോഭത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

പെരിയാര്‍ മലിനീകരണത്തിനെതിരെയുള്ള സമരം അന്താരാഷ്ട്ര ജലദിനമായ മാര്‍ച്ച് 22നാണ് ആരംഭിച്ചത് ഹൈക്കോടതി ജംഗ്ഷന്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന സമരത്തിന് മുപ്പതോളം സംഘടനകളാണ് പിന്തുണയര്‍പ്പിച്ച് രംഗത്തുള്ളത്.

മറൈന്‍ ഡ്രൈവിലെ പൊതുസമ്മേളനത്തിലും റാലിയിലും വന്‍ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്. പരിപാടിയുടെ സമാപന സമ്മേളനം മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള ഉദ്ഘാടനം ചെയ്തു.

കലാ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.. ‘കളക്ടീവ് ഫോര്‍ റൈറ്റ് ടു ലീവ്’ (കോറല്‍) ആണ് പ്രക്ഷോഭത്തിന്റെ മുഖ്യസംഘാടകര്‍.

കൊച്ചിയിലും പരിസരങ്ങളിലുമായി വൃക്കരോഗികളുടെയും കാന്‍സര്‍ രോഗികളുടെയും എണ്ണം വര്‍ധിക്കാന്‍ കാരണം പെരിയാറിലെ മലിനീകരണമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

കൊച്ചിയിലെ 30 ലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് പെരിയാറിലെ വെള്ളമാണ്. ഈ ജലം വ്യാവസായിക ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ കഴിയാത്തവിധം മലിനമാണെന്നും സമരക്കാര്‍ പറയുന്നു.

മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന മെര്‍ക്കുറി, നിക്കല്‍, കാഡ്മിയം, കൊബാള്‍ട്ട്, ആഴ്സെനിക് തുടങ്ങിയ ഘനലോഹങ്ങളും ഡിഡിറ്റി ഉള്‍പെടെയുള്ള കീടനാശിനികളും പെരിയാര്‍ ജലത്തില്‍ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. ഈ മാരകരാസമാലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനം വാട്ടര്‍ അതോറിറ്റിക്ക് ഇല്ലെന്നും സമരക്കാര്‍ വ്യക്തമാക്കുന്നു.

രാസമാലിന്യങ്ങള്‍ പുറന്തള്ളുന്ന പെരിയാര്‍ തീരത്തുള്ള റെഡ്കാറ്റഗറി വ്യവസായങ്ങള്‍ അടച്ചുപൂട്ടുക,ശുദ്ധമായ കുടിവെള്ളം നല്‍കാനുള്ള ബദല്‍ പമ്പിംഗ് സംവിധാനം അടിയന്തിമായി നടപ്പിലാക്കുക,പെരിയാറില്‍ അടിഞ്ഞുകൂടിയ രാസമാലിന്യം നീക്കം ചെയ്യുക, മലിനീകരണം മൂലം തൊഴിലും ഉപജീവനവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, പരമ്പരാഗത തൊഴില്‍ സമൂഹങ്ങള്‍ തുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക തുടങ്ങിയവയാണ് സമരസമിതിയുടെ ആവശ്യം.
സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ പെരിയാറില്‍ അപകടമാം വിധം മലിനീകരണം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2009 ല്‍ കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍ (സ്റ്റെക്) നടത്തിയ പഠനത്തില്‍ പെരിയാറിലെ മുഴുവന്‍ ആവാസവ്യവസ്ഥയും നശിച്ചതായാണ് കണ്ടെത്തിയത്.

Advertisement