ഇലവനല്ല, ഫിഫ്റ്റീന്‍; 11 താരങ്ങള്‍ക്കു പകരം ഇനി ഒരു ഐ.പി.എല്‍ മത്സരത്തിന് 15 പേര്‍?; തീരുമാനം നാളെയുണ്ടാകും
IPL
ഇലവനല്ല, ഫിഫ്റ്റീന്‍; 11 താരങ്ങള്‍ക്കു പകരം ഇനി ഒരു ഐ.പി.എല്‍ മത്സരത്തിന് 15 പേര്‍?; തീരുമാനം നാളെയുണ്ടാകും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th November 2019, 9:41 pm

ന്യൂദല്‍ഹി: ട്വന്റി20 ക്രിക്കറ്റിനെ മാറ്റിമറിച്ച ഐ.പി.എല്ലിന്റെ അടുത്ത സീസണ്‍ മുതല്‍ ‘പവര്‍ പ്ലെയര്‍’ ഏര്‍പ്പെടുത്താനൊരുങ്ങി ബി.സി.സി.ഐ. ഒരു മത്സരത്തിന്റെ ഏതു ഘട്ടത്തിലും ഒരു താരത്തെ പകരക്കാരനായി ഇറക്കാനാകുമെന്നതാണ് പവര്‍ പ്ലെയറിന്റെ ഗുണം.

ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥനാണ് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് ഇക്കാര്യം പറഞ്ഞത്. ഈ സങ്കല്‍പ്പം ഇതോടകം തന്നെ അംഗീകരിക്കപ്പെട്ടെന്നും എന്നാല്‍ ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലില്‍ക്കൂടി ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

നാളെയാണ് മുംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്ത് ഗവേണിങ് കൗണ്‍സില്‍ ചേരുക. നാളെത്തന്നെ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു മത്സരത്തിനായി 15 അംഗ ടീമിനെ തെരഞ്ഞെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കളിക്കിടെ ഏതെങ്കിലും വിക്കറ്റ് വീഴുമ്പോഴോ, ഏതെങ്കിലും ഓവര്‍ അവസാനിക്കുമ്പോഴോ പകരക്കാരനായി ഈ 15 അംഗ ടീമില്‍ നിന്ന് ഒരാളെ കളിപ്പിക്കാനാവും. ഇതോടെ പ്ലെയിങ് ഇലവന്‍ എന്ന പേര് അപ്രസക്തമാകും.

ഉടന്‍ നടക്കാന്‍ പോകുന്ന മുഷ്താഖ് അലി ട്രോഫിയിലാകും ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക. ഇതെങ്ങെയാണ് കളിക്കളത്തില്‍ പ്രയോജനപ്പെടുക എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥന്‍ പറയുന്നതിങ്ങനെ-

‘നിങ്ങള്‍ക്ക് അവസാന ആറ് പന്തില്‍ നിന്ന് 20 റണ്‍സ് വേണമെന്നു വിചാരിക്കുക. അപ്പോള്‍ ഡഗ് ഔട്ടില്‍ ആന്ദ്രേ റസ്സലുണ്ടെന്നു വിചാരിക്കുക. അതേസമയം അദ്ദേഹം ആദ്യ ഇലവന്റെ ഭാഗമല്ലെന്നും വിചാരിക്കുക. പക്ഷേ 15 അംഗ ടീമില്‍ പേരുണ്ടെങ്കില്‍ അദ്ദേഹത്തിനു കളിക്കാനിറങ്ങാം.’