രാഹുലിനെയും രോഹിത്തിനെയും റീപ്ലേസ് ചെയ്യാന്‍ മാത്രം ശുഭ്മന്‍ ഗില്‍ വളര്‍ന്നിട്ടില്ല: ഇര്‍ഫാന്‍ പത്താന്‍
Sports News
രാഹുലിനെയും രോഹിത്തിനെയും റീപ്ലേസ് ചെയ്യാന്‍ മാത്രം ശുഭ്മന്‍ ഗില്‍ വളര്‍ന്നിട്ടില്ല: ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd February 2023, 7:02 pm

ടി-20 ഫോര്‍മാറ്റില്‍ മിന്നും പ്രകടനം പുറത്തെടുത്ത് ക്രീസില്‍ വാഴുകയാണ് ശുഭ്മന്‍ ഗില്‍. ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ ഫൈനലില്‍ 168 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ അതില്‍ ഏറ്റവും ഉയരത്തില്‍ നിന്നത് 63 പന്തില്‍ നിന്നും പുറത്താകാതെ ശുഭ്മന്‍ ഗില്‍ സ്വന്തമാക്കിയ 126 റണ്‍സായിരുന്നു.

സമീപകാലത്ത് നടന്ന മറ്റ് മത്സരങ്ങളിലും ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി മാറാനും ഗില്ലിന് കഴിഞ്ഞിരുന്നു.

എന്നാല്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലെ ഈ പ്രകടനം കൊണ്ട് മാത്രം ഗില്ലിന് വരാന്‍ പോകുന്ന ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനാകില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ നിരീക്ഷണം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശുഭ്മന്‍ ഗില്ലിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ഇര്‍ഫാന്‍ പത്താന്‍ പങ്കുവെച്ചത്.

മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറായി ഇറങ്ങാനുള്ള നിലയിലേക്ക് ഗില്‍ എത്തിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ടെസ്റ്റില്‍ കെ.എല്‍. രാഹുലിനെയും രോഹിത് ശര്‍മയെയും റീപ്ലേസ് ചെയ്യാന്‍ മാത്രം ശുഭ്മന്‍ ഗില്‍ ഇപ്പോഴും വളര്‍ന്നിട്ടില്ലെന്നാണ് ഇര്‍ഫാന്‍ പത്താന്റെ വാക്കുകള്‍.

 

‘മൂന്നിലും അല്ല, രണ്ട് ഫോര്‍മാറ്റില്‍ മാത്രമേ നിലവില്‍ ഗില്ലിനെ ഓപ്പണറായി ഇറക്കാന്‍ കഴിയൂ. ടെസ്റ്റ് മാച്ചുകളിലേക്ക് വന്നാല്‍, വളരെ പ്രതികൂലമായ സാഹചര്യത്തില്‍ പോലും റണ്‍സ് അടിച്ചുകൂട്ടിയ രണ്ട് ബാറ്റേഴ്‌സ് നമുക്കുണ്ട്. അവര്‍ ഇംഗ്ലണ്ടില്‍ ചെന്ന് കളിച്ച് ഇന്ത്യക്കായി വിജയങ്ങള്‍ കൊയ്തവരാണ്.

കെ.എല്‍. രാഹുലും രോഹിത് ശര്‍മയും അവിടെ തന്നെയുണ്ട്. ടി-20 ഫോര്‍മാറ്റില്‍ ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ കുറച്ചധികം റണ്‍സ് സ്‌കോര്‍ ചെയ്തുവെന്ന് വെച്ച് അവര്‍ രണ്ട് പേരോടും ‘നിങ്ങളൊന്ന് മാറി നിന്ന് ഇവന് അവസരം കൊടുക്കൂ’ എന്ന് പറയാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ കുറച്ച് സ്ഥിരതയൊക്കെ വേണം,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

 

ഏകദിനത്തിലും ടി-20യിലും സ്ഥിരതായര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ശുഭ്മന്‍ ഗില്ലിന് ടെസ്റ്റില്‍ ആ വിജയം ഇതുവരെയും തുടരാനായിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ സെഞ്ച്വറി കുറിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്ലെയിങ് ഇലവനില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം ഗില്ലിന് സ്ഥാനം കിട്ടുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്. ആ അവസരം മുതലാക്കാനായാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കൂടി തന്റെ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിന് കഴിയും.

Content Highlight: Irfan Pathan says Shubhman gill can’t replace Rohit Sharma and K L Rahul in Test Cricket