സി.ഐ.എയ്ക്കുവേണ്ടി ചാരപ്പണി നടത്തിയ 17 പേരെ പിടികൂടിയെന്ന് ഇറാന്‍; ചിലരെ വധിച്ചെന്നും അവകാശവാദം
Middle East Politics
സി.ഐ.എയ്ക്കുവേണ്ടി ചാരപ്പണി നടത്തിയ 17 പേരെ പിടികൂടിയെന്ന് ഇറാന്‍; ചിലരെ വധിച്ചെന്നും അവകാശവാദം
ന്യൂസ് ഡെസ്‌ക്
Monday, 22nd July 2019, 2:36 pm

 

ടെഹ്‌റാന്‍: അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ)യ്ക്കുവേണ്ടി ചാരപ്പണി നടത്തിയ 17 പേരെ പിടികൂടിയെന്ന് ഇറാന്‍. ചിലരെ വധിച്ചെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ചാരന്മാരെന്നു സംശയിക്കുന്നവരുമായി ബന്ധമുള്ള സി.ഐ.എ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും ഇറാനിയന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു.

ഇറാന്റെ ആരോപണം സംബന്ധിച്ച് സി.ഐ.എയോ യു.എസ് ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സി.ഐ.എ ചാര ശൃംഖല തകര്‍ത്തെന്ന് ജൂണില്‍ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ പ്രഖ്യാപനത്തിന് ഈ കേസുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

‘സാമ്പത്തിക, ആണവ, സൈനിക, അടിസ്ഥാന സൗകര്യ, സൈബര്‍ എന്നിവിടങ്ങളിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ് ഈ ചാരന്മാര്‍. അവിടെ നിന്നും അവര്‍ സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചിരുന്നു.’ എന്നാണ് ഇറാനിയന്‍ മന്ത്രാലയത്തിന്റെ പ്രസ്താവന.

ചിലരെ വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അര്‍ദ്ധ-ഔദ്യോഗിക മാധ്യമമായ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ടു ചെയ്തത്.

മെയ് മാസത്തില്‍ ഇറാനെതിരെ യു.എസ് പ്രഖ്യാപിച്ച ഉപരോധത്തോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്‍ ഇത്തരമൊരു അവകാശവാദവുമായി വന്നിരിക്കുന്നത്.

ജൂലൈ നാലിന് ബ്രിട്ടന്റെ റോയല്‍ മറൈന്‍സ് ഇറാനിയന്‍ ടാങ്കര്‍ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഇറാന്‍ ബ്രിട്ടീഷ് ടാങ്കറും പിടികൂടിയിരുന്നു.