കൊവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കയോട് ഒരിക്കലും സഹായം ചോദിച്ചിട്ടില്ല, ഇനി ചോദിക്കുകയുമില്ലെന്ന് ഇറാന്‍
COVID-19
കൊവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കയോട് ഒരിക്കലും സഹായം ചോദിച്ചിട്ടില്ല, ഇനി ചോദിക്കുകയുമില്ലെന്ന് ഇറാന്‍
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 9:24 am

തെഹ്‌രാന്‍: കൊവിഡ്-19 പ്രതിരോധത്തിനായി അമേരിക്കയോട് ഒരിക്കലും സഹായം തേടില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധിയാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
‘ ഈ മഹാമാരിക്കെതിരെ പോരാടാന്‍ അമേരിക്കയുടെ സഹായം ഇറാന്‍ ഒരിക്കലും ചോദിച്ചിട്ടില്ല, ചോദിക്കുകയുമില്ല, എന്നാല്‍ ഇറാനുമേല്‍ ചുമത്തിയിരിക്കുന്ന ഏകപക്ഷീയവും നിയവിരുദ്ധവുമായ എല്ലാ വിലക്കുകളും അമേരിക്ക പിന്‍വലിക്കണം,’ ഇറാന്‍ വിദേശ കാര്യമന്ത്രാലയ പ്രതിനിധി അബ്ബാസ് മൗസവി പറഞ്ഞു.

മാര്‍ച്ചില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ സഹായം വേണ്ടെന്ന് ആയത്തൊള്ള അലി ഖംനേഈയും പറഞ്ഞിരുന്നു. ഇറാനില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 3739 പേരാണ് മരിച്ചത്. 60500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്താന്‍ സാധിക്കുന്നില്ലെന്ന് ഇറാന്‍ നേരത്തെ ആരോപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം10000 ആയി. ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന മൂന്നാമത്തെ രാജ്യമാണ് അമേരിക്ക. 15887 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 13055 മരണങ്ങള്‍ നടന്ന സ്പെയിനാണ് തൊട്ടുപിന്നാലെയുള്ളത്.

അതേ സമയം ഇറ്റലിയിലും സ്പെയിനിലും കൊവിഡ് വ്യാപനത്തില്‍ കുറവു വന്നിട്ടുണ്ട്. നേരത്തെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കാനിടയുള്ളവരുടെ എണ്ണം 100000 ത്തിനും 240000 ത്തിനും ഇടയിലായിരിക്കാന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയില്‍ മരണസംഖ്യ ഏറ്റവും കൂടാനിടയുള്ള ആഴ്ചയാണിതെന്ന് നേരത്തെ അധികൃര്‍ അറിയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ