സൗദി അരാംകോയ്ക്കുനേരെ ആക്രമണം നടത്തിയത് ഇറാനിയന്‍ ഡ്രോണുകള്‍: രണ്ട് കാരണങ്ങളുണ്ടെന്ന് മുതിര്‍ന്ന ഇറാഖി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍
Middle East Politics
സൗദി അരാംകോയ്ക്കുനേരെ ആക്രമണം നടത്തിയത് ഇറാനിയന്‍ ഡ്രോണുകള്‍: രണ്ട് കാരണങ്ങളുണ്ടെന്ന് മുതിര്‍ന്ന ഇറാഖി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍
ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 10:47 am

 

ടെഹ്‌റാന്‍: സൗദി എണ്ണക്കിണറുകള്‍നേരെ ശനിയാഴ്ച നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാനിയന്‍ ഡ്രോണുകള്‍. തെക്കന്‍ ഇറാഖിലെ ഹഷദ് അല്‍ ഷാബി ബേസില്‍ നിന്നുള്ള ഇറാനിയന്‍ ഡ്രോണുകളാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് മുതിര്‍ന്ന ഇറാഖി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ലോകത്തെ ഏറ്റവും വലിയ എണ്ണം സംസ്‌കരണ ശാലയായ അബ്ഖൈഖ്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആഗസ്റ്റില്‍ ഹഷദ് അല്‍ ഷാബി ബേസിനുനേരെ ഇസ്രഈലി ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരമായാണ് അരാംകോയ്ക്കുനേരെ ആക്രമണം നടത്തിയത്. സൗദിയുടെ ഫണ്ടിലും സഹായത്തിലുമാണ് ഇസ്രഈല്‍ ആക്രമണം നടന്നതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഈ ആക്രമണമുണ്ടായത്: ഇറാനില്‍ നിന്നും യു.എസിനും അതിന്റെ സഖ്യരാജ്യങ്ങള്‍ക്കുമുള്ള മറ്റൊരു സന്ദേശമാണിത്. ഇറാനെതിരെ യു.എസ് ഉപരോധം തുടരുന്നിടത്തോളം കാലം മേഖലയില്‍ ആര്‍ക്കും സ്ഥിരതയുണ്ടാവില്ല. രണ്ടാമതായി ഇത് ഇസ്രഈലി ഡ്രോണ്‍ ആക്രമണത്തിനുള്ള ഇറാനിയന്‍ പ്രതികാരമാണ്.’ അദ്ദേഹം പറഞ്ഞു.

‘സൗദികളാണ് ഈ ഇസ്രഈലി ഡ്രോണ്‍ ആക്രമണത്തിന് പിന്തുണയും ധനസഹായവും നല്‍കിയത്. അക്കാരണം കൊണ്ടാണ് ആ ആക്രമണം അങ്ങേയറ്റം വിനാശകരമായത്. മുമ്പ് നടന്ന ആക്രമണങ്ങളൊക്കെ പ്രതീകാത്മകവും വളരെക്കുറച്ച് നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചവയുമായിരുന്നു.’ ഉദ്യോഗസ്ഥന്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗസ്റ്റില്‍ ഹഷദ് മിലിഷ്യയ്ക്കുനേരെ അഞ്ച് ഡ്രോണ്‍ ആക്രമണങ്ങളാണുണ്ടായത്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള കുര്‍ദിഷ് ബേസില്‍ നിന്നായിരുന്നു ആക്രമണം നടന്നത്.