എഡിറ്റര്‍
എഡിറ്റര്‍
കുട്ടി ക്രിക്കറ്റിന്റെ പൂരത്തിന് കൊടിയേറുമ്പോള്‍; ടീമുകളുടെ കരുത്തും ദൗര്‍ബല്യങ്ങളും
എഡിറ്റര്‍
Wednesday 5th April 2017 12:12am

ടെസ്റ്റിന്റെ വെള്ളയില്‍ നിന്നും ട്വന്റി-20 യുടെ നിറക്കാഴ്ച്ചകളിലേക്ക് കടക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ഐ.പി.എല്ലിന്റെ പത്താം സീസണിന് നാളെ ഹൈദരാബാദില്‍ തുടക്കം കുറിക്കും. കഴിഞ്ഞ സീസണിലെ കലാശപോരാളികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം.

ഐ.പി.എല്‍ രാവിന് തിരി തെളിയും മുമ്പ് ഓരേ ടീമിന്റേയും കരുത്തും പോരായ്മയും പരിശോധിക്കാം.

സണ്‍റൈസെഴ്‌സ് ഹൈദരാബാദ്

കരുത്ത്

ബൗളിംഗ്, കൃത്യമായി പറഞ്ഞാല്‍ പേസ് ബൗളിംഗാണ് ടീമിന്റെ കരുത്ത്. പോയ വര്‍ഷത്തെ കിരീടം ഹൈദരാബാദിലെത്തിയത് ബൗളര്‍മാരുടെ തോളിലേറിയാണ്. ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍, ബരീന്ദര്‍ സ്രാന്‍ എന്നീ താരങ്ങളാണ് ബൗളിംഗ് നിരയെ നയിക്കുന്നത്. കൂട്ടായി ക്രിസ് ജോര്‍ദാനും മുഹമ്മദ് സിറാജും സി്ദ്ധാര്‍ത്ഥ് കൗളും എത്തുന്നതോടെ കരുത്ത് പതിന്മടങ്ങാകും. മുഷ്ഫിഖൂര്‍ റഹീം കൂടി എത്തിയാല്‍ ടീമിന്റെ ആക്രമണ നിരയെ തളയ്ക്കുക അപ്രാഭ്യമായി തീരും.

ദൗര്‍ബല്യം

ബാറ്റിംഗാണ് ടീമിന് തലവേദനയാവുക. യുവരാജ് സിംഗിന്റെ ഫോം പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ചരിത്രം ടീമിനൊപ്പമല്ല. യുവരാജിനു പുറമെ കെയ്ന്‍ വില്യംസണ്‍, ശിഖര്‍ ധവാന്‍, നായകന്‍ ഡേവിഡ് വാര്‍ണര്‍, ഔള്‍ റൗണ്ടര്‍ കൂടിയായ ദീപക് ഹൂഡ, മൊയിസെസ് ഹെന്റിക്വസസ്, ബെന്‍ കട്ടിംഗ് എല്ലാവരും പേപ്പറില്‍ ഭീകരരാണെങ്കിലും കളത്തില്‍ നിഴലുകള്‍ മാത്രമാണ്. ധവാന്റേയും വാര്‍ണറുടേയും ഫോം പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും നാലു വിദേശ താരങ്ങള്‍ എന്ന പരിധി ടീം ഇലവന്‍ നിശ്ചയിക്കുമ്പോള്‍ ടീമിന് വെല്ലുവിളിയാകും.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

കരുത്ത്

പരുക്കിന്റെ നിഴലിലാണെങ്കിലും ബാറ്റിംഗ് തന്നെയാണ ്ടീമിന്റെ കരുത്ത്. കഴിഞ്ഞ സീസണിലെ ഫോം തുടരുക മാത്രമാണ് ടീമിന് ആവശ്യം.

ദൗര്‍ബല്യം

പരുക്കും ബൗളിംഗുമാണ് ടീമിന് വെല്ലുവിളിയാകുന്നത്. കെ.എല്‍ രാഹുല്‍ പരുക്കു മൂലം പുറത്താണ്. സര്‍ഫറാസ് ഖാനും പരുക്കു മൂലം കളിക്കാന്‍ സാധ്യതയില്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തോളെല്ലിന് ഏറ്റ പരുക്കില്‍ നിന്നും ഇതുവരേയും മോചിതനായിട്ടില്ല. ആദ്യ കളികളില്‍ നിന്നും കരുത്തനായ എബി ഡി വില്യേഴ്‌സും വിട്ടു നില്‍ക്കുന്നു. ടീമിന്റെ ഉത്തരവാദിത്വം മുഴുവന്‍ ക്രിസ് ഗെയ്ല്‍, ഷെയ്ന്‍ വാട്‌സണ്‍, മന്ദീപ് സിംഗ് എന്നിവരിലാണ്. ബൗളിംഗും ടീമിന് തലവേദന തന്നെയാണ്. തൈമല്‍ മില്ലിസും യുസ് വേന്ദ്ര ചാഹലുമുണ്ടെങ്കിലും റണ്‍സ് വിട്ടു കൊടുക്കാന്‍ പിശുക്കനായ ഒരു ബൗളറുടെ കുറവ് വലിയ വിടവു തന്നെയാണ്.

ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്

കരുത്ത്

ഐ.പി.എല്ലിലെ ഏറ്റവും സന്തുലിതമായ ടീമാണ്് ഡെയര്‍ഡെവിള്‍സ്. കാഗിസോ റബാഡയും ഒപ്പം പാറ്റ് കുമ്മിന്‍സും മുഹമ്മദ് ഷമിയും സഹീര്‍ ഖാനും ക്രിസ് മോറിസും അമിത് മിശ്രയും ഷഹ്ബാസ് നദീമും ജയന്ത് നദീമും ആകുന്നതോടെ കാര്യങ്ങള്‍ ഭദ്രമാണ്. കിരീടത്തിലേക്ക് മുന്നേറാനുള്ള കോപ്പ് അവരുടെ വെടിപ്പുരയില്‍ ഉണ്ട്.

ദൗര്‍ബല്യം

ജെ.പി ഡുമിനിയും ക്വിന്റണ്‍ ഡി കോക്കും ടീമിലില്ലാത്തത് പ്രതിസന്ധിയാണ്. കൂടാതെ ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസും ആദ്യത്തെ കളികള്‍ക്കുണ്ടാകില്ലെന്നതും ടീമിനെ ബാധിക്കും.

ഗുജറാത്ത് ലയണ്‍സ്

കരുത്ത്

സുരേഷ് റെയ്‌ന, ബ്രണ്ടന്‍ മക്കല്ലം, ആരോണ്‍ ഫിഞ്ച്, ഡ്വയന്‍ സ്മിത്ത്, ദിനേശ് കാര്‍ത്തിക്, ജെയ്‌സണ്‍ റോയി ഈ ബാറ്റിംഗ് നിരയാണ് ടീമിന്റെ കരുത്ത്. പേരെടുത്ത വിദേശ പേസറില്ലെങ്കിലും തദ്ദേശീയരായ പ്രവീണ്‍ കുമാറും ധവല്‍ കുല്‍ക്കര്‍ണിയും ശിവില്‍ കൗഷിക്കും ആ റോള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്.


Also Read: ഐ.പി.എല്‍; കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് നാളെ കൊടിയേറ്റം; പൂരക്കാഴ്ചകളിലേക്ക് തിരിഞ്ഞുനോട്ടം


ദൗര്‍ബല്യം

മധ്യനിരയിലാണ് ടീമിന്റെ ശക്തി ക്ഷയിക്കുന്നത്. പരുക്കു കാരണം ഡ്വയെന്‍ ബ്രാവോയും ടെസ്റ്റിന്റെ ക്ഷീണം തീര്‍ക്കാന്‍ രവീന്ദ്ര ജഡേജയും പുറത്തിരിക്കുന്നതോടെ ടീമിന്റെ തുടക്കം പാളാന്‍ സാധ്യതയുണ്ട്. ബാറ്റു കൊണ്ടും പന്തു കൊണ്ടും ഒരുപോലെ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിയുന്ന രണ്ടു പേരെയാണ് ടീമിന് നഷ്ടമാവുക.

മുംബൈ ഇന്ത്യന്‍സ്

കരുത്ത്

ബാറ്റിംഗ് മുംബൈക്കാര്‍ക്ക് ഒരു പ്രശ്‌നമേയല്ല. പരുക്കില്‍ നിന്നും മടങ്ങി വരുന്ന നായകന്‍ രോഹിത് ശര്‍മ്മയും അമ്പാട്ടി റായിഡുവും ലെന്‍ഡന്‍ സിമ്മണ്‍സും ജോസ് ഭട്‌ലറും കീറോണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്മാരും പാര്‍ത്ഥീവ് പട്ടേലും സിദ്ദേഷ് ലാഡുമെല്ലാം തകര്‍ക്കുമെന്ന് സംശയമില്ലാതെ പറയാം. ലസിത് മലിംഗ, ജസ്പ്രീത് ബുംറ, മിച്ചല്‍ മഗ്‌ലെനഗന്‍, മിച്ചല്‍ ജോണ്‍സണ്‍, വിനയ് കുമാര്‍ പിന്നെ ഹര്‍ഭജനും ചേരുന്നതോടെ ബൗളിംഗ് വൈവിധ്യം നിറഞ്ഞതാകുന്നു.

ദൗര്‍ബല്യം

താരങ്ങളേക്കാള്‍ ഭാഗ്യമാണ് ടീമിന് വില്ലനാവുന്നത്. പതിയെയാണ് ടീം തുടങ്ങുക. ആദ്യ അഞ്ചു മത്സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ടീം ഫോമിലേയ്ക്ക് എത്തൂ എന്നത് തടയാകും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കരുത്ത്

എട്ടു ടീമുകളില്‍ സന്തുലിതമായ മറ്റൊരു ടീമാണ് കെ.കെ.ആര്‍. ആന്ദ്രേ റസലിന്റെ സേവനം നഷ്ടമാവുമെങ്കിലും ക്രിസ് വോക്‌സ്, ട്രെന്റ് ബോള്‍ട്ട്, നഥാന്‍ കോട്ടര്‍നീല്‍ എന്നിവരെ ടീമിലെത്തിച്ചതോടെ ടീമിന്റെ പേസ് നിര ശക്തമായിട്ടുണ്ട്.

പരിചയ സമ്പന്നതയാണ് ടീമിന്റെ ബാറ്റിംഗ് നിരയുടെ കരുത്ത്. നായകന്‍ ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, യൂസുഫ് പത്താന്‍, ക്രിസ് ലിന്‍, പിന്നെ സുര്യകുമാര്‍ യാദവ് എല്ലാവരും ടീമിനു വേണ്ടി നിര്‍ണ്ണായക ഇന്നിംഗ്‌സുകള്‍ പുറത്തെടുത്തവരാണ്. ഷാക്കിബ് അല്‍ ഹസന്‍ ഇന്നത്തെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാണ്. സുനില്‍ നരെയ്ന്‍ നയിക്കുന്ന സ്പിന്‍ നിര അപകടകാരികളുടേതാണ്. പിയുഷ് ചൗളയും കുല്‍ദീപ് യാദവും നരെയ്‌ന് മികച്ച പിന്തുണയാണ് നല്‍കുന്നത്.

ദൗര്‍ബല്യം

ഉമേഷ് യാദവിന്റെ വിടവ് നികത്താന്‍ കൊല്‍ക്കത്തയ്ക്ക് നന്നായി പാടുപെടേണ്ടി വരും. വലിയ അടികള്‍ക്കും തീപാറും പന്തുകള്‍ക്കും പേരുകേട്ട റസലിനേയും ടീം നന്നായി മിസ് ചെയ്യും.


Don’t Miss: സഞ്ജയ് യാദവ് എന്ന ഐ.പി.എല്ലിലെ ‘രഹസ്യായുധം’; നിറം പിടിക്കുന്നത് മകനു വേണ്ടി നാടുവിട്ട കൂലിപ്പണിക്കാരനായ ഒരച്ഛന്റെ സ്വപ്‌നങ്ങള്‍ക്ക്


റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ്

കരുത്ത്

നിസ്സംശയം, ബാറ്റിംഗ്. സ്റ്റീവ് സ്മിത്ത്, ഫാഫ് ഡുപ്ലെസിസ്, അജിന്‍ക്യാ രഹാനെ, ബെന്‍ സ്റ്റോക്കസ്, പിന്നെ സാക്ഷാല്‍ എം.എസ് ധോണിയും. ഇതിലും മികച്ചൊരു ബാറ്റിംഗ് നിര സ്വപ്‌നങ്ങളില്‍ മാത്രം.

ദൗര്‍ബല്യം

നിസ്സംശയം, ബൗളിംഗ്. അശ്വിന്റെ അഭാവം, പിന്നേയും പരുക്കു തന്നെ വില്ലന്‍. കഴിഞ്ഞ സീസണില്‍ തന്റെ പ്രതിഭയ്‌ക്കൊത്ത്് ഉയരാന്‍ അശ്വിന് സാധിച്ചില്ലെങ്കിലും കാത്തത് ആദം സാമ്പയായിരുന്നു. ഇത്തവണയും സാമ്പയിലാണ് പ്രതീക്ഷ. ഇമ്രാം താഹിറും ചേരുമ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. പക്ഷെ ബെന്‍ സ്റ്റോക്ക്‌സ് എങ്ങനെ കളിക്കുന്നു എന്നിടത്താണ് ടീമിന്റെ ബൗളിംഗ് നിരയുടെ തലവരയിരിക്കുന്നത്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

കരുത്ത്

വെടിക്കെട്ടിനു പേരുകേട്ട ഒരുപാടുപേര്‍ ടീമിലുണ്ട്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇയാന്‍ മോര്‍ഗണ്‍, ഡേവിഡ് മില്ലര്‍. മാര്‍ക്കസ് സ്‌റ്റോയ്‌നിസും ഡാരന്‍ സമിയും ചേരുന്നതോടെ ഓള്‍ റൗണ്ട് നിരയും ഭദ്രം. മനന്‍ വോറയും വൃഥിമാന്‍ സാഹയും നയിക്കുന്ന മുന്നേറ്റ നിര. കീരിട പോരാട്ടത്തിനുള്ള കോമ്പിനേഷന്‍ കൃത്യമാണ്.

ദൗര്‍ബല്യം

സന്ദീപ് ശര്‍മ്മയും മോഹിത് ശര്‍മ്മയുമായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ ബൗളിംഗ് കരുത്ത്. ഒരു വിദേശ പേസറുടെ അഭാവം ടീമിനെ നന്നായി അലട്ടുന്നുണ്ട്. ലീഡ് സ്പിന്നറായി അക്‌സര്‍ പട്ടേല്‍ ഉയരുമെങ്കിലും സമ്മര്‍ദ്ദഘട്ടങ്ങളില്‍ പൂനെയ്‌ക്കെതിരായ മത്സരത്തിലടക്കം നാം കണ്ടതാണ്.

Advertisement