ഐ.പി.എല്‍ 2019; ഈ സീസണില്‍ ധോണിയെ കാത്ത് മൂന്ന് റെക്കോഡുകള്‍
IPL 2019
ഐ.പി.എല്‍ 2019; ഈ സീസണില്‍ ധോണിയെ കാത്ത് മൂന്ന് റെക്കോഡുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th February 2019, 8:31 pm

മുംബൈ: ഐ.പി.എല്‍ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ കാത്തിരിക്കുന്നത് മൂന്ന് റെക്കോഡുകള്‍. മികച്ച ഫോമിലുള്ള ധോണി ഐ.പി.എല്ലിലും ഫോം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഐ.പി.എല്ലില്‍ 200 സിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡിന് ഏറ്റവും അടുത്താണ് ധോണി. ധോണിയ്ക്ക് ഇതുവരെ 186 സിക്‌സാണുള്ളത്. ചെന്നൈയിലെ സഹതാരം സുരേഷ് റെയ്‌ന 185 സിക്‌സുമായി രണ്ടാമതും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ 184 സിക്‌സുമായി മൂന്നാമതുമുള്ളതാണ് ഈ പട്ടികയെ ആവേശത്തിലാഴ്ത്തുന്നത്.

മൂന്നുപേര്‍ക്കും ഐ.പി.എല്ലില്‍ മികച്ച റെക്കോഡാണുള്ളത്. 292 സിക്‌സുമായി പട്ടികയില്‍ മുന്നില്‍ ക്രിസ് ഗെയ്‌ലാണ്.

ALSO READ: തന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ഇനിയും സഹിച്ച് മുന്നോട്ടുപോകാനാകില്ല; മഞ്ഞപ്പടയ്‌ക്കെതിരെ തുറന്നടിച്ച് സി.കെ വിനീത്

വിക്കറ്റിന് പിന്നില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ താരം എന്ന റെക്കോഡാണ് പട്ടികയില്‍ രണ്ടാമത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേഷ് കാര്‍ത്തിക്കിന് പിന്നില്‍ രണ്ടാമതുള്ള ധോണി ഈ സീസണില്‍ ഒന്നാമതെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കാര്‍ത്തിക് 124 പേരെ പുറത്താക്കിയപ്പോള്‍ ധോണി 116 പേരെ പുറത്താക്കി.

നായകനെന്ന നിലയില്‍ 100 വിജയം എന്ന റെക്കോഡാണ് ധോണിയെ കാത്തിരിക്കുന്ന മറ്റൊന്ന്. ചെന്നൈയ്ക്കായി 159 മത്സരങ്ങളില്‍ 94 വിജയങ്ങളാണ് ധോണി സമ്മാനിച്ചത്. ആറ് വിജയങ്ങള്‍ കൂടി നേടിയാല്‍ വിജയങ്ങളുടെ സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടം ആദ്യം സ്വന്തമാക്കുന്ന താരമാകും ധോണി.

WATCH THIS VIDEO: