ഐ.പി.എല്‍ 2022 അതിന്റെ അവസാന ഘട്ടത്തിലേക്കെത്തിക്കഴിഞ്ഞു. കേവലം നാല് മത്സരമകലെ ഈ സീസണിലെ ചാമ്പ്യന്മാരെ കാത്ത് കിരീടവുമിരിക്കുന്നു. പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാരാണ് പ്ലേ ഓഫില്‍ കിരീടത്തിനായി മാറ്റുരയ്ക്കുക.
മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനേയും സംബന്ധിച്ച് സീസണ് പരിതാപകരമായിരുന്നു. പോയിന്റ് പട്ടികയിലെ പത്താം സ്ഥാനാക്കാരായി മുംബൈ സീസണ് അവസാനിപ്പിച്ചപ്പോള്‍, ഒമ്പതാമതായിട്ടായിരുന്നു ചെന്നൈ ഐ.പി.എല്ലിനോട് വിട പറഞ്ഞത്.
എന്നാലിപ്പോള്‍, ഐ.പി.എല്‍ 2022ന്റെ മറ്റൊരു പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സാകട്ടെ ടോപ്പ് ഫൈവിലും ഉണ്ട് താനും.
ഫെയര്‍പ്ലേയുടെ കാര്യത്തിലാണ് മറ്റ് ടീമുകളെ പിന്തള്ളി ചെന്നൈ ഒന്നാമതെത്തിയിരിക്കുന്നത്. 14 മത്സരത്തില്‍ നിന്നും 10 ആവറേജില്‍ 140 പോയിന്റ് സ്വന്തമാക്കിയാണ് ചെന്നൈ ഫെയര്‍ പ്ലേയില്‍ ഒന്നാമതെത്തിയിരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിന് പുറമെ, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാന് റോയല്‍സ് എന്നിവര്‍ക്കും 14 കളിയില്‍ നിന്നും 10 ആവറേജില്‍ 140 പോയിന്റുണ്ട്.
ഇവര്‍ക്ക് പിന്നിലായിട്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്ഥാനം. യഥാര്‍ത്ഥ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണെങ്കിലും ഫെയര്പ്ലേയില് ഒന്നാം സ്ഥാനക്കാര്‍ക്ക് തൊട്ടുപിന്നാലെയാണ് മുംബൈ.
14 മത്സരത്തില്‍ നിന്നും 9.93 ആവറേജില്‍ 139 പോയിന്റാണ് മുംബൈയ്ക്കുള്ളത്.
റോയല്‍ ചാലഞ്ചേഴ്സ് (136) സണ്‍റൈസേഴ്സ് ഹൈദരാബാദ് (136) ദല്‍ഹി ക്യാപ്പിറ്റല്‍സ് (128) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ പോയിന്റ് നില.
അതേസമയം, ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും. ആദ്യ ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന് റോയല്‍സിനെ നേരിടും. ജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലിലെത്താം.