വീണ്ടും കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; പിടിച്ചെടുത്തത് കടല്‍ നിയമം ലംഘിച്ച എണ്ണക്കപ്പലെന്ന് വിശദീകരണം
Middle East
വീണ്ടും കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; പിടിച്ചെടുത്തത് കടല്‍ നിയമം ലംഘിച്ച എണ്ണക്കപ്പലെന്ന് വിശദീകരണം
ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 7:52 pm

ഇറാന്‍-അമേരിക്ക ബന്ധം സങ്കീര്‍ണമായി തുടരുന്നതിനിടെ അറബ് രാജ്യങ്ങള്‍ക്കുവേണ്ടി ഇന്ധനം കടത്തുകയായിരുന്ന വിദേശ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കടല്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്.

പേര്‍ഷ്യന്‍ ഗള്‍ഫ് കടലില്‍നിന്നും ഇന്ധനവുമായി അറബ് രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലാണ് പിടിച്ചെടുത്തതെന്ന് ഇറാന്‍ സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ച് ചില കപ്പലുകളില്‍ നിന്ന് എണ്ണ അറബ് രാജ്യങ്ങളില്‍ വിതരണം ചെയ്യാനുള്ള നീക്കത്തിനിടെയാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവിധ രാജ്യക്കാരായ ഏഴ് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ ഇറാന്‍ സൈന്യം കസ്റ്റഡിയിലെടുത്ത് ബുഷ്ഹറിലെ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നേരത്തെ ബ്രിട്ടന്റെയും യു.എ.ഇയിലെ കമ്പനിയുടെയും കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു. ഇവ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നയതന്ത്ര ശ്രമങ്ങളും തുടരുന്നതിനിടെയാണ് പുതിയ സംഭവം.

ബ്രിട്ടീഷ് ഓയില്‍ ടാങ്കര്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അന്താരാഷ്ട്ര ജലനിയമങ്ങള്‍ പാലിക്കാത്തതിനാലാണ് ടാങ്കര്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ വിശദീകരണം.

ഒരു അപകടവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ബ്രിട്ടീഷ് ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്തതെന്ന ഇറാന്റെ വാദം ബ്രിട്ടന്‍ തള്ളിയിരുന്നു. സുപ്രധാന എണ്ണ വ്യാപാര വഴിയായ സ്ട്രൈറ്റ് ഓഫ് ഹോര്‍മസ് വഴിയുള്ള യാത്ര കപ്പലുകള്‍ ഉപേക്ഷിക്കണമെന്നും ബ്രിട്ടന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇറാനിയന്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വിശദീകരണം. മത്സ്യബന്ധന ബോട്ട് അപകടം നടന്നെന്ന് സൂചന നല്‍കിയെങ്കിലും ബ്രിട്ടീഷ് കപ്പല്‍ പ്രതികരിച്ചില്ലെന്നാണ് ആരോപണം. ഇതോടെയാണ് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്.

ബ്രിട്ടീഷ് സൈന്യം ജിബ്രാള്‍ട്ടന്‍ മേഖലയില്‍ വച്ച് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. സിറിയയിലേക്ക് എണ്ണ എത്തിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ബ്രിട്ടണ്‍ അന്ന് കപ്പല്‍ പിടിച്ചെടുത്തത്. കപ്പല്‍ ഇതുവരെ ഇറാന് വിട്ടുകൊടുത്തിട്ടുമില്ല.