ആര്‍.സി.ബി ഐ.പി.എല്‍ കിരീടം നേടിയാല്‍ ഞാന്‍ ആദ്യം ഓര്‍ക്കുക ഡിവില്ലിയേഴ്‌സിനെ ആയിരിക്കും: കോഹ്‌ലി
Cricket
ആര്‍.സി.ബി ഐ.പി.എല്‍ കിരീടം നേടിയാല്‍ ഞാന്‍ ആദ്യം ഓര്‍ക്കുക ഡിവില്ലിയേഴ്‌സിനെ ആയിരിക്കും: കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th March 2022, 5:42 pm

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം വര്‍ഷങ്ങളായി വിരാട് കോഹ്‌ലിയുടെ കൂടെ നെടുംതൂണായിരുന്ന താരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ്. സഹതാരം എന്നതിലുപരി കോഹ്‌ലിയുടെ അടുത്ത സുഹൃത്തായിരുന്നു എ.ബി.ഡി. ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണില്‍ ക്യാപ്റ്റനല്ലാതെ ആര്‍.സി.ബിക്കായി കോഹ്‌ലി കളത്തിലിറങ്ങുമ്പോല്‍ ഡിവില്ലേയേഴ്‌സിനെയാണ് ഏറ്റവും മിസ് ചെയ്യുന്നതെന്ന് പറയുകയാണ് കോഹ്‌ലി.

ബാംഗ്ലൂര്‍ ഐ.പി.എല്‍ കിരീടം നേടിയാല്‍ ഞാന്‍ ആദ്യം ഓര്‍ക്കുക എ.ബി ഡിവില്ലിയേഴ്‌സിനെയായിരിക്കും. എ.ബി.ഡി തന്റെ ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടില്ലയെന്ന് ആര്‍.സി.ബിയിലുള്ള ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും കോഹ്‌ലി പറഞ്ഞു.

‘കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ അതിനെകുറിച്ച് ചിന്തിക്കുകയായിരുന്നു. വരും സീസണുകളില്‍ ആര്‍.സി.ബിക്ക് കിരീടം നേടാന്‍ സാധിച്ചാല്‍ ഞാന്‍ അവനെകുറിച്ചോര്‍ത്ത് ഇമോഷണലാകും,’ കോഹ്‌ലി പറഞ്ഞു.

എ.ബി.ഡി പ്രത്യേക മനുഷ്യനാണ്. അവന്‍ ഇവിടെ ഞങ്ങളുടെയെല്ലാവരുടെയും ജീവിതത്തെ സ്പര്‍ശിച്ചയാളാണ്. ഡിവില്ലിയേഴ്‌സ് ആര്‍.സി.ബി വിടുന്നത് സംബന്ധിച്ച് എനിക്ക് വോയ്‌സ് നോട്ട് അയച്ചപ്പോള്‍ താന്‍ വളരെ വികാരാധീതനായെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണ്‍ വരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഐക്കണ്‍ ആയിരുന്ന എ.ബി.ഡി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചതിന് പിന്നാലെയാണ് ഐ.പി.എല്ലില്‍ നിന്നും വിടവാങ്ങിയത്. ഐ.പി.എല്ലില്‍ 184 മത്സരങ്ങള്‍ കളിച്ചിട്ടുള്ള എ.ബി.ഡി 39.71 ശരാശരിയില്‍ 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 5,162 റണ്‍സ് നേടിയിട്ടുണ്ട്.

അതേസമയം, വിരാട് കോഹ്‌ലി ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഫാഫ് ഡുപ്ലസിസ് ആര്‍.സി.ബിയുടെ പുതിയ നായകസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. എല്ലാ സീസണിലെയും പോലെ ആരാധകര്‍ ഇത്തവണയും ടീമിന്റെ പ്രകടനത്തില്‍ പ്രതീക്ഷ വെക്കുന്നുണ്ട്.

എന്നാല്‍ മാര്‍ച്ച് 27ന് പഞ്ചാബ് കിംഗ്സിനോട് നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലൂര്‍ പരാജപ്പെട്ടിരുന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പഞ്ചാബ് മറികടക്കുകയായിരുന്നു.