സഞ്ജുവിനെ മാറ്റി ചഹല്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍; ട്വീറ്റുമായി രാജസ്ഥാന്‍ റോയല്‍സ്
IPL
സഞ്ജുവിനെ മാറ്റി ചഹല്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍; ട്വീറ്റുമായി രാജസ്ഥാന്‍ റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th March 2022, 4:44 pm

തങ്ങളുടെ പുതിയ ക്യാപ്റ്റനായി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ നിയമിച്ചുവെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ട്വീറ്റ് കണ്ട ആരാധകര്‍, പ്രത്യേകിച്ച് മലയാളികള്‍ ഒന്ന് അമ്പരന്നു.

രാജസ്ഥാന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും തന്നെയാണ് ട്വീറ്റ് ചെയ്തിട്ടുള്ളത് എന്ന കാര്യം ഒരിക്കല്‍ക്കൂടി ഉറപ്പിച്ചതോടെ ആരാധകര്‍ക്ക് ട്വിറ്റര്‍ ഹാക്ക് ചെയ്‌തോ അതോ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സഞ്ജുവിനെ ശരിക്കും മാറ്റിയോ എന്ന കാര്യത്തിലായി സംശയം.

എന്നാല്‍, കുറച്ചു നേരത്തെ അങ്കലാപ്പിന് ശേഷം രാജസ്ഥാന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ‘ഹാക്ക് ചെയ്ത ഹാക്കറെ’ കണ്ടെത്തി. യുസ്വേന്ദ്ര ചഹല്‍ തന്നെയായിരുന്നു അക്കൗണ്ട് കൈകാര്യം ചെയ്തതും, പുതിയ ക്യാപ്റ്റനായി തന്നെ നിയമിച്ചുവെന്ന് ‘സ്വയം’ പ്രഖ്യാപിച്ച് പോസ്റ്റിട്ട് കളിച്ചതും.

രാജസ്ഥാന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ടീം മാനേജ്‌മെന്റ് നല്‍കിയതോടെയാണ് ചഹല്‍ രാജസ്ഥാന്റെ അക്കൗണ്ട് ‘ഹാക്ക്’ ചെയ്തത്. പുതിയ ചുമതല കിട്ടിയ ശേഷം ‘ഇനി കുറച്ച് ഫണ്‍ ആവാം’ എന്ന മട്ടിലായിരുന്നു താരം ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്വയം അവരോധിച്ചത്.

‘മീറ്റ് ന്യൂ ആര്‍.ആര്‍ ക്യാപ്റ്റന്‍’ എന്ന ക്യാപ്ഷനോടെയാണ് ചഹല്‍ സ്വന്തം ഫോട്ടോ പങ്കുവെച്ചത്. രാജസ്ഥാന്റെ യഥാര്‍ത്ഥ നായകന്‍ സഞ്ജു സാംസണടക്കം താരത്തിന് ആശംസയുമായെത്തിയിരുന്നു.

2014 മുതല്‍ ബെംഗളൂരുവിന്റെ ഭാഗമായിരുന്ന ചഹലിനെ ടീം നിലനിര്‍ത്തിയിരുന്നില്ല. ഇതോടെയാണ് ചഹല്‍ മെഗാലേലത്തിന്റെ ഭാഗമായതും, 6.5 കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തിയതും.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരുവനാണ് ചഹല്‍. ബെംഗളൂരുവിന് വേണ്ടിയായിരുന്നു താരം ഐ.പി.എല്ലിലെ തന്റെ മികച്ച പ്രകടനങ്ങളെല്ലാം തന്നെ പുറത്തെടുത്തത്.

ഐ.പി.എല്‍ കരിയറില്‍ ആകെ 114 മത്സരങ്ങള്‍ കളിച്ച താരം 7.59 എക്കോണമിയില്‍ 139 വിക്കറ്റുകളും നേടിയിരുന്നു.

മലിംഗയുടെ ശിക്ഷണത്തില്‍ രാജസ്ഥാന്റെ പേസ് നിര പടയ്‌ക്കൊരുങ്ങുമ്പോള്‍, ചഹലിനും അശ്വിനുമാണ് എതിരാളികളെ കറക്കി വീഴ്ത്താനുള്ള ചുമതല.

മാര്‍ച്ച് 29നാണ് രാജസ്ഥാന്റെ ഐ.പി.എല്ലിലെ ആദ്യ മത്സരം. സണ്‍റൈസേഴ്‌സാണ് ആദ്യമത്സരത്തിലെ എതിരാളികള്‍.

Content Highlight: IPL 2022: Yuzvendra Chahal Hacks Rajasthan Royals’ Twitter Account; Announces Himself As The New RR Captain