ഋതുമതിയായപ്പോള്‍ അമ്മ ആദ്യം തന്നത് സെക്‌സ് എജ്യുക്കേഷനെപ്പറ്റിയുള്ള പുസ്തകം; തുറന്നു പറഞ്ഞ് ഇറ ഖാന്‍
Movie Day
ഋതുമതിയായപ്പോള്‍ അമ്മ ആദ്യം തന്നത് സെക്‌സ് എജ്യുക്കേഷനെപ്പറ്റിയുള്ള പുസ്തകം; തുറന്നു പറഞ്ഞ് ഇറ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd July 2021, 8:19 pm

മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാട് വ്യക്തമാക്കുന്ന താരപുത്രിമാരില്‍ പ്രമുഖയാണ് ആമിര്‍ ഖാന്റെ മകളായ ഇറ ഖാന്‍. മുമ്പ് വിഷാദരോഗത്തിന് അടിമയായിരുന്നു താനെന്നും നാല് വര്‍ഷത്തോളം അതിന് ചികിത്സതേടിയിരുന്നുവെന്ന ഇറ ഖാന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ മറ്റൊരു തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറ. താന്‍ ഋതുമതിയായ സമയത്ത് അമ്മ ആദ്യം നല്‍കിയത് സെക്‌സ് എജ്യുക്കേഷനെക്കുറിച്ചുള്ള ഒരു പുസ്തകമായിരുന്നുവെന്ന് പറയുകയാണ് ഇറ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇറയുടെ വെളിപ്പെടുത്തല്‍.

‘എന്റെ ശരീരത്തെ നിരീക്ഷിക്കാന്‍ ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഋതുമതിയായപ്പോള്‍ അമ്മ എനിക്ക് സെക്‌സ് എജ്യുക്കേഷന്‍ സംബന്ധിച്ച ഒരു പുസ്തകം തന്നു.

എന്നിട്ട് കണ്ണാടിയില്‍ നോക്കി എന്റെ ശരീരത്തെ നിരീക്ഷിക്കാനും പറഞ്ഞു. എന്റെ ശരീരം ഒരുപാട് മാറിയതായി മനസ്സിലാക്കിത്തരാനായിരുന്നു അതെന്ന് പിന്നീട് എനിക്ക് മനസ്സിലായി,’ ഇറ പറഞ്ഞു.

മുമ്പ് തന്റെ 14ാം വയസ്സില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട സംഭവത്തെപ്പറ്റി ഇറ നടത്തിയ തുറന്നുപറച്ചില്‍ ഏറെ ചര്‍ച്ചയായിരുന്നു. തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ തന്നെ ഒരുവര്‍ഷമെടുത്തെന്നും ഈ വിവരം പിതാവ് ആമിര്‍ ഖാനോടും അമ്മ റീന ദത്തയോടും പറഞ്ഞിരുന്നുവെന്നും ഇറ അന്ന് വെളിപ്പെടുത്തിയിരുന്നു.

തന്റെ ചെറുപ്പത്തിലായിരുന്നു മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്നും എന്നാല്‍ അത് തന്നെ മാനസികമായി ബാധിച്ചിരുന്നില്ലെന്നും ഇറ പറഞ്ഞിരുന്നു. അവര്‍ ഇപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും തങ്ങളുടേത് ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ലെന്നും ഇറ പറഞ്ഞിരുന്നു.

വേര്‍പിരിയലിന് ശേഷവും തന്നെയും സഹോദരന്‍ ജുനൈദിന്റെയും കാര്യങ്ങള്‍ നോക്കുന്നതില്‍ അവര്‍ മികവ് പുലര്‍ത്തുന്നു. മാതാപിതാക്കളുടെ വേര്‍പിരിയലില്‍ വിഷമമുണ്ടെന്ന് ചിലര്‍ പറയാറുണ്ടെന്നും എന്നാല്‍ അതൊരിക്കലും തന്നെ മുറിവേല്‍പ്പിച്ചിട്ടില്ലെന്നും ഇറ പറഞ്ഞു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Ira Khan Reveals Her Mom Gave Her A Sex Education Book When She Hit Puberty