വയനാട്ടില്‍ ലഹരി പാര്‍ട്ടി; ടി.പി. വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയില്‍
Kerala News
വയനാട്ടില്‍ ലഹരി പാര്‍ട്ടി; ടി.പി. വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th January 2022, 10:33 am

കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടി.പി. വധകേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്.

ടി.പി. വധക്കേസില്‍ ജയിലിലായിരുന്ന മനോജ് പരോളില്‍ കഴിയുന്നതിനിടെയാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.

പ്രതികളില്‍ നിന്ന് കഞ്ചാവ്, എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് കണ്ടെത്തിയതായാണ് വിവരം. റിസോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രദേശത്ത് ഷാഡോ പൊലീസിനെ വിന്യസിക്കുകയും പരിശോധനയ്ക്ക് ശേഷം മയക്ക്മരുന്ന് പിടികൂടുകയുമായിരുന്നു.

ക്വട്ടേഷന്‍ സംഘാംഗമായ മുഹ്‌സിന്റെ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പാര്‍ട്ടിയായിരുന്നു നടന്നതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ഗോവയില്‍ നിന്നുള്ള 60പേര്‍ക്ക് എം.ഡി.എം.എ നല്‍കാന്‍ ഇവര്‍ ശ്രമം നടത്തിയെന്നും പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നിലവില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Intoxication party in Wayanad;  TP  murder case defendant Kirmani Manoj arrested